ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Tuesday, November 16, 2010

പരലോകത്തു നിന്നൊരു ഫോണ്‍ വിളി!

കേള്‍ക്കുമ്പോള്‍ വെറും നുണയാണെന്നു തോന്നും എന്നാല്‍ സംഭവംനടന്നതു്‌ ഇങ്ങനെയാണു്‌.
കുറച്ചു്‌ തിരക്കുള്ള ദിവസമായിരുന്നു. ഏതോചില ഷൂട്ടിങ്ങിന്റെ കാര്യങ്ങള്‍ സംസാരിക്കാനും തീയതി നിശ്ചയിക്കാനുമായി ഒരു സുഹൃത്തു്‌ ഉച്ചയോടെ ഓഫീസില്‍ വന്നു.ഒരു ചൂടുള്ളവാര്‍ത്തയുമായിട്ടായിരുന്നു ഇഷ്ടന്റെ വരവു്‌...

'പട്ടേലിന്റെ കാര്യം അറിഞ്ഞില്ലേ ?'
'ഇല്ല.'
'മരിച്ചുപോയി.. '
'എപ്പോള്‍..?'
'ഇന്നു്‌ രാവിലെ 7 മണിക്കു്‌. '
'ഞാന്‍ അറിഞ്ഞില്ല. എന്തായിരുന്നു.. ഹാര്‍ട്ടോ മറ്റോ ആണോ ?'
'ആണെന്നാ തോന്നുന്നതു്‌. വീട്ടില്‍വച്ചാ മരണംനടന്നതെന്നു്‌ പറയുന്നു..സമയക്കുറവു്‌ കാരണം ഞാന്‍അങ്ങോട്ടു്‌ പോയില്ല. വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മനോഹരനാണു്‌ പറഞ്ഞതു്‌.'

'നേരാണോ ? ' എന്റെ സംശയം തീര്‍ന്നില്ല!
'സംഗതി നേരുതന്നെ. മറ്റു ചിലരും പറയുന്നതു്‌ കേട്ടു. മാത്രമല്ല ഒരുപാടു വണ്ടികള്‍ ആവഴിക്കു്‌ പോകുന്നതും ആള്‍ക്കൂട്ടവും ഒക്കെ ഞാനും കണ്ടിരുന്നു.'

ഇത്രയുമൊക്കെ തെളിവുകള്‍തന്ന സ്ഥിതിക്കു്‌ ഇനിയും കൂടുതല്‍ പോസ്റ്റുമോര്‍ട്ടം ശരിയല്ലല്ലോ ? അടുത്തറിയാമായിരുന്ന ഒരു വ്യക്തിയുടെ വേര്‍പാടു്‌ വല്ലാത്ത നൊമ്പരമുണ്ടാക്കി. നല്ലകാര്യമല്ലെങ്കിലും വിശ്വസിക്കാതെ
തരമില്ലല്ലോ..മനസുകൊണ്ടു്‌ പരേതാത്മാവിനു്‌ നിത്യശാന്തിയും നേര്‍ന്നു.

ഓര്‍മ്മകള്‍ പിന്നിലേക്കു്‌ ഊളിയിട്ടുപോയി..
വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. പഴയകാല ടീ എസ്റ്റേറ്റ് മാനേജരും വമ്പന്‍ ഒരു ഹോട്ടല്‍ ഉടമയും പൊതുക്കാര്യപ്രവര്‍ത്തകനും ലയേണ്‍സ് ക്ലബ്ബ് മെമ്പറും എന്നും എല്ലാവരുമായി നല്ല സൌഹൃദം കാത്തുസൂക്ഷിച്ചിരുന്ന വലിയ ജാഡകളൊന്നുമില്ലാത്ത വ്യക്തിയുമായിരുന്നു ഈ മാന്യദേഹം. ആ കക്ഷിയുമായുള്ള പരിചയത്തേക്കുറിച്ചു്‌ ഒരു ലഘു വിവരണവും ഒരു സഹതാപ പ്രകടനവും ഇതു്‌ പറഞ്ഞ ആളിനോടു്‌ ഞാനും നടത്തി. അയാള്‍ തിരിച്ചു്‌ അയാളുടെ വക എന്നോടും.

'അവിടംവരെ ഒന്നു പോകണം. പക്ഷേ ഇന്നു്‌ പറ്റുമെന്നു്‌ തോന്നുന്നില്ല.'
'സാരമില്ല സാറേ നാളേയെങ്ങാനമേ അടക്കം കാണുകയുള്ളൂ.വല്യപാര്‍ട്ടികളല്ലേ വെളിയിലുള്ള മക്കള്‍ എത്തിയിട്ടേ അടക്കം ചെയ്യൂ.'

അതു്‌ ശരിയാണു് എന്നെനിക്കും തോന്നി. എങ്കില്‍ അതാണു്‌ സൌകര്യമെന്നു്‌ ഞാനും കരുതി. തന്നയുമല്ല ഫ്രീസറുപോലെ തണുത്തുറഞ്ഞ ഈ നാട്ടില്‍ ആള്‍ക്കാരു്‌ 'വടി' ആയാല്‍ ഒന്നോരണ്ടോ ദിവസം കഴിഞ്ഞു്‌ അടക്കം ചെയ്യുന്നതു്‌ ഒരു പുതുമയല്ലതാനും.


ഈ ദുഃഖ വാര്‍ത്ത സമ്മാനിച്ച സന്ദേശവാഹകന്‍ കടന്നുപോയി.
ജോലിതീര്‍ന്നു്‌ ഇറങ്ങിയപ്പോള്‍ നേരം വൈകിയിരുന്നു. ഏതായാലും ഇന്നിനി അവിടെ പോകാനാവില്ല. വീട്ടിലേക്കു്‌ നടക്കുമ്പോള്‍ അടുത്തു കണ്ട ഒരു പരിചയക്കാരനോടു്‌ ഈ വിവരം പറഞ്ഞു. അയാളും സംഭവം അറിഞ്ഞില്ലത്രേ. എന്റെ വിജ്ഞാനശകലങ്ങള്‍ ഞാന്‍ അയാള്‍ക്കു വിളമ്പിക്കൊടുത്തു. എങ്കിലും പെട്ടെന്നു്‌ ഒരു ശങ്ക ഇനി ഈ കേട്ടതു്‌
വാസ്തവമല്ലെന്നുണ്ടോ ?

വീണ്ടും നടക്കുമ്പോള്‍ അതാ മുന്നില്‍ നിന്നും ഒരു സുഹൃത്തും ഭാര്യയും കൂടി ബൈക്കില്‍ വരുന്നു. അടുത്തുവന്നു്‌ ഒന്നു സ്ലോ ചെയ്യുമ്പോള്‍ പട്ടേലിന്റെ കാര്യം അറിഞ്ഞോ എന്നു്‌ ഞാന്‍ ചോദിച്ചു. 'ഞങ്ങള്‍ ഉച്ചയ്ക്കു്‌ അവിടെ പോയിരുന്നു' എന്നു പിന്നില്‍ ഹെല്‍മെറ്റില്ലാതെയിരുന്ന ഭാര്യ വിളിച്ചു പറയുമ്പോഴേക്കും ബൈക്കു്‌ ആള്‍ക്കൂട്ടത്തിലേക്കു്‌ മറഞ്ഞു.ആ പഹയന്‍ വണ്ടി നിര്‍ത്തുമെന്നു കരുതി എന്നാല്‍ അതുണ്ടായില്ല. പക്ഷേ സംഭവം ശരിയാണെന്നു്‌ ഒരു ഉറപ്പുകിട്ടിയല്ലോ അതുമതി.

ശവം അടക്കും മുമ്പ് ഒന്നു്‌ പോയില്ലെങ്കില്‍ ശരിയാവില്ല എന്നു്‌ മനസ് മന്ത്രിച്ചു. ഏതായാലും രാവിലെ തന്നെ പോയിവരാം എന്നു്‌ തീരുമാനിച്ചു വീട്ടിലെത്തുമ്പോഴാണു്‌ കുടുംബം കുറിപ്പെഴുതി വച്ചിട്ടു്‌ ഷോപ്പിങ്ങിനു്‌ പോയവിവരം അറിയുന്നതു്‌. ഒന്നു ഫ്രഷായി ടി വി ഓണ്‍ ചെയ്തു. മഴ ചെറുതായി പെയ്യാന്‍ തുടങ്ങി ഒപ്പം മിന്നലും ഇടിയും. ടിവി ഓഫാക്കാമെന്നു പ്ലാന്‍ ചെയ്യുമ്പോഴേക്കു്‌ കറന്റു പോയി.

തപ്പിപ്പിടിച്ചു്‌ ഒരു മെഴുകുതിരി കത്തിക്കുമ്പോള്‍ സെല്‍ഫോണ്‍ കലശലായി അടിക്കാന്‍ തുടങ്ങി. ഷോപ്പിങ്ങിനു പോയ കളത്രത്തിന്റെ വിളിയാണെന്നു കരുതി ഫോണെടുത്തു.. ആ ശബ്ദം കേട്ടു ഞാന്‍ ഞെട്ടിപ്പോയി.പരേതാത്മാവു്‌ സംസാരിക്കുന്നു !!
'ദത്തന്‍ ഇതു്‌ ഞാനാ പട്ടേല്‍...! '
എന്റെ സമസ്ത നാഡികളും സ്തംഭിച്ചുപോയി. ഒരുനിമിഷം എന്റെ ഹൃദയമിടിപ്പു്‌ നിലച്ചു പോയതു ‌പോലെ തോന്നി.
'വീട്ടിലെ കാര്യമറിഞ്ഞല്ലോ .. '
സര്‍വ്വധൈര്യവും സംഭരിച്ചു്‌ഞാന്‍ പറഞ്ഞു
'ഇല്ല, ഒന്നുമറിഞ്ഞില്ല...'
'അതേയ്.. എന്റെ ഭാര്യ ഇന്നു്‌ കാലത്തു്‌ മരിച്ചുപോയി. നാളെരാവിലെ ഒരാളിന്റെ കൈയ്യില്‍ ഞാന്‍ ഒരുചെറിയ ഫോട്ടോ കൊടുത്തുവിടും അതു്‌ ഒന്നു്‌ വലുതാക്കി രണ്ടു്‌ കോപ്പികള്‍ അത്യാവശ്യമായും നാളെത്തന്നെ ശരിയാക്കിത്തരണം .'
മറുപടി പറയുമ്പോള്‍ എന്റെ ആ ചിലമ്പിച്ചശബ്ദം അയാളുടെ ഭാര്യ മരിച്ചതിലുള്ള ഖേദപ്രകടനമായി ആ പാവത്തിനു്‌ തോന്നിയിരിക്കാം!
-------------------------------------------------------------------------------------
സംഭവം നടന്നിട്ടു്‌ അധികം നാളാകാത്തതുകൊണ്ടും 'പരേതന്‍' ഇപ്പോഴും ജീവിച്ചിരിക്കുന്നതു കൊണ്ടും യഥാര്‍ത്ഥ പേരല്ല ഇതില്‍ ചേര്‍ത്തിരിക്കുന്നതു്‌.