ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Sunday, June 12, 2011

പേടിപ്പിച്ച ഒരു ആനസവാരി..!

കടിച്ച പാമ്പിനെക്കൊണ്ടു്‌ വിഷമിറക്കിച്ചു എന്നുപറയാറുണ്ട്.അതായതു്‌ കടിച്ചിട്ടുപോയ വിഷപ്പാമ്പിനെ വൈദ്യന്‍ രോഗിയുടെ അടുത്തു്‌ വിളിച്ചുവരുത്തി ആ വിഷം തിരികെ എടുപ്പിച്ചുഎന്നാണു്‌ കഥ ! ഉള്ളതോ കള്ളമൊ എന്നറിയില്ല. എന്നാല്‍ പാമ്പിന്റേതല്ലെങ്കിലും അതിനു സമാനമായ എന്റെ ഒരു അനുഭവം ഇവിടെ കുറിക്കുന്നു.

അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ വേരുകളുള്ള കോട്ടയംകാരനായ ബിസ്സിനസ്സുകാരന്‍ കുറെനാള്‍ മുമ്പു്‌ എന്നെ സമീപിച്ചു. സാമാന്യം പരിചയവും എന്റെ ചിത്രങ്ങളെ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യുന്ന അല്പം പ്രായമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ ബിസിനസ് ആവശ്യത്തിനായി ഊട്ടിയുടെ സൌന്ദര്യം പകര്‍ത്തിയ കുറെ വീഡിയോക്ലിപ്പിങ്ങുകളും മുതുമലയിലെ ആനസവാരിയുടെ സീനുകളും അത്യാവശ്യമായി വേണമെന്നുപറഞ്ഞു്‌ ഒരുദിവസം
 എന്റെ അടുത്തുവന്നു.

ഞങ്ങള്‍ അയാളുടെ ആഡംബരക്കാറില്‍ ഊട്ടിയിലെ നല്ല സ്പോട്ടുകളും സീനുകളും ചിത്രീകരിച്ചശേഷം മുതുമലയിലെത്തുമ്പോഴേക്കും നേരം വൈകിയിരുന്നു. ആനസവാരി ഏതണ്ടു്‌ കഴിയാറായി.(തമിഴ്നാടിന്റെയും കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും അതിര്‍ത്തികള്‍ ചേരുന്ന പ്രദേശത്തെ പ്രസിദ്ധമായ വന്യജീവിസങ്കേതമാണു്‌ മുതുമല. ഇവിടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു മുഖ്യ ഇനമാണു്‌ ഈ 'ആനസവാരി' . പ്രത്യേകമായുണ്ടാക്കിയ ഉയരമുള്ള സ്റ്റെപ്പിനടുത്തു്‌ ആനയെ കൊണ്ടുവന്നു്‌ നിര്‍ത്തും .ആനപ്പുറത്തു്‌ വച്ചിട്ടുള്ള വലിയ തൊട്ടിലിലേക്കു്‌ സ്റ്റെപ്പുവഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവരെ സുരക്ഷിതമായി അതില്‍ കയറിയിരിക്കാം. ഇങ്ങനെ കുറച്ചുപേരെ വീതം കയറ്റിയ മൂന്നോ നാലോ ആനകളെ വരിയായി നിര്‍ത്തുന്നു.എന്നിട്ട് ഒന്നിനു പിറകെ ഒന്നായി വനത്തിനുള്ളിലേക്കു്‌ വിടുന്നു. മറ്റുജീവികളില്‍ നിന്നു ഉപദ്രവമേല്‍ക്കാതെ കാഴ്ച്ചകള്‍ കാണുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്യാം. ഏതാണ്ടു്‌ ഒരു മണിക്കൂര്‍ കാട്ടില്‍ ചുറ്റിയശേഷം തിരികെ കൊണ്ടുവിടും ഇതാണു്‌ ആനസവാരി).

ഞങ്ങള്‍ എത്തുമ്പോള്‍ അന്നത്തെ സവാരി സമാപനഘട്ടത്തിലായിരുന്നു. ആനകളെല്ലാം തിരിച്ചെത്തി ആളെ ഇറക്കാന്‍ തുടങ്ങിയിരുന്നു.
ആ കക്ഷി എന്നോടുപറഞ്ഞു
"ദത്തന്‍ അതു്‌ ഷൂട്ടു ചേയ്തോളൂ ഞാന്‍ ഇതിന്റെ ടിക്കറ്റു്‌ എടുത്തുവരാം" എന്നു്‌.
ഞാന്‍ സംശയിച്ചു്‌ നിന്നെങ്കിലും ഇഷ്ടന്‍ പറഞ്ഞു
"എടുത്തു തുടങ്ങിക്കോ ഇനി ഇല്ലെങ്കില്‍ നാളെയെ പറ്റുകയുള്ളൂ."

ഏതായാലും അയാള്‍ ടിക്കറ്റു്‌ വാങ്ങിവരുമല്ലോ എന്ന ധൈര്യത്തില്‍ ആനകള്‍ നിന്ന സ്ഥലത്തേക്കു ഞാന്‍ പോയി . മൂന്നാമത്തേതും അവസാനത്തേതുമായ ആന യാത്ര കഴിഞ്ഞു്‌ തിരികെ വരുന്നതും ആളെ ഇറക്കുന്നതും ഒരുവിധം ഷൂട്ടു ചേയ്തു തീര്‍ന്നില്ല... അപ്പോഴേക്കും പിന്നില്‍ ഒരു ബഹളം കേട്ടു.. " സ്റ്റോപ്പ് , സ്റ്റോപ്പ് " എന്നു്‌ ഉച്ചത്തില്‍ ആരോ വിളിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു ! തിരിഞ്ഞു നോക്കിയപ്പോഴാണു്‌ പ്രശ്നം ഗുരുതരമാണെന്നു്‌ മനസ്സിലായതു്‌. ഒരു തമിഴ് നാടു്‌ പോലീസുകാരനും രണ്ടു്‌ ഫോറസ്റ്റ് ഗാര്‍ഡുകളും കൂടി എന്നോടാണു്‌ ഇങ്ങനെ ആക്രോശിക്കുന്നതു്‌. അപ്പോഴേക്കും അവര്‍ എന്റെ അടുത്തെത്തി. അനുവാദമില്ലാതെ ഇവിടെ ഷൂട്ടുചെയ്യാന്‍ ആരുപറഞ്ഞു എന്നു്‌ ചോദിച്ചു്‌ അവര്‍ എന്റെ നേരേ തട്ടിക്കേറി !

പെര്‍മിഷന്‍ വാങ്ങാനും ടിക്കറ്റെടുക്കാനും ആളുപോയെന്നു്‌ ഞാന്‍ സൂചിപ്പിച്ചു. കക്ഷി എത്തുമ്പോഴേക്കും ആനസവാരി കഴിയുമെന്നും വെളിച്ചം കുറഞ്ഞുപോകുമെന്നും അക്കാരണംകൊണ്ടാണു്‌ ഇങ്ങനെ ഇതു്‌ ഷൂട്ടു്‌ ചെയ്യാന്‍ തുടങ്ങിയതെന്നുമുള്ള സത്യം ഞാനവരോടു്‌ പറഞ്ഞു..അതൊന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ഷൂട്ടിങ്ങിനുള്ള ഫീസ് 500 രൂപയാണെന്നും അതു്‌ കൊടുക്കാതെ വീഡിയോ ക്യാമറയും കൊണ്ടു് വന്നതിനു്‌‌ പെനാല്‍റ്റിയായി 10000 രൂപയും ടിക്കറ്റെടുക്കാതെ അതിക്രമിച്ചു കയറിയ കുറ്റത്തിനു്‌ 1000 രൂപ ഫൈനും കൊടുക്കണം. ഇല്ലാത്തപക്ഷം എന്നെയും ക്യാമറയും കസ്റ്റഡിയിലെടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി ! ഏതാണ്ടു്‌ പത്തു്‌ മിനിറ്റു്‌ സംസാരിച്ചു്‌ നിന്നിട്ടും ടിക്കറ്റിനും പെര്‍മിഷനും പോയ ആളെക്കാണാനില്ല ! എന്റെ നില കൂടുതല്‍ പരുങ്ങലിലായി...!! ഞാന്‍ പറഞ്ഞതു്‌ കള്ളമാണെന്നു്‌ അവര്‍ കരുതി. ഇതിനകം ഏതോ ചാനലുകാരന്‍ അനുവാദമില്ലാതെ അകത്തുകടന്നു്‌ ഷൂട്ടിങ്ങു്‌ നടത്തുന്നു എന്ന കിംവദന്തി അവിടാകെ പരന്നു! അപ്പോഴേക്കു്‌ മറ്റൊരു പോലീസുകാരന്‍ കൂടിഎത്തി , തൊണ്ടിമുതലായ എന്നെ DFOയുടെ മുന്നില്‍ ഹാജരാക്കാനായിട്ടു്‌. DFO സ്ഥലത്തുള്ളതിനാല്‍ മുന്‍പറഞ്ഞ ശിക്ഷയില്‍ ഒട്ടും ഇളവുണ്ടാകില്ലെന്നും അവരുടെ സംഭാഷണത്തില്‍ നിന്നും മനസ്സിലായി.

ആനപ്പുറത്തു്‌ നിന്നിറങ്ങിയവരും അല്ലാത്തവരുമായ സന്ദര്‍ശകര്‍ കഥയറിയാതെ നോക്കിനിന്നു. പോലീസുകാരുടേയും ഫോറസ്റ്റ് ഗാര്‍ഡുമാരുടെയും അകമ്പടിയോടെ കുറ്റവാളിയായ ഞാന്‍ നടന്നു ! ടിക്കറ്റെടുക്കാന്‍ പോയവ്യക്തിയെ ഞാന്‍ കൌണ്ടര്‍ വരെ ഒന്നു്‌ പോയി നോക്കട്ടെ എന്നു്‌ പറഞ്ഞെങ്കിലും അവരതിനു്‌ സമ്മതിച്ചില്ല . ഇനി DFO യുടെമുമ്പില്‍ ഹാജരാക്കിയശേഷമേയുള്ളൂ ബാക്കിക്കാര്യങ്ങള്‍ എന്നായി അവര്‍. അടുത്തു്‌ കണ്ട ഒരോഫീസിലേക്കാണു്‌ എന്നെക്കോണ്ടുപോയതു്‌. ഇതിനിടെ ഫൈനടയ്ക്കേണ്ട തുകയെപ്പറ്റി അവര്‍ വീണ്ടും വീണ്ടും പറഞ്ഞു. ഇതു്‌ ചാരപ്പണിയോ രഹസ്യമോ ഒന്നുമല്ലെന്നും പെനാല്‍റ്റി കെട്ടാമെന്നും ഞാന്‍ പറഞ്ഞു.അതിനുമുമ്പ് എന്റെ കൂടെ വന്ന കക്ഷിയെ ഒന്നു്‌ കാണാന്‍ അനുവദിക്കണമെന്നും ഞാന്‍ അവരോടു ആവശ്യപ്പെട്ടു.

അറിയാതെയെങ്കിലും ഇത്തരം ഒരു ഗുലുമാലില്‍ ചെന്നുപെട്ടതും അനാവശ്യമായി പിഴയടയ്ക്കേണ്ടി വരുന്നതും ഇത്രയുമായിട്ടും കൂടെയുള്ള കക്ഷിയെക്കാണാത്തതും വല്ലാത്ത ടെന്‍ഷനുണ്ടാക്കി ! പോകുന്നവഴി അവിടെയെല്ലാമൊന്നു്‌ കണ്ണോടിച്ചെങ്കിലും ഇഷ്ടനെ കണ്ടില്ല. കാര്‍ മാത്രം കിടപ്പുണ്ട്‌. സമസ്ത ആശകളും കൈവിട്ടു്‌ അറക്കാന്‍ കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ അവരോടൊപ്പം ആ മുറിയുടെ വാതില്ക്കലെത്തി. ഏതായാലും ചെയ്തു പോയില്ലേ ഇനി മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ശിക്ഷ ഏതാണ്ടു്‌ ഉറപ്പാണെന്നു്‌ വ്യക്തമായി ! ഇല്ലെങ്കില്‍ വല്ല സിനിമാക്കഥകളിലേയുമ്പോലെ ഈ തൊണ്ണൂറാം മിനിറ്റില്‍ നായകനോ വില്ലനോ ഇടിച്ചു കേറി വന്നു്‌ രക്ഷിക്കണം..! അതിനു്‌ ഒട്ടും ചാന്‍സില്ല, അതു്‌ സങ്കല്പവും ഇതു്‌ യാഥാര്‍ത്ഥ്യവുമാണല്ലോ.! അങ്ങനെ ആരും വന്നില്ലെങ്കിലും കൂടെവന്ന ആളെയെങ്കിലും കണ്ടാല്‍ മതിയെന്നായിരുന്നു എന്റെമനസ്സില്‍...

കുറ്റാരോപിതനായ എനിക്കൊപ്പം പോലീസുകാരും വനപാലകരും ഉള്ളിലേക്കു്‌ വന്നു. എന്നാല്‍ മുറി തുറന്നപ്പോള്‍ കണ്ടകാഴ്ച്ച എനിക്കു്‌ വിശ്വസിക്കാനായില്ല..!! ഓര്‍ത്തിരിക്കാതെ അതാ ഭാഗ്യം DFO യുടെ രൂപത്തില്‍ അവിടെയിരിക്കുന്നു ! അടുത്ത കസേരയിലാകട്ടെ എന്നോടൊപ്പം വന്ന ബിസ്സിനെസ്സുകാരനും..!
എങ്കിലും ഇതറിയാത്ത പോലീസുകാരന്‍ എനിക്കെതിരെയുള്ള ആരോപണങ്ങളുടെ കെട്ടഴിച്ചു ...
"ഇയ്യാളാണു്‌ അതിക്രമിച്ചുകയറി വീഡിയോ എടുത്തതു്‌... ടിക്കറ്റും പാസുമെടുത്തില്ല..."
ഒരു ഭാവഭേദവും കൂടാതെ അതു്‌ കേട്ടിരുന്ന DFO മൂന്നു്‌ ചായക്കു്‌ പറയാനും നിങ്ങള്‍ പൊയ്ക്കൊള്ളാനും, ആനയും ആനക്കാരും അവിടെ നില്‍ക്കാന്‍ പറയാനും വളരെ ഗൌരവത്തില്‍ പറഞ്ഞു. ഇതു് ഒരുപക്ഷേ തെളിവെടുപ്പിനോ മറ്റോ ആണെന്നു്‌ അവര്‍ കരുതിയിട്ടുണ്ടാകും..!

കുറേ കൊല്ലങ്ങള്‍ക്കു്‌ ‌മുമ്പു്‌ കൂനൂരില്‍ എന്റെ അയല്‍വാസിയായി കുടുബസമേതം ഉണ്ടായിരുന്ന പാലക്കാട്ടുകാരന്‍ ഫോറസ്റ്റ് ഓഫീസര്‍ സ്ഥലംമാറി തമിഴ് നാട്ടിലെതന്നെ ഗോപിച്ചെട്ടിപ്പാളയം എന്നസ്ഥലത്തേക്കു്‌ പോയിരുന്നു.... പത്തു പന്ത്രണ്ടു്‌ വര്‍ഷങ്ങള്‍ക്കു് ശേഷം പുള്ളി DFO ആയി പ്രമോഷന്‍കിട്ടി ഇവിടെ എത്തിയതാണത്രേ ! എനിക്കു്‌ രക്ഷപ്പെടാന്‍ വന്ന ഒരു ഭഗ്യം, അല്ലാതെന്തു്‌ പറയാന്‍ ?
ചായകുടിക്കുന്ന സമയത്താണു്‌ എന്റെ കൂടെവന്ന ആളും DFOയും വളരെ അടുത്ത സുഹൃത്തുക്കളാണെന്നു ഞാന്‍ അറിയുന്നതു്‌. അവര്‍ ഒന്നിച്ചു്‌ കോയമ്പത്തൂരില്‍ ഒരേ കോളേജില്‍ പഠിച്ചവരാണെന്നും അന്നുകാണിച്ച ചിലവിക്രിയകളും തമാശസംഭവങ്ങളും സരസമായി അവിടെവച്ചു്‌ എന്നോടു്‌ വിവരിക്കുകയും ചെയ്തു. പക്ഷേ വളരെ നാളിനുശേഷം അവിചാരിതമായാണു്‌ അന്നു്‌ ഇവിടെ വച്ചു്‌ കണ്ടുമുട്ടുന്നതു്‌‌. അതുകൊണ്ടാണത്രേ ടിക്കറ്റോ പാസോ എടുത്തു്‌ എന്റെ അടുത്തേക്ക്‌ വരാതിരുന്നതും. മാത്രമല്ല DFOയും ഞാനും നേരത്തെ അയല്‍പക്കാരായിരുന്നെന്നും അടുത്തപരിചയക്കാരണെന്നും‌ ബിസ്സിനസ്സുകാരന്‍ അറിയുന്നതും അപ്പോഴാണു്‌.ഏതായാലും രണ്ടു്‌ പേരുംകൂടി എന്നെ വെറുതെ പേടിപ്പിച്ചതു്‌ ശരിയായില്ലെന്നു്‌ ഞന്‍ പറഞ്ഞു.

ചായകുടികഴിഞ്ഞപ്പോള്‍ വെളിയില്‍ കാത്തുനിന്ന വനപാലകരെ ഉള്ളിലേക്കു്‌ വിളിച്ചു. എന്നിട്ടു്‌ ഞാന്‍ ഏതുതരത്തില്‍ ആനകളെ നിര്‍ത്താന്‍ പറയുന്നോ ആ രീതിയില്‍ നിര്‍ത്തിത്തരാനും അവിടെ നില്ക്കുന്ന കുറേപ്പേരെ ആനപ്പുറത്തു്‌ വിളിച്ചുകേറ്റാനും,ഞാന്‍ ആവശ്യപ്പെടുന്നപോലെ ഷൂട്ടിങ്ങിനു്‌ വേണ്ടസൌകര്യം ചെയ്തുകൊടുക്കാനും നിര്‍ദ്ദേശിച്ചു. ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയമാതിരി പിന്നെ എന്തു്‌ വേണമെങ്കിലും ചെയ്യാമായിരുന്നെങ്കിലും ആവശ്യമുള്ളതു്‌ മാത്രം വേണ്ടുവോളം ചിത്രീകരിച്ചു്‌ തിരികെപ്പോന്നു ! അതൊരു വലിയ അനുഭവമായിരുന്നു. ശിക്ഷ വിധിക്കാന്‍ അങ്ങോട്ടു്‌ കൂട്ടിക്കൊണ്ടു്‌ കൊണ്ടുപോയവര്‍ ആജ്ഞാനുവര്‍ത്തികളായി ഇങ്ങോട്ടു് തിരികെ വന്ന സംഭവം.!! ഒരുപക്ഷേ സിനിമയില്‍ ഇത്തരം ഒരുരംഗം കണ്ടാല്‍ അവിശ്വസനീയമായിത്തോന്നാം.. എന്നാല്‍ ഇതു്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അസധാരണവും രസകരവുമായ അനുഭവം!
ഷൂട്ടു്‌ കഴിഞ്ഞു്‌ അന്നുതന്നെ ഞങ്ങള്‍ തിരികെ പുറപ്പെടാനൊരുങ്ങിയെങ്കിലും ഒത്തിരിനാളിനു്‌ ശേഷമുള്ള കണ്ടുമുട്ടലാണല്ലോ ഒരുപാട് കാര്യങ്ങളും വിശേഷങ്ങളും പറയാനുണ്ടെന്നു്‌ പറഞ്ഞു്‌ ഞങ്ങളെ DFO അയാളുടെ വീട്ടിലേക്കു്‌ കൂട്ടിക്കൊണ്ടുപോയി...