ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Sunday, July 24, 2011

"... ഹേറ്റ് യുവര്‍ ബ്ലഡീ മലയാളം..!"

റബ്ബറിനു്‌ കോട്ടയവും കയറിനു്‌ ആലപ്പുഴയുംപോലെ തേയിലക്കു്‌ ഏറെ പ്രസിദ്ധമാണു്‌ നീലഗിരി. നീലഗിരി എന്നതു്‌ തമിഴു്‌ നാട്ടിലെ ചെറിയ ജില്ലകളില്‍ ഒന്നാണു്‌.ജില്ലയുടെ ആസ്ഥാനം ഊട്ടിയും. പച്ചപുതച്ച തേയിലക്കാടുകളാല്‍ ചുറ്റപ്പെട്ട ഈ മലമുകളിലെ വ്യയസായ മേഖല പച്ചപിടിച്ചതുതന്നെ ഈ ചായ ബിസ്സിനസ്സിലൂടെയാണു്‌. കുറച്ചു്‌ മുമ്പുവരെ 'ടീ' കമ്പനികളുടെ ഉടമസ്ഥാവകാശം ഇംഗ്ലീഷുകാര്‍ക്കായിരുന്നു. ഫാക്റ്ററികളിലെ ഉദ്യോഗസ്ഥരില്‍ കൂടുതലും ആംഗ്ലോ ഇന്‍ഡ്യാക്കാരായി
രുന്നെങ്കിലും അതിന്റെ മേല്‍നോട്ടക്കാരും ശിങ്കിടികളും മിക്കതും മലയാളികളായിരുന്നു. തൊഴില്‍ തേടിയുള്ള മലയാളിയുടെ ഒരു മേച്ചില്‍പ്പുറം കൂടിയായിരുന്നു ഇവിടം. നാട്ടില്‍ നിന്നും പെട്ടിക്കടകളില്‍ ചായ അടിക്കാന്‍ വന്നവരും ചെറിയ ചായപ്പീടിക നടത്തിയിരുന്നവരുമൊക്കെയാണു്‌ ഇന്നത്തെ ഇവിടുത്തെ വമ്പന്‍ ഹോട്ടലുടമകള്‍ എന്നതു്‌ ആരും ‌ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ചരിത്രസത്യം.

അങ്ങനെയിരിക്കെ കുറേ വര്‍ഷങ്ങള്‍ക്കു്‌ മുമ്പ് മദ്ധ്യതിരുവിതാംകൂറില്‍ നിന്നും ഒരാള്‍ ഒരു ജോലി തേടി നീലഗിരിയിലെത്തി . ഒടുവില്‍ എത്തിപ്പെട്ടതും ഇതുപോലെ ഒരു തെയിലത്തോട്ടത്തില്‍. ആദ്യമൊക്കെ വലിയ കഷ്ടപ്പാടായിരുയിരുന്നു. കോടമഞ്ഞും കുളിരും അസഹ്യമായിരുന്നു. എങ്കിലും പതുക്കെ ഈ നാടും കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു. ഒരുവിധം ഭേദപ്പെട്ട ജോലി ആയപ്പോള്‍ നാട്ടില്‍നിന്നു്‌ തന്നെ ഒരു കല്യാണവും തരപ്പെടുത്തി. മധുവിധുവൊക്കെ ഊട്ടിയിലാഘോഷിച്ചെങ്കിലും കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാനുള്ള ചുറ്റുപാടില്ലാത്തതിനാല്‍ കുടുംബത്തെ
നാട്ടിലാക്കി.ഇടയിക്കിടെ പോയിവരും.രണ്ടു്‌ കുട്ടികളായി. ആദ്യത്തേതിനെ നാട്ടില്‍ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കു്‌ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു.ചെറിയ ജോലിയില്‍ത്തുടങ്ങി ക്രമേണ പടിപടിയായി മേല്‍നോട്ടക്കാരന്റെ വേഷംവരെആയി.

ഊട്ടിയിലെ മെച്ചമായ വിദ്യാഭ്യാസത്തെപ്പറ്റി കേട്ടറിവുള്ളതുകൊണ്ടോ അതോ നാട്ടിലെ പഠിത്തം പോരെന്നു തോന്നിയതുകൊണ്ടോ അധികം വൈകാതെ കുട്ടികളെ ഇവിടെ കൊണ്ടുവന്നു്‌ സ്ക്കൂളില്‍ ചേര്‍ത്തു. കാലം പിന്നെയും കഴിഞ്ഞു. സായിപ്പിന്റെ സ്വന്തം ആളായിമാറിയ കക്ഷിയുടെ നിലവാരവും കാര്യമായി ഉയര്‍ന്നു. ഭാഗ്യം എങ്ങനെയും വരാമല്ലോ. കുറേ വര്‍ഷങ്ങള്‍ക്കു്‌ ശേഷം സായിപ്പ് ഏതോചില ഉപാധികളോടെ എല്ലാം ഇദ്ദേഹത്തെ ഏല്പിച്ചു്‌ സ്വന്തം നാട്ടിലേക്കു്‌ മടങ്ങി. ഇങ്ങനെയും ലോട്ടറി അടിയ്ക്കാം...!

പിന്നെ എല്ലാം പെട്ടന്നായിരുന്നു. തനി എസ്റ്റേറ്റു്‌ മുതലാളിയുടെ ജാഡയിലേക്കായി കാര്യങ്ങള്‍ ! കാറും ബംഗ്ലാവും ആശ്രിതരും ഒക്കെയായി എന്നുപറയേണ്ടതില്ലല്ലൊ ! ഈ കക്ഷികളെ ഇടക്കു്‌ ടൌണിലും മറ്റും വച്ചു്‌ കാണാറുണ്ട്‌. വെറും നാട്ടിന്‍പുറത്തുകാരിയായ ആ സ്ത്രീ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ ലോഹ്യങ്ങളും വിശേഷങ്ങളും ചോദിക്കുകയുംചെയ്യും. പക്ഷേ ഇവിടുത്തെ വിദ്യാഭ്യാസവും ആഡംബരങ്ങളും സ്റ്റൈലും തലയ്ക്കു്‌ പിടിച്ച മക്കള്‍ തനി പച്ചപ്പരിഷ്കാരികളായി. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചമട്ടിലാണു്‌ അവര്‍ !

ജീവിതവും അതിന്റെ വ്യതിയാനങ്ങളും മനുഷ്യരിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എങ്ങനെയെന്നു്‌ സൂചിപ്പിക്കന്‍ വേണ്ടി ഇത്രയും പറഞ്ഞെന്നേയുള്ളൂ. ഇനി പ്രധാനസംഭവത്തിലേക്കു്‌ കടക്കാം. ഇതില്‍ മൂത്തമകള്‍ ഏതോ ഫോട്ടോയുടെ കാര്യവുമായി ഒന്നോ രണ്ടോ തവണ എന്റെ ഓഫീസില്‍ വന്നിരുന്നത്രേ. അപ്പോഴെങ്ങും ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. നമ്മുടെ അസിസ്റ്റ്ന്റ് കക്ഷിയാകട്ടെ അവര്‍ പറഞ്ഞസമയത്തു്‌ വര്‍ക്കു്‌ ചെയ്തു തീര്‍ത്തതുമില്ല. അവള്‍ വീണ്ടും ഒരുദിവസം ഇതിനായി വന്നു.

തമിഴു്‌ നാട്ടില്‍ പഠിച്ചു വളര്‍ന്ന അവര്‍ക്കു്‌ തമിഴു്‌ സംസാരിക്കന്‍ അറിയാമെങ്കിലും എന്റെ അസിസ്റ്റന്റിനോടു്‌ ഇംഗ്ഗീഷില്‍ തട്ടിക്കയറിയ സമയത്താണു്‌ ഞാന്‍ എത്തിയതു്‌. ഇംഗ്ലീഷോ മലയാളമോ നല്ല വശമില്ലാത്ത ഒരു ലോക്കല്‍ തമിഴനായിരുന്നു അസിസ്റ്റന്റായി‌ അപ്പോഴവിടെ ഉണ്ടായിരുന്ന കക്ഷി. അവനാകട്ടെ ഒന്നും മനസ്സിലാകാതെ തമിഴില്‍ കാര്യങ്ങള്‍ വിവരിക്കുന്നു. പിന്നെ എന്റെ ഊഴമായി. കാര്യമെന്താണെന്നു്‌ തിരക്കി. അവര്‍ ഇംഗ്ഗീഷില്‍ പരാതി പറഞ്ഞു തുടങ്ങി. മലയാളിയാണെന്നു്‌ എനിക്കറിയാം, ഇടയ്ക്കു്‌ വല്ലപ്പോഴും കാണുകയും ഹായ്.. ഹലോ എന്നൊക്കെ പറയുകയും ചെയ്യാറുള്ളകക്ഷിയുമാണു്‌‌. അതിനാല്‍ ഞാന്‍ മലയാളത്തില്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി...

ഉടനെ അവര്‍  " ഐ ഹേറ്റ് യുവര്‍  ബ്ലഡീ മലയാളം" ​ എന്നു്‌ പറഞ്ഞു.

അതു്‌ എന്നെ വല്ലതെ ചൊടിപ്പിച്ചു .ഓര്‍ക്കാപ്പുറത്തു്‌ മുഖത്തു്‌ അടി കിട്ടിയ ഒരു ഫീലിങ്ങായിരുന്നു എനിക്കപ്പോള്‍ തോന്നിയതു്‌ . ആ ചൂടില്‍ തന്നെ മലയാളത്തിനു്‌ എന്താണു്‌ കുഴപ്പമെന്നും അങ്ങനെ പറയാന്‍ കാരണമെന്താണെന്നും ഞാന്‍ മലയാളത്തിലും ഇംഗ്ലീഷിലും മാറിമാറി ചോദിച്ചെങ്കിലും അതല്ല ഇവിടുത്തെ വിഷയം എന്നു്‌ പറഞ്ഞു്‌ അവര്‍ ഒഴിഞ്ഞു
മാറുകയായിരുന്നു....

അന്യദേശക്കാരിയോ ഭാഷക്കാരിയോ ആയിരുന്നെങ്കില്‍ സഹിക്കാം. അച്ഛനും അമ്മയും തനി കോട്ടയം മലയാളികള്‍. ജനിച്ചതു്‌ കേരളത്തില്‍. പഠിച്ചതു്‌ തമിഴ്നാട്ടില്‍ ഇംഗ്ലീഷ് മീഡിയത്തിലാണെന്നു്‌ മാത്രം. 'അഴകനെക്കണ്ടു്‌ അപ്പാ എന്നു്‌ വിളിക്കും' എന്നു്‌ പറഞ്ഞു്‌ കേട്ടിട്ടേയുള്ളൂ. ഇതു്‌ അതിനേക്കാള്‍ അല്പത്തരമായിപ്പോയി ! അവര്‍ വന്നതിന്റെ ആവശ്യം എന്തായിരുന്നാലും മലയാളം പറഞ്ഞതിന്റെ പേരില്‍ ഇത്ര പ്രകോപനമുണ്ടാകാന്‍ കാരണമെന്തെന്നറിയില്ല..! ഇനി ഞാന്‍ പറഞ്ഞ മലയാളം ശരിയാകാഞ്ഞിട്ടാണോ എന്നുമറിയില്ല..!! മലയാളമെന്നാല്‍ പൂവ്വര്‍ മല്ലൂ ഗൈസ് യൂസ് ചെയ്യുന്ന സ്റ്റാന്റേര്‍ഡില്ലാത്ത വള്‍ഗര്‍ ലാന്‍ഗ്വേജ് എന്നായിരിക്കും ഇത്തരം ഉരുപ്പടികള്‍ മനസ്സില്‍ കരുതിയിരിക്കുന്നതു്‌ ! മലയാളം സംസാരിക്കുകയും മലയാളി ആയതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരാണു്‌ നമ്മളെല്ലാവരും. മലയാളിയല്ലാത്ത ചിലര്‍ പോലും അല്പസ്വല്പം മലയാളവാക്കുകളൊക്കെ പറഞ്ഞൊപ്പിച്ചു്‌ മലയാളിയാണെന്നു്‌ അഭിമാനിച്ചു്‌ നടക്കുതും എനിക്കറിയാം. അതിനിടയിലാണു്‌ വളരെ വിചിത്രമായ ഈ ഒരനുഭവം!

ഇപ്പോള്‍ ഒരു വടക്കേഇന്‍ഡ്യാക്കാരന്‍ വ്യവസായിയെ കല്യാണം കഴിച്ചു്‌ സ്ലീവു് ലെസ്സും മോഡേണ്‍ വസ്ത്രങ്ങളും ധരിച്ചു്‌ തനി വിദേശിയുടെ മട്ടില്‍ കുടുംബസമേതം ഇവിടെക്കഴിയുന്നു. വി.ഐ.പി. പ്രോഗ്രാമുകളിലും പൊങ്ങച്ച ക്ലബ്ബുകളിലുമൊക്കെ ഇന്നവരെ കാണാറുണ്ടെങ്കിലും മാതൃഭാഷയെ ഇത്ര അവജ്ഞയോടെ തള്ളിപ്പറഞ്ഞ അവരെ കാണുമ്പോള്‍ ഒരുതരം വെറുപ്പാണു്‌ തോന്നുന്നതു്‌ ! അവര്‍  പറഞ്ഞതുപോലെ ആ ഇംഗ്ലീഷ് വാക്കുകള്‍  ഓര്‍മ്മവരും  'ഐ ഹേറ്റ്....യൂ...'