ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Monday, November 12, 2012

ഒരു പി എസ്സ് എല്‍ വി സംപ്രേക്ഷണം !


തെറ്റായി എഴുതിപ്പോയതല്ല വിഷയം സംപ്രേക്ഷണത്തെപ്പറ്റിത്തന്നെയാണു്‌ . അപ്പോള്‍ പി എസ്സ് എല്‍വി എങ്ങനെ സംപ്രേക്ഷണം ചെയ്തു എന്നറിയണ്ടേ ?

നല്ലമഴയും മിസ്റ്റ്മുള്ള ഒരു ദിവസം മെഴുകുതിരി വെളിച്ചത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ഫോണ്‍വന്നു.

"ദത്തന്‍സാറല്ലേ ?" അങ്ങേത്തലക്കല്‍ നിന്നും ഒരു പെണ്‍ശബ്ദം.

"അതേ" എന്നു്‌ ഞാന്‍പറഞ്ഞു.

"ഇപ്പോള്‍ സാറിന്റെ അഭിപ്രായം എന്താണു്‌?"

കഴിക്കുന്ന ഭക്ഷണത്തേക്കുറിച്ചു്‌ അഭിപ്രായം അറിഞ്ഞിട്ടു്‌ നാട്ടുകാര്‍ക്കു്‌ എന്തുകാര്യം ! അഥവ അതേക്കുറിച്ചു്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു്‌ ഭാര്യയോടു്‌ പറഞ്ഞാല്‍  പോരേ ?

ഓര്‍ക്കാപ്പുറത്തുള്ള ചോദ്യം കേട്ടു്‌ ഒന്നുമറിയാത്ത ഞാന്‍ 'എന്തിനെക്കുറിച്ചാണെന്നു്‌ ' തിരിച്ചു്‌ ചോദിച്ചു.

" PSLV യെക്കുറിച്ചു്‌."

" അതെക്കുറിച്ചു്‌ ഞാന്‍ എന്തു്‌ പറയാനാണു്‌ ?"

"ഈ വിക്ഷേപണത്തേക്കുറിച്ചു്‌ എന്തെങ്കിലും ചിലതു്‌."

"എനിക്കൊന്നും പറയാനില്ല"

" അല്ല, സാറിന്റെ അഭിപ്രായം എന്താണു്‌...? ഇപ്പോള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയല്ലോ ! അതേക്കുറിച്ചു്‌..? "

"ഇവിടെ മൂന്നു ദിവസമായി കറന്റില്ല, ന്യൂസ് കാണാനെ കഴിയുന്നില്ല." എന്നു്‌ ഞാനവരോടു പറഞ്ഞു.

"എങ്കിലും ഈ വിജയത്തെക്കുറിച്ചു്‌ സാറിനെന്താണു്‌ പറയാനുള്ളതു്‌ ?"

"ദത്തന്‍ സാറല്ലേ" എന്നു്‌ വീണ്ടും ചോദ്യം!

"അതെ" എന്നു്‌ ഞാനും!

"സാര്‍ ഇതു് TV ന്യൂസിന്റെ ഫോണിംഗ് പ്രോഗ്രാമാണു്‌. ഞാന്‍ കണക്റ്റു ചെയ്യാം. സാര്‍ സംസാരിച്ചോളൂ...."

"വേണ്ടാ ഞാന്‍ അതിന്റെ ആളല്ല."

"സാറു്‌ നേരിട്ടല്ലെങ്കിലും, ഈ ദൌത്യം വിജയിച്ചതിനേക്കുറിച്ചു്‌..? "

ആളു മാറി വിളിച്ചതാകാം എന്നു തോന്നിയതിനാല്‍ എന്നെ തിരിച്ചറിയാനായി ഒരു 'ക്ലൂ' കൊടുത്തു.

"ഞാന്‍ ഊട്ടിയിലാണു്‌."

"സാരമില്ല, സാറിനെ ടൂറിനിടയില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം... എങ്കിലും താങ്കളുടെ വ്യക്തിപരമായ അഭിപ്രായം?"

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായി ! അറിയാത്തകാര്യത്തെക്കുറിച്ചു്‌ എന്തു്‌ പറയാനാണു്‌ ?

ശരിക്കു്‌ അറിയാത്ത ഒരു വിഷയത്തെക്കുറിച്ചും ആധികാരികമായി പറയാന്‍ ഒരിക്കലും തയ്യാറാകാത്ത വ്യക്തിയാണു് ഞാന്‍ .പിന്നെ ഇതേക്കുറിച്ചു്‌ എന്തു്‌ വ്യക്തിപരമായകാര്യം പറയാനാണു്‌ ?

സ്പുട്ട്ണിക്കു്‌, ചന്ദ്രയാന്‍ , പിഎസ് എല്‍വി ഇവയൊക്കെ അറിയാമെങ്കിലും ബഹിരാകാശത്തേക്കു്‌ കടക്കാനോ ഇവയൊന്നും അങ്ങോട്ടു്‌ കടത്താനോ ഞാന്‍ നാളിതുവരെ ശ്രമിച്ചിട്ടില്ല !! എനിക്കാകെ ക്ഷമകെട്ടിരുന്നു.

"പറഞ്ഞകാര്യം തന്നല്ലേ പിന്നേം പിന്നേം ആവര്‍ത്തിക്കുന്നതു്‌. എന്താ ഈ പറയുന്നതു്‌ മനസിലകുന്നില്ലേ ?"

എന്നു്‌ അല്പം ശബ്ദമുയര്‍ത്തി ഞാന്‍ ചോദിച്ചു. എന്തോ പന്തികേടുണ്ടെന്നു്‌ തോന്നിയിട്ടാകാം ok, ok സാര്‍ പിന്നെവിളിക്കാം എന്നുപറഞ്ഞു്‌ അവര്‍ ഫോണ്‍ കട്ടുചെയ്തു.

പി എസ്സ് എല്‍വി യുമായി ബന്ധപ്പെട്ടു്‌ ദത്തന്‍ എന്നപേരില്‍ ഒരു മലയാളി ശാത്രജ്ഞനുണ്ടെന്നകാര്യം കുറച്ചു്‌ ദിവസിക്കകം പത്രവാര്‍ത്തകളില്‍ നിന്നും എനിക്കു്‌ മനസിലായി. അദ്ദേഹത്തിനു്‌ പകരമായിരിക്കാം എന്റെ ഫോണ്‍ നമ്പരില്‍ വിളിച്ചതെന്നു്‌ ഞാന്‍ ഇപ്പോള്‍ ഊഹിക്കുന്നു.

ദൂരദര്‍ശനുള്‍പ്പെടെയുള്ള നമ്മുടെ പലചാനലുകളും എന്റെ അഭിമുഖങ്ങളും മറ്റും വല്ലപ്പോഴും സംപ്രേക്ഷണം ചെയ്യാറുണ്ടു്‌. അതുകാരണം എന്റെ ഫോണ്‍നമ്പര്‍ അവരുടെ കൈവശം സൂക്ഷിക്കുക സ്വാഭാവികമാണു്‌. അവിടങ്ങളില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാന്‍ പുതിയതായി വന്ന വല്ല 'വാല്‍ നക്ഷത്രങ്ങളും' ആവേശം മൂത്തു്‌ ഭ്രമണപഥം തെറ്റിച്ചു്‌ എന്റെ നമ്പരിലേക്കു്‌ അതു്‌ വിക്ഷേപിച്ചതാകാം ഈ 'ഉള്‍വിളിക്കു്‌ ' കാരണം! ഈ കോലാഹലത്തിനിടയില്‍ ഏതു്‌ ചാനലില്‍ നിന്നാണെന്നു്‌ ചോദിക്കാന്‍ ഞാന്‍ വിട്ടുപോയതു്‌ ഒരബദ്ധമായിപ്പോയെന്നും ഇപ്പോള്‍ തോന്നുന്നു.