ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Saturday, March 9, 2013

'ശൂ്‌.. ശൂ്‌..' സൂക്ഷിക്കണം... "പട്ടി" ഒളിച്ചിരിപ്പുണ്ടു്‌...!!അനചാരങ്ങളും അന്ധവിശ്വാസങ്ങളും വളെരെ കൂടുതലുള്ള സംസ്ഥാനമാണു്‌ തമിഴു്‌നാടു്‌.നമ്മളേക്കാള്‍ ഏതാണ്ടു്‌ ഇരുപത്തഞ്ചോ മുപ്പതോ‌ വര്‍ഷമെങ്കിലും പിന്നിലാണു്‌ അവര്‍ ഇന്നും.  അതുകൊണ്ടു തന്നെയാകാം ആചാരമര്യാദകള്‍ക്കൊപ്പം അവരുടെ എളിമയും മറ്റുള്ളവരോടു് ഒരുതരം പരസ്പര ബഹുമാനവും ഇന്നും അവര്‍  കാത്തുസൂക്ഷിക്കുന്നതു്‌ ! വടക്കന്‍ കേരളത്തിലെപ്പോലെ വരൂ ഇരിക്കൂ അല്ലെങ്കില്‍ വന്നാലും, ഇരുന്നാലും എന്നിങ്ങനെയുള്ള ഭാഷാ പ്രയോഗങ്ങളാണു്‌ സംഭാഷണത്തില്‍പ്പോലും ഉപയോഗിക്കുന്നതു്‌ . "ങ്ക" എന്നകൂട്ടക്ഷരമാണു്‌ ഇതിനായി അവര്‍ പ്രയോഗിക്കുന്നതു്‌. 'വാ' 'പോ' എന്നൊക്കെയുള്ളതിനു്‌ പകരം വാങ്കോ പോങ്കോ, ശൊല്ലുങ്കോ, ഉക്കാറുങ്കോ എന്നിങ്ങനെ ബഹുമാനപുരസരമാണു്‌ അവരുടെ സംഭാഷണങ്ങളും ശൈലികളും.ഇതെല്ലാം അറുപഴഞ്ചന്‍ സമ്പ്രദായങ്ങളാണല്ലോ നമ്മുടെ ദൃഷ്ടിയില്‍! നമ്മള്‍ എല്ലാവരോടും ഏതാണ്ടു്‌ ഒരേരീതിയിലാണു്‌ വാചകങ്ങള്‍ പ്രയോഗിക്കാറു്‌. പ്രാദേശികമായ നീട്ടും കുറുക്കും അതാതിടങ്ങളില്‍ ഉണ്ടെന്നല്ലാതെ വാ, ഇരിക്കു്‌ എന്നൊക്കെയല്ലേ നമ്മള്‍ സാധാരണ  പറയുന്നതു്‌. ഭാഷ 'ശ്രേഷ്ഠ'മാക്കിയാലും അല്ലെങ്കിലും നമ്മളങ്ങനെയെ പറയൂ !

കൊച്ചുകുട്ടികളെപ്പോലും ഈശീലം നന്നേചെറുപ്പംമുതലേ അവര്‍ അഭ്യസിപ്പിക്കുന്നു.തീരെച്ചെറിയ കുട്ടികളായാലും വാടാ പോടാ എന്നതിനു്‌ പകരം 'വാങ്കെടാ' 'പോങ്കെട' എന്നു്‌ ബഹുമാനസൂചകമായിട്ടാണു്‌ വിളിക്കുകയും പറയുകയുമെല്ലാം ചെയ്യുന്നതു്‌. നമ്മള്‍ പ്രത്യേകിച്ചു്‌ തെക്കന്‍ കേരളത്തിലുള്ളവര്‍ ഒട്ടും മയമില്ലാതെയും ബഹുമാനമില്ലാതെയുമാണു്‌ ഭാഷപ്രയോഗിക്കുന്നതെന്നാണു്‌ അവരുടെപക്ഷം.ഈ കടുത്ത ഭാഷാ പ്രേമവും പെരുമാറ്റരീതികളും മറ്റുള്ളവരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടു്‌. നമ്മളുണ്ടോ ഇതു്‌ വല്ലതും ഗൌനിക്കുന്നു ? അവരോടു്‌ സംസാരിക്കുമ്പോള്‍  'സാര്‍' എന്നു്‌ ബഹുമാനത്തിനായി നമ്മള്‍ ചേര്‍ത്താലും പാട്ടുകാരു്‌ പറയുന്നപോലെ "ങ്ക" എന്ന 'സംഗതി' ഇല്ലാതെവന്നാല്‍ അവരുടെ വിധംമാറും! ഉദാഹരണത്തിനു്‌  എന്നാ സാര്‍ ശൊല്ലു സാര്‍ എന്നു്‌ വളരെ ഭവ്യമായും ബഹുമാനമായും പറഞ്ഞാലും സാര്‍ എന്നു്‌ എത്ര തവണവിളിച്ചതിനും ഒരു ഫലവുമില്ലതെ വരികയും 'സംഗതി' ഇതില്‍ വരാഞ്ഞതിനാല്‍ വിപരീത ഫലം ഉണ്ടാവുകയും ചെയ്യും. "എന്നാങ്കോ സാര്‍ ശൊല്ലുങ്കോ" എന്നു്‌ പറഞ്ഞാല്‍ എല്ലാം ശരിയായി!! ഇതിനിടക്കുള്ള 'സാര്‍' ഇല്ലെങ്കിലും വലിയ പ്രശ്നമില്ല, 'സംഗതി' അവശ്യം വേണം. ഇതൊന്നും അറിയാതെ കേരളത്തില്‍ നിന്നെത്തുന്ന പലരും അറിയാവുന്ന തമിഴില്‍ അല്ല, തമിഴാളത്തില്‍  (തമിഴു്‌ + മലയാളം) പലപ്പോഴും തമിഴരോടു്‌ സംസാരിക്കാറുണ്ടു്‌. അതു്‌ അവരോടുള്ള ബഹുമാനം കൊണ്ടോ പ്രിയം കൊണ്ടോ അല്ല, നമ്മളുദ്ദേശിച്ചകാര്യം അവര്‍ക്കു്‌ പിടികിട്ടണമല്ലൊ എന്നതുകൊണ്ടുമാത്രമാണു്‌‌ ! അപ്പോഴും മുന്‍പറഞ്ഞ 'സംഗതി' യുടെ അഭാവം അവരെ മാനസികമായി പ്രയാസപ്പെടുത്തും എന്നതിനു്‌ സംശയമില്ല! പിന്നെ വിവരം കെട്ടവന്മാരോടെന്തു പറയാനാ! ആദ്യമായിട്ടു്‌ കാണുന്നവരാണല്ലോ എന്നു്‌ കരുതി പല്ലുകടിച്ചുപിടിച്ചു്‌ അങ്ങു്‌ ക്ഷമിക്കുന്നതായിരിക്കും !

ഈ പറഞ്ഞതു്‌ ഭാഷാ പ്രയോഗങ്ങളുടെ കാര്യമാണു്‌ . എന്നാല്‍ അവരുടെ ദൃഷ്ടിയില്‍ നമ്മുടെ ഒരു കക്ഷിക്കു്‌ ഉണ്ടായ  "പെരുമാറ്റദൂഷ്യ"ത്തിന്റെ ഒരു അനുനുഭവം ഇവിടെ  എഴുതുന്നു. ഒരിക്കല്‍  ഞാനും സുഹൃത്തു്‌ ചന്ദ്രനുംകൂടി ഇവിടുത്തെ മിലട്ടറി കാന്റീനില്‍ പോയി. MES ലെ ഉദ്യോഗസ്ഥനാണു്‌ ചന്ദ്രന്‍. MES എന്നാല്‍ മിലട്ടറി എഞ്ജിനീയറിങ്ങ്‌ സര്‍വ്വീസ് എന്നാണു്‌ അര്‍ത്ഥമെങ്കിലും 'മലയാളി എഞ്ജിനീയറിങ്ങ്‌ സര്‍വ്വീസ് '  എന്നാണു്‌ പൊതുവെ പറയാറു്‌. വാസ്തവവും ഏതാണ്ടു്‌ അതു്‌ തന്നെ ! അന്നു്‌ ഏതു്‌ സംസ്ഥാനമെടുത്തു്‌ നോക്കിയാലും നമ്മുടെ കക്ഷികളായിരുന്നു  ഇതില്‍ ഏറിയപങ്കും.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ചന്ദ്രന്‍ ഇവിടെ തമിഴ്‌ നാട്ടില്‍ എത്തിയിട്ടു്‌ കുറച്ചു്‌ നാളെ ആയിട്ടുള്ളൂ. തമിഴു്‌ അത്രവശമില്ല. ഇഷ്ടനു്‌ ആവശ്യമുള്ള കുറെ സാധനങ്ങള്‍  വെല്ലിംടണ്‍  മിലട്ടറി കാന്റീനില്‍   നിന്നും വാങ്ങണം. മദ്രാസ് റജിമെന്റല്‍ സെന്റര്‍ (MRC), ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജ് (DSSC),  MES ഓഫീസുകസുകള്‍ തുടങ്ങി പട്ടാളവുമായി ബന്ധപ്പെട്ടു്‌ കിടക്കുന്ന കന്റോണ്‍മെന്റു്‌ ഏരിയയാണു്‌ വെല്ലിംടണ്‍ എന്ന  ഈ പ്രദേശം. സാധാപട്ടാളക്കാരും ഓഫീസേഴ്സും MES കാരും ഒക്കെക്കൂടി മിക്കസമയങ്ങളിലും തിരക്കായിരിക്കും ഈ കാന്റീനുകളില്‍.മുന്‍പറഞ്ഞഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കു്‌ കാന്റീനില്‍ എന്തൊക്കെയോ ഇളവു്‌ കിട്ടുമത്രേ! വലിയകടകളിലും മാര്‍ജിന്‍ ഫ്രീ ഷോപ്പുകളിലുമെല്ലാം ബക്കറ്റില്‍ സാധനങ്ങള്‍ എടുത്തശേഷം ബില്ലടിച്ചു്‌ പണം കൊടുത്തു്‌ പുറത്തുവരുന്നതു്  ഇന്നെല്ലാവര്‍ക്കുമറിയാം. ഇതേരീതിയില്‍ വലിയ ഷോപ്പിംഗ് മാള്‍പോലെയുള്ള ഇവിടുത്തെ കാന്റീനുകളില്‍ ആദ്യകാലങ്ങളില്‍ ആവശ്യമുള്ള സാധനങ്ങള്‍ നോക്കിയശേഷം അതിന്റെ ഒരു  ലിസ്റ്റ് കൊടുക്കണം . ആ ലിസ്റ്റില്‍ നോക്കി അവര്‍ ഓരോന്നായി എടുത്തുതരും പിന്നെ ബില്ലിംഗും പണം കെട്ടലും.. അങ്ങനെയായിരുന്നു അന്നത്തെ സിസ്റ്റം .

ഞങ്ങള്‍  അവിടെ എത്തി. ചന്ദ്രന്‍ വേണ്ടസാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിക്കൊടുത്തു. വളരെ നേരമായിട്ടും ഞങ്ങളെ മാത്രം ഗൌനിക്കുന്നില്ല. ആദ്യം ലിസ്റ്റ് കൊടുക്കുന്നവരെ ആദ്യക്രമത്തിലാണു്‌ പരിഗണിക്കുന്നതു്‌. ഇതിനകം ഞങ്ങള്‍ക്കു്‌ പിന്നാലെ വന്നവര്‍ സാധനങ്ങള്‍ വാങ്ങിയിരിക്കുന്നു! മറ്റൊരു പരിചയക്കാരനുമായി സംസാരിച്ചു്‌ നില്‍ക്കുകയായിരുന്നു ഞാന്‍ . സ്വന്തം വാച്ചില്‍ ഒന്നു്‌ നോക്കിയശേഷം ചന്ദ്രന്‍ സാധനമെടുത്തുതരുന്ന ആളിനെ നോക്കി ശൂ്‌.. ശൂ്‌.. എന്നുവിളിച്ചു്‌ നമ്മളെ ഒന്നു്‌ പരിഗണിക്കുന്നമെന്നു്‌ ആംഗ്യം കാണിക്കുന്നതുകണ്ടു. അയാള്‍ രൂക്ഷമായി ചന്ദ്രനെ
നോക്കിയിട്ടു്‌ "എനിക്കു്‌ വേറേപണിയുണ്ടെന്ന" മട്ടില്‍ മറ്റുള്ളവര്‍ക്കു്‌ സാധനങ്ങള്‍ എടുക്കാന്‍ പോകുന്നു. ഇതു്‌ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ഇടപെട്ടു.

"ഞങ്ങള്‍ എത്രനേരമായി വന്നിട്ടു്‌ ഞങ്ങള്‍ക്കു്‌ പിന്നാലെ വന്നവര്‍ സാധനങ്ങളും വാങ്ങി പോയ്ക്കഴിഞ്ഞല്ലോ"  എന്നു്‌ തമിഴില്‍ ഞാന്‍ പറഞ്ഞു. പെട്ടെന്നു്‌ വലിയ ദേഷ്യത്തോടെ അയാള്‍ പൊട്ടിത്തിറിച്ചു !!

"എന്താ ഞങ്ങള്‍ മനുഷ്യരല്ലേ, 'ശൂ്‌.. ശൂ്‌...' എന്നു്‌ വിളിക്കാന്‍ ഞങ്ങള്‍ പട്ടികളാണോ ? സാര്‍  കണ്ടില്ലേ അയാള്‍ ഇപ്പോഴും അങ്ങനെയല്ലേ വിളിച്ചതു്‌. പട്ടിയെ വിളിക്കുന്നപോലെയാണോ  മനുഷ്യരെ വിളിക്കുന്നതു്‌ ? കുറച്ചുകൂടി മാന്യമായി പെരുമാറാന്‍ പറയുക!"

'ഈ കക്ഷി പുതിയതായി വന്നതാണെന്നും തമിഴും ഇവിടുത്തെ പ്രയോഗങ്ങളും ശരിക്കറിയില്ലെന്നും യാതൊരു ദുരുദ്ദേശത്തിലുമല്ല അങ്ങനെചെയ്തതെന്നും'ഞാന്‍ അയാളെ പറഞ്ഞു സമാധാനിപ്പിച്ചു.
എന്താണു്‌ കുഴപ്പമെന്നറിയാതെ പകച്ചു്‌ നിന്ന ചന്ദ്രനോടു്‌  പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയും പറഞ്ഞു മനസിലാക്കി.

 "സുഹൃത്തേ ഇതെനിക്കു്‌ അറിയില്ലായിരുന്നുവെന്നും അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നും" ഒടുവില്‍ ചന്ദ്രന്‍ ഇംഗ്ലീഷില്‍ പറഞ്ഞു. അതോടെ അയാള്‍ ശാന്തനായി. ഉടനെ തന്നെ എല്ലാം ക്ലിയറാക്കി സാധനങ്ങള്‍ എടുത്തു തന്നു...

അതുകൊണ്ടു്‌ പ്രിയപ്പെട്ട മലയാളികളേ " ശൂ്‌.. ശൂ്‌.. എന്നുവിളിച്ചുള്ള സംസാരത്തില്‍ ...പട്ടിയുണ്ടാകും സൂക്ഷിക്കണം..! "
ഇതു്‌ അവരു്‌ കേള്‍ക്കണ്ടാ, കാരണം ഈ ഉപദേശം അതിനേക്കാള്‍ വലിയ ഗുല്‍മാലാണു്‌. 'സംസാര'മെന്നാല്‍ തമിഴില്‍ ഭാര്യ എന്നാണു്‌ അര്‍ത്ഥം!!