ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Tuesday, July 30, 2013

കേരളത്തിലെ നാറുന്ന ഭക്ഷണം !

വെളിച്ചെണ്ണയാണു്‌ ലോകത്തിലെ ഏറ്റവും വലിയ കൊളസ്റ്റ്രോള്‍ ഉല്പാദക വസ്തു എന്നുപറഞ്ഞു്‌ അമേരിക്കക്കാര്‍ കുറേനാള്‍ നമ്മളെ പറ്റിച്ചു. തൊലിവെളുത്ത സായിപ്പന്മാരല്ലേ വിശേഷിച്ചും അമേരിക്കക്കാര്‍ . പിന്നെ തിരുവയ്ക്കു്‌ എതിര്‍വ ഇല്ലല്ലോ ! വളരെ നാളുകള്‍ക്കു്‌ ശേഷം ഇതു്‌ സായിപ്പിന്റെ വെറും നമ്പരായിരുന്നുവെന്നു്‌ എപ്പോഴത്തേയും പോലെ വൈകി നമ്മുടെ ജനങ്ങളും തിരിച്ചറിഞ്ഞു! കേരവൃക്ഷത്തിന്റെ പെരുമയില്‍ അറിയപ്പെട്ടിരുന്ന കേരളത്തില്‍ ഇപ്പോള്‍ തെങ്ങും തേങ്ങയും പുരാവസ്തുക്കളായിക്കൊണ്ടിരിക്കുന്നു! നല്ല തേങ്ങയും കായ്ഫലമുള്ള തെങ്ങും തെങ്ങിന്‍തോപ്പുകളും കാണണമെങ്കില്‍ തമിഴു്‌ നാട്ടിലോ കര്‍ണാടകത്തിലോ ചെല്ലണം. കേരം തിങ്ങും കേരളനാടു്‌ എന്നഖ്യാതി പോയി ഇപ്പോ ള്‍ കേരകര്‍ഷകര്‍ വിങ്ങുന്ന നാടായി മാറിയിരിക്കുന്നു കേരളം! തമിഴ് നാട്ടിലേയും കര്‍ണാടകത്തിലേയും കായ് ഫലമുള്ളതെങ്ങും തെങ്ങിന്‍ തോപ്പുകളും കണ്ടാല്‍ നമുക്കു്‌ അസൂയതോന്നും ! മണ്ഡരിയും മഞ്ഞളിപ്പും കാറ്റു്‌വീഴ്ച്ചയും കാരണം കേരളത്തിലെ കേരകര്‍ഷകരുടെ കാറ്റുപോയി! ഉള്ളതെങ്ങുകള്‍ കുറ്റിച്ചൂലുപോലെ വെറും നോക്കുകുത്തികളായി നില്ക്കു ന്നു. അവശേഷിക്കുന്ന തെങ്ങിന്റെ ചോരനീരാക്കി "നീര" ഉല്പാദിപ്പിക്കാനുള്ള തത്രപ്പാടിലാണു്‌ നമ്മള്‍ . തേങ്ങയ്ക്കും കൊപ്രയ്ക്കും സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്കു്‌ അതു്‌ താങ്ങും തണലുമൊന്നുമായില്ല !

ഉരുക്കു്‌ വെളിച്ചെണ്ണ ഇന്നു്‌ പലര്‍ക്കും അറിയുമെന്നു്‌ തോന്നുന്നില്ല. പണ്ടത്തെ മുത്തശ്ശിമാര്‍ തേങ്ങയില്‍ നിന്നോ കൊപ്രയില്‍ നിന്നോ ചുരണ്ടിയെടുക്കുന്ന തേങ്ങപ്പീര ചീനച്ചട്ടിയിലിട്ടു്‌ തിളപ്പിച്ചോ കാച്ചിയോ ഉണ്ടാക്കിയിരുന്നതാണു്‌ ഈ ഉരുക്കു്‌ വെളിച്ചെണ്ണ . അമ്മയില്‍ നിന്നുംവേര്‍പെടുത്തുന്ന ചോരക്കുഞ്ഞിന്റെ പൊക്കിള്‍ ഉണക്കാനുള്ള ഔഷധമായും ഒരുകാലത്തു്‌ നാട്ടുമ്പുറങ്ങളില്‍ ഈ ഉരുക്കു്‌ വെളിച്ചെണ്ണ ഉപയോഗി ച്ചിരുന്നു. മാത്രമല്ല ഈ ഉരുക്കു്‌ വെളിച്ചെണ്ണ മാത്രം ഒഴിച്ചു്‌ പച്ചച്ചോറു്‌ തിന്നാനും പറ്റുമായിരുന്നു.. അത്രയ്ക്കു്‌ മണവും രുചിയും ഉണ്ടായിരുന്നു ആ വെളിച്ചെണ്ണക്കു്. ഇപ്പോള്‍ അതെടുത്തു്‌ പറയാന്‍ ഒരു കാരണമുണ്ടു്‌. ആ വെളിച്ചെണ്ണയുടെ രുചി ഉരുകിപ്പോയ ഒരു സംഭവം പറയട്ടെ!

തേയിലക്കാടുകളാല്‍ ചുറ്റപ്പെട്ട ജില്ലയാണു് തമിഴു് നാട്ടിലെ നീലഗിരി.ആലപ്പുഴ ജില്ലയിലുള്ളവ ര്‍ തേങ്ങ, തൊണ്ടു്, ചകിരി, കയ ര്‍ എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടു കഴിയുന്നു അതുപോലെ ഇന്നാട്ടിലെ ആള്‍ക്കാരുടെ ഉപജീവന മാര്ഗ്ഗം തേയിലയുമായി ബന്ധപ്പെട്ടതാണു്. എല്ലാം ഒരു തേയിലമയം ! അതുകൊണ്ടുതന്നെയാകാം ടീ ബോര്ഡി്ന്റെ പ്രധാനപ്പെട്ട ഓഫീസുകളി ല്‍ ഒന്നും ഇവിടെ കൂനൂരില്‍ ആകാന്‍ കാരണം.കേന്ദ്രഗവണ്മേന്റു് സ്ഥാപന മായ ഇതില്‍ പലസംസ്ഥാനക്കാരും പലഭാഷക്കാരും ജോലി നോക്കുന്നുണ്ടു്.തേയിലയെക്കുറിച്ച്പലതരത്തിലുള്ള ഗവേഷണങ്ങ ള്‍ (പുതിയതരം വിത്തിനങ്ങ ള്‍ മുതല്‍ കൃഷി,പരിപാലനം,വിളവെടുപ്പു്, കര്‍ഷകര്‍ക്കു്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ തുടങ്ങി ചായപ്പൊടി വിപണിയിലെത്തുന്നതു് വരെയുള്ളകാര്യങ്ങള്‍) നടത്തുന്നുണ്ടു്. അവരുടെ ആവശ്യത്തിനുള്ള റിസര്‍ച്ചു്‌ ഫോട്ടോകള്‍ മിക്കതും ഞാനാണു് എടുക്കാറുള്ളതു്. മലയാളികളും അല്ലാത്തവരുമായ ഒരുപറ്റം സുഹൃത്തുക്കളും അവിടെയുണ്ടു്.

കുറെനാളയി നല്ലപരിചയമുള്ള ആസ്സാം സ്വദേശിയായ ഒരു ഓഫീസറുമയി അടുത്തിടെ അല്പം അകലെയുള്ള ഒരു ടീ എസ്റ്റേറ്റില്‍ ടീബോര്ഡിംനുവേണ്ടി ചിത്രങ്ങളെടുക്കാന്‍ പോയി. തമിഴ് നാട്ടുകരായ തോട്ടമുടമയും മാനേജരുമൊക്കെക്കൂടി ഞങ്ങളെ സ്വീകരിച്ചു. ഞങ്ങള്‍ക്കു്‌ വേണ്ട ഔദ്യോഗിക കാര്യങ്ങളെല്ലാം ചെയ്യാന്‍ ഏര്‍പ്പാടാക്കിത്തന്നു. വളരെ ദൂരക്കൂടുതലായതിനാല്‍ വെളുപ്പിനു് ടീബോര്ഡികന്റെ വണ്ടിയില്‍ യാത്ര തിരിക്കേണ്ടിവന്നു. രാവിലെ ഒന്നും കഴിക്കാതെയാണു് ഞങ്ങള്‍ പുറപ്പെട്ടിരുന്നതു് . അതിനാല്‍ രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണവും അവിടെ എസ്റ്റേറ്റിന്റെ ഗസ്റ്റ് ഹൌസില്‍ തരപ്പെടുത്തിയിരുന്നു.ഉച്ചതിരിഞ്ഞു് ഏതാണ്ടു് മൂന്നുമണി കഴിഞ്ഞപ്പോള്‍ പോയസംഗതികളെല്ലാം പൂര്ത്തി യാക്കി ഞങ്ങള്‍ തിരികെ പുറപ്പെട്ടു.

കാറില്‍ ഇരുന്നു് വെറുതെ ബോറഡിക്കാതിരിക്കാന്‍ അയാള്‍ പലകാര്യങ്ങളും നാട്ടു് വിശേഷങ്ങളും സംസാരിച്ചിരുന്നു.കൂട്ടത്തില്‍ കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. രണ്ടു പെണ്മക്കളാണുള്ളതെന്നും രണ്ടുപേരും കേരളത്തിലാണു് പഠിക്കുന്നതെന്നും നല്ലവിദ്യാഭ്യാസമാണു് അവിടുത്തേതെന്നും പറഞ്ഞു. മൂത്തയാള്‍ നമ്മുടെ തലസ്ഥാനത്തെ പ്രശസ്തമായ ഒരു കോളേജില്‍ നിന്നും പോസ്റ്റു് ഗ്രാജുവേഷന്‍ കഴിഞ്ഞു് ഇപ്പോള്‍ പുറത്തു് വന്നു.രണ്ടാമത്തെയാള് ഈ വര്ഷംോ അവിടെ ഡിഗ്രിക്കു് ചേര്ന്നു . നമ്മുടെ നാടിനെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും അയാള്‍ പറയുന്നതുകേട്ടു് ഏതൊരു മഹാബലിയുടെ പ്രജക്കും തോന്നുന്ന ആഹ്ളാദം കൊണ്ടു് എനിക്കും 'അഭിമാനപൂരിതമായി അന്തരംഗം' എന്നു് പറയേണ്ടതില്ലല്ലോ ! കൂട്ടത്തില്‍ എസ്റ്റേറ്റില്‍ രാവിലേയും ഉച്ചക്കും ഒരുക്കിയിരുന്ന ഭക്ഷണത്തേക്കുറിച്ചായി സംഭാഷണം . അവര്‍ തന്ന ഭക്ഷണം വളരെ നന്നായിരുന്നു എന്നയാള്‍ അഭിപ്രായപ്പെട്ടു. അതു് പറഞ്ഞപ്പോഴാണു് നമ്മുടെ ഭക്ഷണക്കാര്യത്തെക്കുറിച്ചു് പറയാന്‍ അയാള്‍ ഓര്ത്ത്തു്‌. മക്കള്‍ രാണ്ടുപേരും ഹോസ്റ്റലില്‍ താമസിക്കുന്നതിനാല്‍ ഇടയ്ക്കു് വല്ലപ്പോഴുമൊക്കെ അയാളും കേരളത്തില്‍ വരാറുണ്ടത്രേ!

“നിങ്ങളുടെ നാടും കാലാവസ്ഥയുമൊക്കെ വളരെ നല്ലതു തന്നെ,അതു് സമ്മതിക്കുന്നു ! പക്ഷേ ഭക്ഷണത്തിന്റെ കാര്യം അല്പം കട്ടിയാണു് ?”

എരിവ് കൂടുതലുണ്ടെന്ന പരാതിയാകാം അയാള്‍ പറയാനുദ്ദേശിക്കുന്നതെന്നു് ഞാന്‍ ഊഹിച്ചു ! എന്നാല്‍ അയാള്‍ പറഞ്ഞതു് മറ്റൊന്നാണു്.

" നിങ്ങള്‍ കറികളില്‍ ഉപയോഗിക്കുന്ന മുളകിന്റേയും എരിവിന്റേയും കാര്യം സാരമില്ല, പക്ഷേ അതില്‍ ചേര്ക്കു ന്ന വെളിച്ചെണ്ണയുണ്ടെല്ലൊ അതിന്റെ 'നാറ്റം' സഹിക്കാനേപറ്റില്ല !!"

കാച്ചെണ്ണതേച്ച കാര്‍കൂന്തളത്തിന്റെ കാറ്റേറ്റാല്‍ പോലും (കാറ്റേല്ക്കണ്ട ആ പാട്ടു് കേട്ടാല്‍ പോലും) ഉന്മാദമുണ്ടകുന്ന മലയാളിയോടാണു് ഈ “നാറ്റക്കേസ് ” പറയുന്നതു്....! ഓരോരുത്തന്റെ രുചി, അല്ല അഭിരുചി..! അല്ലാതെന്തു് പറയാന്‍ ?


Wednesday, April 17, 2013

മാനം ഇടിഞ്ഞു വീഴുന്നേ....!


മാനം ഇടിയുമോ ? അങ്ങനെ സംഭവിക്കുമോ എന്നു്‌ പലരും സംശയിക്കുന്നു! പക്ഷേ ഈ 'മാനം' എങ്ങനെ ഇടിയുന്നു എന്നു്‌ നോക്കാം. ഇതു്‌ അകാശത്തിന്റെ കാര്യമല്ല നാട്ടുകാരുടെ മുന്നില്‍  മാനം ഉണ്ടെന്നു അഭിനയിക്കുന്നവരുടെ വേവലാതി കാരണം പൊതുജനത്തിനുണ്ടാകുന്ന ഉപദ്രവങ്ങളുടെ കഥയാണു്‌ !

ചില അമ്പലങ്ങള്‍ക്കു മുമ്പില്‍ തോര്‍ത്തും വെള്ളമുണ്ടും ഒക്കെ വില്‍ക്കുന്ന ചെറിയകടകള്‍ കാണാം. പലവലിയ ഹോട്ടലുകള്‍ക്കു് അരികിലും ഇതുപോലെ സോപ്പ് ,പേസ്റ്റ്, ബ്രഷ്,തോര്‍ത്തു്‌ തുടങ്ങിയ വില്‍ക്കുന്ന ചെറിയ കടകള്‍ ഉണ്ടാകും.മാത്രമല്ല ശബരിമല സീസണ്‍ പോലെയുള്ള അവസര
ങ്ങളില്‍  സീസണ്‍ നോക്കി പലസാധനങ്ങളും കച്ചവടം നടത്തുന്ന കക്ഷികളേയും നമുക്കു്‌ കാണാം. ഇവരൊക്കെ നാട്ടുകാരെ ഒരുവിധത്തില്‍ സഹായിക്കുകയാണെങ്കിലും പ്രധാനഉദ്ദേശം സ്വന്തം
ജീവിതമാര്‍ഗ്ഗം തന്നെയാണു്‌! എന്നാല്‍ തോര്‍ത്തോ പേസ്റ്റോ എടുക്കതെ യാത്രപുറപ്പെട്ടവര്‍ക്കു ഈ കടക്കാര്‍ വലിയ ആശ്വസമാണെന്നതില്‍ തര്‍ക്കമില്ല!!

നമ്മുടെ സംസ്കാരവും ഒപ്പം കുറ്റവാസനയും വല്ലാതെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ട
മാണല്ലോ  ഇപ്പോള്‍! അതുകാരണം സദാചാരപ്പോലീസും ജനമൈത്രിപോലീസും  മുക്കിനു്‌ മുക്കിനു്‌ മാതൃകാപോലീസ് സ്റ്റേഷനുകളും പോരെങ്കില്‍ താലൂക്കു്‌ തോറുമോ പഞ്ചായത്തു്‌ തോറുമോ പ്രത്യേക കോടതികളും 'ബഞ്ചുകളും കസേരകളും' ഒക്കെ പുതിയതായി തുടങ്ങട്ടെ!  ഏതു്‌ സംഗതി തുടങ്ങുമ്പോഴും അടിസ്ഥാന സൌകര്യങ്ങള്‍ ആണല്ലോ ആദ്യം വേണ്ടതു്‌. അതായതു്‌ ഒരോ
കോടതികളും പോലീസ് സ്റ്റേഷനുകളും തുടങ്ങുമ്പോള്‍ തീര്‍ച്ചയായും അതിനുള്ളില്‍ മുമ്പ്‌ സൂചിപ്പിച്ച ഓരോ പെട്ടിക്കടകളും അവശ്യം ഉണ്ടായിരിക്കണം!

മനുഷിക പരിഗണനകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നാട്ടില്‍ കൂടിവരുന്ന ഈ സന്ദര്‍ഭത്തില്‍ പോലീസ് സ്റ്റേഷനുകളിലും കോടതി വരാന്തകളിലും ഇത്തരം ചെറിയ പെട്ടിക്കടകളുടെ അഭാവം ചൂണ്ടിക്കാണിക്കുകയാണു്‌ ഇവിടെ ! കാരണം ചെറുമക്കളുടെ പ്രായംപോലുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരും കൂട്ടബലാല്‍സംഗ കേസുകളില്‍പെട്ടവരും പാവപ്പെട്ട സാധാരണക്കാര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം മണീചെയിന്‍ പോലുള്ള നിക്ഷേപങ്ങളാക്കി കൊള്ളയടിച്ചു്‌ കുടുങ്ങുന്നവരും മനുഷ്യത്വരഹിതമായി സഹജീവികളെ വെട്ടിനുറുക്കുന്ന വാടക  കൊലയാളി - ഗുണ്ടകളെയും സ്പിരിറ്റു്‌ മയക്കുമരുന്നു കള്ളക്കടത്തുകാരേയുമൊക്കെ പിടികൂടുമ്പോള്‍ വിചാരണക്കും തെളിവെടുപ്പിനുംമറ്റുമായി പൊതുസ്ഥലങ്ങളിലും കോടതിയിലും പോലീസ് സ്റ്റേഷനിലുമെല്ലാം കൊണ്ടുവരിക പതിവാണല്ലോ !

അത്തരം ആള്‍ക്കാര്‍ക്കു്‌ അവര്‍ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോഴൊന്നും ഒരു മനോവിഷമവും പരിസരബോധവും ഉണ്ടാകുന്നില്ല! എന്നാല്‍ ഒടുവില്‍  ഇങ്ങനെ പോലീസ് സ്റ്റേഷനില്‍ നിന്നോ കോടതിയില്‍ നിന്നോ പോലീസ് അകമ്പടിയോടെ വെളിയിലേക്കു്‌ വരുമ്പോള്‍ ഉണ്ടാകുന്ന നാണക്കേടു്‌  പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല!ആകാശം ഇടിഞ്ഞു്‌ വീഴുകയോ ഭൂമി പിളര്‍ന്നു്‌ അവര്‍ താഴേക്കു്‌ പോകണമെന്നു്‌ ആഗ്രഹിക്കുന്നതരത്തിലോഉള്ള വെപ്രാളവുംപരാക്രമങ്ങളുമാണു്‌
പലരും കാട്ടിക്കൂട്ടുന്നതു്‌ ! പ്രതേകിച്ചു്‌ മീഡിയാക്കാരെക്കാണുമ്പോള്‍ ! ചിലരു്‌ കര്‍ച്ചീഫുണ്ടെങ്കില്‍ അതു കൊണ്ടും മറ്റുചിലര്‍ പോലീസുകാരു്‌ ചായക്കടയില്‍ നിന്നു്‌ ഉഴുന്നുവട പൊതിഞ്ഞു്‌ കൊണ്ടുവന്ന തുണ്ടു്‌ കടലാസുകൊണ്ടും മറ്റുചിലര്‍ മുണ്ടിന്റെ തുമ്പു്‌ കൊണ്ടും ചിലര്‍ സ്വന്തം കൈപ്പത്തികൊണ്ടും വേറേ ചിലര്‍ തലതിരിച്ചും മുഖം കുനിച്ചും ഏതെല്ലാം തരത്തിലാണു്‌ "നാണം" മറയ്ക്കാന്‍ പാടുപെടുന്നതെന്നു്‌ ആരെങ്കിലും ഗൌനിക്കാറുണ്ടോ? അപ്പോള്‍ ഈ കക്ഷികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുരുക്കവുമായി തട്ടിച്ചു്‌നോക്കുമ്പൊള്‍ ഇവര്‍ ചെയ്ത കുറ്റങ്ങള്‍ എത്രയോ നിസ്സരമാമണെന്നകാര്യം ആലോചിക്കുമല്ലോ !!  വിലക്കപ്പെട്ട കനി തിന്നപ്പോള്‍ ഹൌവ്വയ്ക്കു്‌ നാണം വന്നതുപോലെ ഈ തിരുമുഖം  പ്രദര്‍ശിപ്പിക്കുന്ന സമയത്താണു്‌ അതുവരെ ഇല്ലാതിരുന്ന നാണവും മാനവുമെല്ലാം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതു്‌ !

ഇതുപോലെയുള്ള കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടുകയും (ഈ സൈബര്‍ യുഗത്തില്‍ വായന തീരെക്കുറവാണെന്നു്‌ PSC പോലും പരാതിപ്പെടുന്ന ഘട്ടത്തില്‍)  പത്രക്കഷണങ്ങളും കടലാസു്‌ തുണ്ടുകളും ആവശ്യത്തിനു്‌ കിട്ടതെ വരികയുംചെയ്യുന്ന അവസ്ഥവന്നാല്‍  പോലീസുകാരുടെ സ്വകാര്യമുറിയില്‍ അവര്‍ ഉണാക്കാനിട്ടിരിക്കുന്ന ബനിയനോ ജട്ടിയോ അറ്റകൈക്കു്‌ തൊപ്പിയോ
വരെ പലരും തങ്ങളുടെ മുഖം രക്ഷിക്കാനായി (തൊലിക്കട്ടിയുള്ള ശരീരത്തിന്റെ ബാക്കി ഭാഗം പ്രദര്‍ശിപ്പിച്ചാലും കുഴപ്പമില്ല) ഈ വെപ്രാളത്തില്‍ എടുത്തുകൊണ്ടു പോകുമെന്ന കാര്യംകൂടി ഓര്‍ക്കുമല്ലൊ! കണ്ണൂരിലും ആറന്മുളയിലും ഇടുക്കിയിലും വിമാനത്താവളങ്ങള്‍ തല്‍ക്കാലം
വന്നില്ലെങ്കിലും സഹിക്കാം നമ്മുടെ നാട്ടിലെ കോടതിപരിസരത്തും പോലീസ് സ്റ്റേഷനുകളിലും നല്ലതരം മുഖംമൂടികളോ  മുഖംമറക്കന്‍ പറ്റുന്ന പര്‍ദ്ദപോലുള്ള ഉടുപ്പുകളോ  വില്‍ക്കുന്ന കടകള്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ തുടങ്ങുന്നതു്‌ നല്ലതായിരിക്കും.ചില സന്യസിമാര്‍ ജനത്തിനെ കാണാനിറങ്ങുമ്പൊള്‍ വേഷഭൂഷതികളണിഞ്ഞു്‌ ഫുള്‍ മേക്കപ്പ് ചെയ്തു പുറത്തുവരുന്നതുപോലെ മുഖമ്മൂടി അണിയിച്ചു്‌ ഇവരുടെ മുഖം (ദുര്‍മുഖം) ആരും കാണുന്നില്ല എന്നു്‌ ഉറപ്പു്‌വരുത്തി വേണം പോലീസ് വെളിയിലേക്കു്‌ വിടാന്‍ !

അടുത്തിടെ ഏതോ ഒരു തടിയനായ വ്യക്തി ഒരുതുണ്ടു്‌ കടലാസു്‌ കഷണംകൊണ്ടു്‌ മുഖം മറച്ചു്‌ മുന്നും പിന്നും നോക്കാതെ ജല്ലിക്കെട്ടിനു്‌ തുറന്നുവിട്ട കാളയെപ്പോലെ കോടതിവിട്ടിറങ്ങി എങ്ങോട്ടെ
ന്നില്ലാതെ ഓടുന്നതും, ആ രംഗം ഷൂട്ട്‌ ചെതുകൊണ്ടിരുന്ന ഏതോ മാധ്യമക്കാരുടെ ഫോട്ടോഗ്രാഫറെ
ഇടിച്ചുവീഴ്ത്തി (ക്യാമറയുമായി അയാള്‍ വീഴുന്ന സീനും ക്ലിപ്പിങ്ങില്‍ കാണാം) പ്രാണന്‍ പറിച്ചു്‌ പാഞ്ഞുപോകുന്നതും വാര്‍ത്തയില്‍ കാണുകയുണ്ടായി. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാ
ക്കാനും "ഇരകള്‍ക്കു" വേണ്ടിമാത്രം എന്നും സംസരിക്കുന്ന സമൂഹവും കോടതികളും വേട്ടക്കാര്‍ക്കും നാണവും മാനവും ഉണ്ടെന്നും അതു്‌ കൂടി സംരക്ഷിക്കാന്‍ സന്മനസ്സു്‌ കാണിക്കണമെന്നും അറിയിക്കുന്നു!!

ആവശ്യമില്ലാത്ത പലവിഷയങ്ങളിലും ചാനലുകാര്‍ ചര്‍ച്ച നടത്തുന്നു എന്നാണു്‌ അസൂയക്കാരായ പലരുടേയും അഭിപ്രായം! പറ്റുമെങ്കില്‍ സ്ഥിരം കുറ്റികളെ ഒഴിവാക്കി ഈ കാര്യത്തില്‍, അതായതു്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനം രക്ഷിക്കാന്‍ പഴന്തുണിയോ കടലാസോ കിട്ടാതെ പൊതുസ്ഥലത്തു
വച്ചു്‌ ശരിക്കും തൊലിയുരിഞ്ഞുപോയ വ്യക്തികളെ കണ്ടുപിടിച്ചു്‌ നമ്മുടെ മാധ്യമങ്ങള്‍ ഇതേക്കുറിച്ചു്‌ വിപുലമായ ഒരു ചര്‍ച്ച വൈകുന്നേരങ്ങളില്‍ നടത്തുന്നതും ഉചിതമായിരിക്കും !

Saturday, March 9, 2013

'ശൂ്‌.. ശൂ്‌..' സൂക്ഷിക്കണം... "പട്ടി" ഒളിച്ചിരിപ്പുണ്ടു്‌...!!



അനചാരങ്ങളും അന്ധവിശ്വാസങ്ങളും വളെരെ കൂടുതലുള്ള സംസ്ഥാനമാണു്‌ തമിഴു്‌നാടു്‌.നമ്മളേക്കാള്‍ ഏതാണ്ടു്‌ ഇരുപത്തഞ്ചോ മുപ്പതോ‌ വര്‍ഷമെങ്കിലും പിന്നിലാണു്‌ അവര്‍ ഇന്നും.  അതുകൊണ്ടു തന്നെയാകാം ആചാരമര്യാദകള്‍ക്കൊപ്പം അവരുടെ എളിമയും മറ്റുള്ളവരോടു് ഒരുതരം പരസ്പര ബഹുമാനവും ഇന്നും അവര്‍  കാത്തുസൂക്ഷിക്കുന്നതു്‌ ! വടക്കന്‍ കേരളത്തിലെപ്പോലെ വരൂ ഇരിക്കൂ അല്ലെങ്കില്‍ വന്നാലും, ഇരുന്നാലും എന്നിങ്ങനെയുള്ള ഭാഷാ പ്രയോഗങ്ങളാണു്‌ സംഭാഷണത്തില്‍പ്പോലും ഉപയോഗിക്കുന്നതു്‌ . "ങ്ക" എന്നകൂട്ടക്ഷരമാണു്‌ ഇതിനായി അവര്‍ പ്രയോഗിക്കുന്നതു്‌. 'വാ' 'പോ' എന്നൊക്കെയുള്ളതിനു്‌ പകരം വാങ്കോ പോങ്കോ, ശൊല്ലുങ്കോ, ഉക്കാറുങ്കോ എന്നിങ്ങനെ ബഹുമാനപുരസരമാണു്‌ അവരുടെ സംഭാഷണങ്ങളും ശൈലികളും.ഇതെല്ലാം അറുപഴഞ്ചന്‍ സമ്പ്രദായങ്ങളാണല്ലോ നമ്മുടെ ദൃഷ്ടിയില്‍! നമ്മള്‍ എല്ലാവരോടും ഏതാണ്ടു്‌ ഒരേരീതിയിലാണു്‌ വാചകങ്ങള്‍ പ്രയോഗിക്കാറു്‌. പ്രാദേശികമായ നീട്ടും കുറുക്കും അതാതിടങ്ങളില്‍ ഉണ്ടെന്നല്ലാതെ വാ, ഇരിക്കു്‌ എന്നൊക്കെയല്ലേ നമ്മള്‍ സാധാരണ  പറയുന്നതു്‌. ഭാഷ 'ശ്രേഷ്ഠ'മാക്കിയാലും അല്ലെങ്കിലും നമ്മളങ്ങനെയെ പറയൂ !

കൊച്ചുകുട്ടികളെപ്പോലും ഈശീലം നന്നേചെറുപ്പംമുതലേ അവര്‍ അഭ്യസിപ്പിക്കുന്നു.തീരെച്ചെറിയ കുട്ടികളായാലും വാടാ പോടാ എന്നതിനു്‌ പകരം 'വാങ്കെടാ' 'പോങ്കെട' എന്നു്‌ ബഹുമാനസൂചകമായിട്ടാണു്‌ വിളിക്കുകയും പറയുകയുമെല്ലാം ചെയ്യുന്നതു്‌. നമ്മള്‍ പ്രത്യേകിച്ചു്‌ തെക്കന്‍ കേരളത്തിലുള്ളവര്‍ ഒട്ടും മയമില്ലാതെയും ബഹുമാനമില്ലാതെയുമാണു്‌ ഭാഷപ്രയോഗിക്കുന്നതെന്നാണു്‌ അവരുടെപക്ഷം.ഈ കടുത്ത ഭാഷാ പ്രേമവും പെരുമാറ്റരീതികളും മറ്റുള്ളവരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടു്‌. നമ്മളുണ്ടോ ഇതു്‌ വല്ലതും ഗൌനിക്കുന്നു ? അവരോടു്‌ സംസാരിക്കുമ്പോള്‍  'സാര്‍' എന്നു്‌ ബഹുമാനത്തിനായി നമ്മള്‍ ചേര്‍ത്താലും പാട്ടുകാരു്‌ പറയുന്നപോലെ "ങ്ക" എന്ന 'സംഗതി' ഇല്ലാതെവന്നാല്‍ അവരുടെ വിധംമാറും! ഉദാഹരണത്തിനു്‌  എന്നാ സാര്‍ ശൊല്ലു സാര്‍ എന്നു്‌ വളരെ ഭവ്യമായും ബഹുമാനമായും പറഞ്ഞാലും സാര്‍ എന്നു്‌ എത്ര തവണവിളിച്ചതിനും ഒരു ഫലവുമില്ലതെ വരികയും 'സംഗതി' ഇതില്‍ വരാഞ്ഞതിനാല്‍ വിപരീത ഫലം ഉണ്ടാവുകയും ചെയ്യും. "എന്നാങ്കോ സാര്‍ ശൊല്ലുങ്കോ" എന്നു്‌ പറഞ്ഞാല്‍ എല്ലാം ശരിയായി!! ഇതിനിടക്കുള്ള 'സാര്‍' ഇല്ലെങ്കിലും വലിയ പ്രശ്നമില്ല, 'സംഗതി' അവശ്യം വേണം. ഇതൊന്നും അറിയാതെ കേരളത്തില്‍ നിന്നെത്തുന്ന പലരും അറിയാവുന്ന തമിഴില്‍ അല്ല, തമിഴാളത്തില്‍  (തമിഴു്‌ + മലയാളം) പലപ്പോഴും തമിഴരോടു്‌ സംസാരിക്കാറുണ്ടു്‌. അതു്‌ അവരോടുള്ള ബഹുമാനം കൊണ്ടോ പ്രിയം കൊണ്ടോ അല്ല, നമ്മളുദ്ദേശിച്ചകാര്യം അവര്‍ക്കു്‌ പിടികിട്ടണമല്ലൊ എന്നതുകൊണ്ടുമാത്രമാണു്‌‌ ! അപ്പോഴും മുന്‍പറഞ്ഞ 'സംഗതി' യുടെ അഭാവം അവരെ മാനസികമായി പ്രയാസപ്പെടുത്തും എന്നതിനു്‌ സംശയമില്ല! പിന്നെ വിവരം കെട്ടവന്മാരോടെന്തു പറയാനാ! ആദ്യമായിട്ടു്‌ കാണുന്നവരാണല്ലോ എന്നു്‌ കരുതി പല്ലുകടിച്ചുപിടിച്ചു്‌ അങ്ങു്‌ ക്ഷമിക്കുന്നതായിരിക്കും !

ഈ പറഞ്ഞതു്‌ ഭാഷാ പ്രയോഗങ്ങളുടെ കാര്യമാണു്‌ . എന്നാല്‍ അവരുടെ ദൃഷ്ടിയില്‍ നമ്മുടെ ഒരു കക്ഷിക്കു്‌ ഉണ്ടായ  "പെരുമാറ്റദൂഷ്യ"ത്തിന്റെ ഒരു അനുനുഭവം ഇവിടെ  എഴുതുന്നു. ഒരിക്കല്‍  ഞാനും സുഹൃത്തു്‌ ചന്ദ്രനുംകൂടി ഇവിടുത്തെ മിലട്ടറി കാന്റീനില്‍ പോയി. MES ലെ ഉദ്യോഗസ്ഥനാണു്‌ ചന്ദ്രന്‍. MES എന്നാല്‍ മിലട്ടറി എഞ്ജിനീയറിങ്ങ്‌ സര്‍വ്വീസ് എന്നാണു്‌ അര്‍ത്ഥമെങ്കിലും 'മലയാളി എഞ്ജിനീയറിങ്ങ്‌ സര്‍വ്വീസ് '  എന്നാണു്‌ പൊതുവെ പറയാറു്‌. വാസ്തവവും ഏതാണ്ടു്‌ അതു്‌ തന്നെ ! അന്നു്‌ ഏതു്‌ സംസ്ഥാനമെടുത്തു്‌ നോക്കിയാലും നമ്മുടെ കക്ഷികളായിരുന്നു  ഇതില്‍ ഏറിയപങ്കും.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ചന്ദ്രന്‍ ഇവിടെ തമിഴ്‌ നാട്ടില്‍ എത്തിയിട്ടു്‌ കുറച്ചു്‌ നാളെ ആയിട്ടുള്ളൂ. തമിഴു്‌ അത്രവശമില്ല. ഇഷ്ടനു്‌ ആവശ്യമുള്ള കുറെ സാധനങ്ങള്‍  വെല്ലിംടണ്‍  മിലട്ടറി കാന്റീനില്‍   നിന്നും വാങ്ങണം. മദ്രാസ് റജിമെന്റല്‍ സെന്റര്‍ (MRC), ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജ് (DSSC),  MES ഓഫീസുകസുകള്‍ തുടങ്ങി പട്ടാളവുമായി ബന്ധപ്പെട്ടു്‌ കിടക്കുന്ന കന്റോണ്‍മെന്റു്‌ ഏരിയയാണു്‌ വെല്ലിംടണ്‍ എന്ന  ഈ പ്രദേശം. സാധാപട്ടാളക്കാരും ഓഫീസേഴ്സും MES കാരും ഒക്കെക്കൂടി മിക്കസമയങ്ങളിലും തിരക്കായിരിക്കും ഈ കാന്റീനുകളില്‍.മുന്‍പറഞ്ഞഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കു്‌ കാന്റീനില്‍ എന്തൊക്കെയോ ഇളവു്‌ കിട്ടുമത്രേ! വലിയകടകളിലും മാര്‍ജിന്‍ ഫ്രീ ഷോപ്പുകളിലുമെല്ലാം ബക്കറ്റില്‍ സാധനങ്ങള്‍ എടുത്തശേഷം ബില്ലടിച്ചു്‌ പണം കൊടുത്തു്‌ പുറത്തുവരുന്നതു്  ഇന്നെല്ലാവര്‍ക്കുമറിയാം. ഇതേരീതിയില്‍ വലിയ ഷോപ്പിംഗ് മാള്‍പോലെയുള്ള ഇവിടുത്തെ കാന്റീനുകളില്‍ ആദ്യകാലങ്ങളില്‍ ആവശ്യമുള്ള സാധനങ്ങള്‍ നോക്കിയശേഷം അതിന്റെ ഒരു  ലിസ്റ്റ് കൊടുക്കണം . ആ ലിസ്റ്റില്‍ നോക്കി അവര്‍ ഓരോന്നായി എടുത്തുതരും പിന്നെ ബില്ലിംഗും പണം കെട്ടലും.. അങ്ങനെയായിരുന്നു അന്നത്തെ സിസ്റ്റം .

ഞങ്ങള്‍  അവിടെ എത്തി. ചന്ദ്രന്‍ വേണ്ടസാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിക്കൊടുത്തു. വളരെ നേരമായിട്ടും ഞങ്ങളെ മാത്രം ഗൌനിക്കുന്നില്ല. ആദ്യം ലിസ്റ്റ് കൊടുക്കുന്നവരെ ആദ്യക്രമത്തിലാണു്‌ പരിഗണിക്കുന്നതു്‌. ഇതിനകം ഞങ്ങള്‍ക്കു്‌ പിന്നാലെ വന്നവര്‍ സാധനങ്ങള്‍ വാങ്ങിയിരിക്കുന്നു! മറ്റൊരു പരിചയക്കാരനുമായി സംസാരിച്ചു്‌ നില്‍ക്കുകയായിരുന്നു ഞാന്‍ . സ്വന്തം വാച്ചില്‍ ഒന്നു്‌ നോക്കിയശേഷം ചന്ദ്രന്‍ സാധനമെടുത്തുതരുന്ന ആളിനെ നോക്കി ശൂ്‌.. ശൂ്‌.. എന്നുവിളിച്ചു്‌ നമ്മളെ ഒന്നു്‌ പരിഗണിക്കുന്നമെന്നു്‌ ആംഗ്യം കാണിക്കുന്നതുകണ്ടു. അയാള്‍ രൂക്ഷമായി ചന്ദ്രനെ
നോക്കിയിട്ടു്‌ "എനിക്കു്‌ വേറേപണിയുണ്ടെന്ന" മട്ടില്‍ മറ്റുള്ളവര്‍ക്കു്‌ സാധനങ്ങള്‍ എടുക്കാന്‍ പോകുന്നു. ഇതു്‌ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ഇടപെട്ടു.

"ഞങ്ങള്‍ എത്രനേരമായി വന്നിട്ടു്‌ ഞങ്ങള്‍ക്കു്‌ പിന്നാലെ വന്നവര്‍ സാധനങ്ങളും വാങ്ങി പോയ്ക്കഴിഞ്ഞല്ലോ"  എന്നു്‌ തമിഴില്‍ ഞാന്‍ പറഞ്ഞു. പെട്ടെന്നു്‌ വലിയ ദേഷ്യത്തോടെ അയാള്‍ പൊട്ടിത്തിറിച്ചു !!

"എന്താ ഞങ്ങള്‍ മനുഷ്യരല്ലേ, 'ശൂ്‌.. ശൂ്‌...' എന്നു്‌ വിളിക്കാന്‍ ഞങ്ങള്‍ പട്ടികളാണോ ? സാര്‍  കണ്ടില്ലേ അയാള്‍ ഇപ്പോഴും അങ്ങനെയല്ലേ വിളിച്ചതു്‌. പട്ടിയെ വിളിക്കുന്നപോലെയാണോ  മനുഷ്യരെ വിളിക്കുന്നതു്‌ ? കുറച്ചുകൂടി മാന്യമായി പെരുമാറാന്‍ പറയുക!"

'ഈ കക്ഷി പുതിയതായി വന്നതാണെന്നും തമിഴും ഇവിടുത്തെ പ്രയോഗങ്ങളും ശരിക്കറിയില്ലെന്നും യാതൊരു ദുരുദ്ദേശത്തിലുമല്ല അങ്ങനെചെയ്തതെന്നും'ഞാന്‍ അയാളെ പറഞ്ഞു സമാധാനിപ്പിച്ചു.
എന്താണു്‌ കുഴപ്പമെന്നറിയാതെ പകച്ചു്‌ നിന്ന ചന്ദ്രനോടു്‌  പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയും പറഞ്ഞു മനസിലാക്കി.

 "സുഹൃത്തേ ഇതെനിക്കു്‌ അറിയില്ലായിരുന്നുവെന്നും അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നും" ഒടുവില്‍ ചന്ദ്രന്‍ ഇംഗ്ലീഷില്‍ പറഞ്ഞു. അതോടെ അയാള്‍ ശാന്തനായി. ഉടനെ തന്നെ എല്ലാം ക്ലിയറാക്കി സാധനങ്ങള്‍ എടുത്തു തന്നു...

അതുകൊണ്ടു്‌ പ്രിയപ്പെട്ട മലയാളികളേ " ശൂ്‌.. ശൂ്‌.. എന്നുവിളിച്ചുള്ള സംസാരത്തില്‍ ...പട്ടിയുണ്ടാകും സൂക്ഷിക്കണം..! "
ഇതു്‌ അവരു്‌ കേള്‍ക്കണ്ടാ, കാരണം ഈ ഉപദേശം അതിനേക്കാള്‍ വലിയ ഗുല്‍മാലാണു്‌. 'സംസാര'മെന്നാല്‍ തമിഴില്‍ ഭാര്യ എന്നാണു്‌ അര്‍ത്ഥം!!

Monday, November 12, 2012

ഒരു പി എസ്സ് എല്‍ വി സംപ്രേക്ഷണം !


തെറ്റായി എഴുതിപ്പോയതല്ല വിഷയം സംപ്രേക്ഷണത്തെപ്പറ്റിത്തന്നെയാണു്‌ . അപ്പോള്‍ പി എസ്സ് എല്‍വി എങ്ങനെ സംപ്രേക്ഷണം ചെയ്തു എന്നറിയണ്ടേ ?

നല്ലമഴയും മിസ്റ്റ്മുള്ള ഒരു ദിവസം മെഴുകുതിരി വെളിച്ചത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ഫോണ്‍വന്നു.

"ദത്തന്‍സാറല്ലേ ?" അങ്ങേത്തലക്കല്‍ നിന്നും ഒരു പെണ്‍ശബ്ദം.

"അതേ" എന്നു്‌ ഞാന്‍പറഞ്ഞു.

"ഇപ്പോള്‍ സാറിന്റെ അഭിപ്രായം എന്താണു്‌?"

കഴിക്കുന്ന ഭക്ഷണത്തേക്കുറിച്ചു്‌ അഭിപ്രായം അറിഞ്ഞിട്ടു്‌ നാട്ടുകാര്‍ക്കു്‌ എന്തുകാര്യം ! അഥവ അതേക്കുറിച്ചു്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു്‌ ഭാര്യയോടു്‌ പറഞ്ഞാല്‍  പോരേ ?

ഓര്‍ക്കാപ്പുറത്തുള്ള ചോദ്യം കേട്ടു്‌ ഒന്നുമറിയാത്ത ഞാന്‍ 'എന്തിനെക്കുറിച്ചാണെന്നു്‌ ' തിരിച്ചു്‌ ചോദിച്ചു.

" PSLV യെക്കുറിച്ചു്‌."

" അതെക്കുറിച്ചു്‌ ഞാന്‍ എന്തു്‌ പറയാനാണു്‌ ?"

"ഈ വിക്ഷേപണത്തേക്കുറിച്ചു്‌ എന്തെങ്കിലും ചിലതു്‌."

"എനിക്കൊന്നും പറയാനില്ല"

" അല്ല, സാറിന്റെ അഭിപ്രായം എന്താണു്‌...? ഇപ്പോള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയല്ലോ ! അതേക്കുറിച്ചു്‌..? "

"ഇവിടെ മൂന്നു ദിവസമായി കറന്റില്ല, ന്യൂസ് കാണാനെ കഴിയുന്നില്ല." എന്നു്‌ ഞാനവരോടു പറഞ്ഞു.

"എങ്കിലും ഈ വിജയത്തെക്കുറിച്ചു്‌ സാറിനെന്താണു്‌ പറയാനുള്ളതു്‌ ?"

"ദത്തന്‍ സാറല്ലേ" എന്നു്‌ വീണ്ടും ചോദ്യം!

"അതെ" എന്നു്‌ ഞാനും!

"സാര്‍ ഇതു് TV ന്യൂസിന്റെ ഫോണിംഗ് പ്രോഗ്രാമാണു്‌. ഞാന്‍ കണക്റ്റു ചെയ്യാം. സാര്‍ സംസാരിച്ചോളൂ...."

"വേണ്ടാ ഞാന്‍ അതിന്റെ ആളല്ല."

"സാറു്‌ നേരിട്ടല്ലെങ്കിലും, ഈ ദൌത്യം വിജയിച്ചതിനേക്കുറിച്ചു്‌..? "

ആളു മാറി വിളിച്ചതാകാം എന്നു തോന്നിയതിനാല്‍ എന്നെ തിരിച്ചറിയാനായി ഒരു 'ക്ലൂ' കൊടുത്തു.

"ഞാന്‍ ഊട്ടിയിലാണു്‌."

"സാരമില്ല, സാറിനെ ടൂറിനിടയില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം... എങ്കിലും താങ്കളുടെ വ്യക്തിപരമായ അഭിപ്രായം?"

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായി ! അറിയാത്തകാര്യത്തെക്കുറിച്ചു്‌ എന്തു്‌ പറയാനാണു്‌ ?

ശരിക്കു്‌ അറിയാത്ത ഒരു വിഷയത്തെക്കുറിച്ചും ആധികാരികമായി പറയാന്‍ ഒരിക്കലും തയ്യാറാകാത്ത വ്യക്തിയാണു് ഞാന്‍ .പിന്നെ ഇതേക്കുറിച്ചു്‌ എന്തു്‌ വ്യക്തിപരമായകാര്യം പറയാനാണു്‌ ?

സ്പുട്ട്ണിക്കു്‌, ചന്ദ്രയാന്‍ , പിഎസ് എല്‍വി ഇവയൊക്കെ അറിയാമെങ്കിലും ബഹിരാകാശത്തേക്കു്‌ കടക്കാനോ ഇവയൊന്നും അങ്ങോട്ടു്‌ കടത്താനോ ഞാന്‍ നാളിതുവരെ ശ്രമിച്ചിട്ടില്ല !! എനിക്കാകെ ക്ഷമകെട്ടിരുന്നു.

"പറഞ്ഞകാര്യം തന്നല്ലേ പിന്നേം പിന്നേം ആവര്‍ത്തിക്കുന്നതു്‌. എന്താ ഈ പറയുന്നതു്‌ മനസിലകുന്നില്ലേ ?"

എന്നു്‌ അല്പം ശബ്ദമുയര്‍ത്തി ഞാന്‍ ചോദിച്ചു. എന്തോ പന്തികേടുണ്ടെന്നു്‌ തോന്നിയിട്ടാകാം ok, ok സാര്‍ പിന്നെവിളിക്കാം എന്നുപറഞ്ഞു്‌ അവര്‍ ഫോണ്‍ കട്ടുചെയ്തു.

പി എസ്സ് എല്‍വി യുമായി ബന്ധപ്പെട്ടു്‌ ദത്തന്‍ എന്നപേരില്‍ ഒരു മലയാളി ശാത്രജ്ഞനുണ്ടെന്നകാര്യം കുറച്ചു്‌ ദിവസിക്കകം പത്രവാര്‍ത്തകളില്‍ നിന്നും എനിക്കു്‌ മനസിലായി. അദ്ദേഹത്തിനു്‌ പകരമായിരിക്കാം എന്റെ ഫോണ്‍ നമ്പരില്‍ വിളിച്ചതെന്നു്‌ ഞാന്‍ ഇപ്പോള്‍ ഊഹിക്കുന്നു.

ദൂരദര്‍ശനുള്‍പ്പെടെയുള്ള നമ്മുടെ പലചാനലുകളും എന്റെ അഭിമുഖങ്ങളും മറ്റും വല്ലപ്പോഴും സംപ്രേക്ഷണം ചെയ്യാറുണ്ടു്‌. അതുകാരണം എന്റെ ഫോണ്‍നമ്പര്‍ അവരുടെ കൈവശം സൂക്ഷിക്കുക സ്വാഭാവികമാണു്‌. അവിടങ്ങളില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാന്‍ പുതിയതായി വന്ന വല്ല 'വാല്‍ നക്ഷത്രങ്ങളും' ആവേശം മൂത്തു്‌ ഭ്രമണപഥം തെറ്റിച്ചു്‌ എന്റെ നമ്പരിലേക്കു്‌ അതു്‌ വിക്ഷേപിച്ചതാകാം ഈ 'ഉള്‍വിളിക്കു്‌ ' കാരണം! ഈ കോലാഹലത്തിനിടയില്‍ ഏതു്‌ ചാനലില്‍ നിന്നാണെന്നു്‌ ചോദിക്കാന്‍ ഞാന്‍ വിട്ടുപോയതു്‌ ഒരബദ്ധമായിപ്പോയെന്നും ഇപ്പോള്‍ തോന്നുന്നു.

Wednesday, July 25, 2012

കടാഫിയും ഒരു ചടാക്കു്‌ വണ്ടിയും!


ഒരോ ഭാഷക്കാരും അന്യഭാഷ സംസാരിക്കുമ്പോള്‍ അതോടൊപ്പം അവരുടെ ഉച്ചാരണത്തില്‍ മാതൃഭഷയുടെ അംശംകൂടി കലര്‍ന്നു വരിക സാധാരണമാണു്‌. അതുകൊണ്ടാണല്ലൊ ചൂട്‌ ചേമ്പു്‌ വയിലിട്ടതുപോലെ സംസാരിക്കുന്ന സായിപ്പ് നമ്മുടെ ഇംഗീഷു്‌ കേള്‍ക്കുമ്പോള്‍ പന്തംകണ്ട പെരിച്ചാഴിയേപ്പോലെ അന്തം വിട്ടു്‌നില്‍ക്കുന്നതു്‌..! പക്ഷേ സായിപ്പു്‌ പറയുന്ന ആ ഇംഗ്ലീഷു്‌ അത്ര ശരിയല്ലെന്നും നമ്മള്‍ പറയുന്നതാണു്‌ ശരിയായ ഇംഗ്ലീഷെന്നുമാണു്‌ ബുദ്ധിരാക്ഷസന്മാരായ നമ്മുടെ നാട്ടുകാരുടെ പക്ഷം ?

ചിലപ്പോള്‍ നമ്മുടെ ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഉച്ചാരണങ്ങള്‍ വികലമാകുന്നതായും അര്‍ത്ഥങ്ങള്‍ തന്നെ മാറുന്നതായും കാണാം.ഒരുപക്ഷേ മറ്റു്‌ ഭാഷക്കാര്‍ നമ്മളെക്കുറിച്ചും ഇങ്ങനെ ആയിരിക്കും പറയുന്നതു്‌. ഏതയാലും തമിഴ് നാട്ടില്‍ എനിക്കുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ ഇവിടെ എഴുതുന്നു.

ഇതിന്റെ ടൈറ്റില്‍ കേട്ടപ്പോള്‍ തന്നെ ഏതോ ഒരു പന്തികേടു്‌ തോന്നുന്നില്ലേ ! "കടാഫി" എങ്ങനെയുണ്ടു്‌ സാറേ ? നല്ലവിദ്യാഭ്യാസമുള്ള ഒരു തമിഴനുമായി ഈയ്യിടെ സംസരിച്ചു്‌ നില്‍ക്കുമ്പോള്‍ അയാള്‍ എന്നോടു്‌ ചോദിച്ചതാണു്‌. ഇതെന്തു്‌ സാധനമാണെന്നറിയാതെ ഒരു നിമിഷം ഞാന്‍ മിഴിച്ചുനിന്നു ! ഇതിനു്‌ മുമ്പു്‌ ഇങ്ങനെ ഒന്നിനെക്കുറിച്ചു്‌ കേട്ടിട്ടില്ല. എന്റെ മുഖഭാവം കൊണ്ടായിരിക്കണം കക്ഷി ഒരു വിശദീകരണം തന്നു. 'സാര്‍ ഈ ലോകത്തെങ്ങുമല്ലേ, കൊടുംക്രൂരനായ ലിബിയ നാട്ടിലെ... ' ഇഷ്ടന്റെ 'ക്ലൂ' കേട്ടപ്പോള്‍ കാര്യം പിടികിട്ടി. ഈ പറഞ്ഞ കടാഫി ലിബിയന്‍ സ്വേഛാധിപതി കേണല്‍ ഗദ്ദാഫിയാണെന്നു്‌ ! തമിഴരുടെ ചില പദപ്രയോഗങ്ങളും ഉച്ചാരണവും എനിക്കു്‌ പലപ്പോഴും തമാശയായി തോന്നാറുണ്ടു്‌ . ഇതു് പറയുമ്പോള്‍ കുറേ മുമ്പു്‌ നടന്ന രസകരമായ കാര്യം കൂടിപ്പറയാം.

തമിഴു്‌ നാട്ടില്‍ വന്നിട്ടു്‌ അധിക നാളായില്ല.എങ്കിലും അറിയാവുന്ന മുറി തമിഴും മലയാളവും, അല്ല തമിഴാളവുമൊക്കെയായി പലരേയും പരിചയപ്പെടുകയും കുറച്ചു്‌ പുതിയ സുഹൃത്തുക്കളെ കിട്ടുകയും ചെയ്തു. കൂട്ടത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരായ കുറെ ചെറുപ്പക്കാരേയും കിട്ടി. ഒഴിവു്‌ ദിവസങ്ങളില്‍ ഞാന്‍ അവരുടെ റൂമിലേക്കും അവര്‍ എന്റെ റൂമിലേക്കും വരാന്‍ തുടങ്ങി. ബാച്ചിലേഴ്‌സായ ഞങ്ങള്‍ ട്രക്കിങ്ങും മറ്റും സംഘടിപ്പിക്കുകയും കാഴ്ച്ചകള്‍ കാണാന്‍ പലയിടങ്ങളില്‍ ചുറ്റിക്കറങ്ങുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെയാണു്‌ ഡി.ഡി.യുടേയും ചെക്കിന്റേയുമൊക്കെ കാര്യങ്ങള്‍ ആവശ്യമായി വന്നതു്‌ .ഒരു ബാങ്കു്‌ അക്കൌണ്ടില്ല. പുതിയ അക്കൌണ്ടു്‌ തുറക്കാന്‍ തീരുമാനിച്ചു.അപ്പോള്‍ സൌഹൃദവലയത്തിലെ ഒരുകക്ഷി എന്നെ അവരുടെ ബാങ്കിലേക്കു്‌ ക്ഷണിച്ചു.അതുപ്രകാരം ഒരു വര്‍ക്കിങ്ങ് ഡേയില്‍ അയാളെകാണാന്‍ ബാങ്കിലെത്തി. ഇഷ്ടന്‍ ഉടനെതന്നെ അതിന്റെകാര്യങ്ങള്‍ ശരിയാക്കി പാസ് ബുക്കു്‌ സഹിതം കൈയ്യില്‍ തന്നു. എന്റെ താമസ്സസ്ഥലവുമായി കുറച്ചകലെആയിരുന്നു ഈ ബാങ്കു്‌. ബസ്സ് പോകുന്നവഴിയാണെങ്കിലും അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ കുറെദൂരം പിന്നെയും നടക്കണം . അതിനേക്കാള്‍ ഭേദം സ്റ്റെപ്പ് ഇറങ്ങി വെട്ടുവഴിയിലെ ഷോര്‍ട്ട് കട്ടിലൂടെ നടന്നു്‌ പോകുന്നതായിരുന്നു. അങ്ങനെ ഇടയ്ക്കിടെ ആ ബാങ്കില്‍ പോകാറുണ്ടായിരുന്നു. ഒരു ദിവസം നമ്മുടെ ബാങ്കര്‍ സുഹൃത്തു്‌ വെറുതെ ഒരു ലോഹ്യം ചോദിച്ചു . രാവിലെ എന്തു്‌ കഴിച്ചെന്നു്‌. ഇഡ്ഡലി എന്നു്‌ ഞാന്‍ പറഞ്ഞതും സുഹൃത്തും കൂടിയിരുന്ന രണ്ടുമൂന്നു്‌ പേരും പൊട്ടിച്ചിരിച്ചു! കാര്യമെന്തെന്നറിയാതെ ഞാന്‍ ആകെ വിളറി വെളുത്തു !! ഇനി നമ്മുടെ ഇഡ്ഡലി എന്ന നിരുപദ്രവിയായ ഭക്ഷണപദാര്‍ത്ഥത്തിന്റെ പേരു്‌ തമിഴ്‌നാട്ടിലെ വല്ല പച്ചത്തെറിയുമാണോ എന്നായി എന്റെ സംശയം! അവരുടെ ചിരി അടങ്ങിയപ്പോള്‍ കാര്യം തിരക്കിയ എനിക്കു്‌ അയാളുടെ വിശദീകരണം കേട്ടപ്പോഴാണു്‌ ചിരിക്കാന്‍ തോന്നിയതു്‌. സാറേ ഇത്താലി എന്നതു്‌ ഒരു രാജ്യമല്ലേ അതു്‌ സാര്‍ എങ്ങനെ തിന്നു എന്നോര്‍ത്താണു്‌ ഞങ്ങള്‍ ചിരിച്ചതെന്നു്‌...!

ഒരിക്കല്‍ ഇതുപോലെ അവിടെ ചെന്നതു്‌ നല്ല വെയിലുള്ളഒരു ദിവസമായിരുന്നു. സാമാന്യം തിരക്കായിരുന്നെങ്കിലും ചെന്നകാര്യം പുള്ളിക്കാരന്‍ വേഗം ശരിയാക്കിത്തന്നു. എന്നിട്ടു്‌ ഇഷ്ടന്‍ ചോദിച്ചു 'ഇങ്ങോട്ടുവരാന്‍ സാറിനു്‌ കൂടുതല്‍ നടക്കണം അല്ലേ? ' ഞന്‍ പറഞ്ഞു "ഓ അതുസാരമില്ല ഇത്രയും ദൂരമല്ലേയുള്ളൂ ...! " "എന്നാലും ഈ വെയിലത്തൊക്കെ കുറേനടക്കണ്ടേ " എന്നായി അയാള്‍ വേണ്ടപ്പെട്ട ആള്‍ എന്നരീതിയില്‍ കക്ഷി ഒരു നിര്‍ദ്ദേശംവച്ചു. "താങ്കള്‍ ഒരു വണ്ടി വാങ്ങിക്കു്‌. തല്‍ക്കാലം ഒരു ടൂവീലര്‍ മതി. വളരെ വിലക്കുറവില്‍ വെല്ലിംഗ് ടണില്‍ വാങ്ങാന്‍കിട്ടും " (ഇവിടെ അടുത്താണു്‌ DSSC അഥവ ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജ് . ഇന്‍ഡ്യയിലെ മറ്റു്‌ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും മിലട്ടറി ഓഫീസേഴ്സ് ട്രെയിനിങ്ങ് കോഴ്സിനായി ഓഫീസേഴ്സ് ഇവിടെയാണു്‌ വരുന്നതു്‌. കോഴ്സ് പൂര്‍ത്തിയാക്കി ബാച്ചുകളായി തിരികെ പോകുന്ന അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ കിട്ടുന്നവിലക്കു്‌ കൊടുത്തിട്ടു്‌ സ്ഥലംവിടുകയാണു്‌ പതിവു്‌.) ആ സമയം നോക്കി ഒരു സ്ക്കൂട്ടര്‍ വാങ്ങിക്കാനായിരുന്നു നമ്മുടെ സുഹൃത്തിന്റെ നിര്‍ദ്ദേശം. "ശരി നോക്കാം" എന്നു്‌ ഞാന്‍ പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന്‍ വലിയ ആവേശത്തിലായി. "സാര്‍ വാങ്ങുന്നെങ്കില്‍ ഒരു ചടാക്കു്‌ വണ്ടി വാങ്ങിക്കു്‌. വിലകുറച്ചു്‌ നമുക്കു്‌ വാങ്ങാം നല്ലമൈലേജു്‌ കിട്ടും." ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി! എന്തിനാ കാശുകൊടുത്തു്‌ ഒരു ' ചടാക്കു്‌ ' വണ്ടി വാങ്ങുന്നതു്‌ ? ചടാക്കു്‌ വണ്ടിയെന്നാല്‍ നമ്മുടെനാട്ടില്‍ ഇറച്ചി വിലയ്ക്കു്‌ ആക്രിക്കടയിലേക്കു്‌ കെട്ടിവലിച്ചുകൊണ്ടുപോകുന്നതരം ടൂവീലറുകളാണു്‌ . എന്റെ ദയനീയമായ നോട്ടം കാരണമാകാം പുള്ളി പറഞ്ഞു. "സാര്‍ വിചാരിക്കുന്നപോലെയല്ല, വളരെ നല്ലതാണു്‌ വരൂ എന്റെ വണ്ടി കാണിച്ചു്‌ തരാം " എന്നു്‌ പറഞ്ഞു്‌ ബാങ്കിനു്‌ പുറത്തേക്കു്‌ വന്നു്‌ അവിടെയിരുന്ന ഒരു നല്ല വണ്ടി കാണിച്ചു്‌ തന്നു.. ഒരു ചേതക്കു്‌ സ്ക്കൂട്ടര്‍ ! അതേ, ഉച്ചരിച്ചു്‌ വികൃതമാക്കിയ 'ചടാക്കു്‌ ' വണ്ടി.

Thursday, February 9, 2012

പറപ്പന്റെ അഗ്നിപരീക്ഷ (ണം)

പറപ്പന്‍ എന്ന ആ പേരു്‌ കേള്‍ക്കുമ്പോള്‍ എന്തോ ഒരു പന്തികേടു്‌ പോലെ തോന്നാം. ഇതു്‌ പ്രത്യേക ജീവിയോ ഒരു സമുദായത്തിന്റെ പേരോ ഒന്നുമല്ല. കാറും വണ്ടിയും മറ്റു വാഹനങ്ങളും ഇല്ലാതിരുന്നകാലത്തു്‌ വളരെ അത്യാവശ്യ സന്ദേശങ്ങള്‍ അതായതു്‌ മരണം , അപകടം,മറ്റത്യാഹിതങ്ങള്‍ ഇവയൊക്കെ വായൂവേഗത്തില്‍ ഒരു സ്ഥലത്തു്‌ നിന്നും അകലെയുള്ള മറ്റു്‌ സ്ഥലങ്ങളിലെ ബന്ധുക്കള്‍ക്കു്‌ എത്തിക്കുന്ന ഒരു വ്യക്തിക്കു്‌ നാട്ടുകാര്‍ നല്‍കിയ ഓമനപ്പേരാണു്‌ "പറപ്പന്‍ " . അതായതു്‌ വാര്‍ത്തകള്‍ പറന്നു്‌ പോയി എത്തിക്കുന്ന ആള്‍ എന്നു്‌ ചുരുക്കം! അന്നു്‌ ഒരു വിവരമോ വിശേഷമോ ഒരിടത്തു്‌ നിന്നു്‌ മറ്റൊരിടത്തു്‌ എത്താന്‍ ദിവസങ്ങളോ ആഴ്ച്ചകളോ തന്നെ വേണ്ടിവരുമായിരുന്നു. ആ സന്ദര്‍ഭത്തിലാണു്‌ ഈ 'സ്പീഡ് പോസ്റ്റ് ' കഥാപാത്രത്തിന്റെ രംഗപ്രവേശം. പണ്ടു്‌ രാജഭരണക്കാലത്തു്‌ മണിയും കിലുക്കി അഞ്ചാലോട്ടക്കാരന്‍ എന്ന തപാല്‍ ശിപായി സന്ദേശവാഹകരായി ഓടിയിരുന്ന കഥ പലരും പറഞ്ഞു കേട്ടിട്ടുണ്ടു്‌. സര്‍ക്കാര്‍ കാര്യമല്ലേ അപ്പോള്‍ അതിന്റെ വേഗത ഊഹിക്കാവുന്നതല്ലേയുള്ളൂ ! ഇതങ്ങനെ ആയിരുന്നില്ല. വാഹനങ്ങള്‍ പോകട്ടെ വഴിസൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്നകാലത്തു്‌ നടന്നും ഓടിയും അല്ല, പറന്നു്‌ തന്നെ പോയി വന്നിരുന്ന ഈ കക്ഷിയെ പറപ്പന്‍ എന്നല്ലാതെന്തു്‌ വിളിക്കും ?

ഇന്നു്‌ വ്യക്തികളും രാജ്യങ്ങളും ഭൂഖണ്ഡങ്ങള്‍ തമ്മില്‍പ്പോലുമുള്ള അകലം നന്നേ കുറഞ്ഞിരിക്കുന്നു. ചിലവ്യക്തി ബന്ധങ്ങള്‍ക്കു്‌ മാത്രമേ ഇന്നും അകലക്കൂടുതലുള്ളൂ..!! സ്വന്തം മുറിക്കുള്ളിലിരുന്നു്‌ വിരല്‍ത്തുമ്പിലൂടെ ലോകം മുഴുവന്‍ കാണാന്‍ പറ്റുന്നത്ര സാങ്കേതിക വിദ്യവളര്‍ന്ന ഇക്കാലത്തു്‌‌ ഇങ്ങനെ ഒരു അവതാരം വെറുമൊരു കെട്ടുകഥ പോലെ തോന്നിയേക്കാം.

ഓജസ്സും തേജസ്സും നഷ്ടപ്പെടുമ്പോള്‍ കറിവേപ്പിലയുടെ പര്യായമായിത്തീരുകയാണല്ലോ മിക്കപ്പോഴും മനുഷ്യജീവിതം. വെള്ളിത്തിരയില്‍ കത്തിനിന്ന പലനക്ഷത്രങ്ങളും കരിഞ്ഞു വീണു്‌ ഇന്നു്‌ നക്ഷത്രക്കണ്ണി എണ്ണുന്നതു്‌ നമ്മുടെ കണ്മുന്നില്‍ കാണുന്ന പ്രത്യക്ഷമായ ഉദാഹരണങ്ങളാണല്ലോ ! സിനീമക്കാരുടെ മാത്രമല്ല പറപ്പന്റെ കാര്യവുംമറിച്ചായിരുന്നില്ല. വയസ്സാംകാലത്തു്‌ തിരിഞ്ഞു നോക്കാന്‍ പോലും ആരുമില്ലാതായി.നല്ലകാലത്തു്‌ തന്നെ വേണ്ടവിധം ഉപയോഗിച്ചവര്‍ക്കോ, വാനോളം പ്രശംസിച്ച നാട്ടുകാര്‍ക്കോ,നാട്ടുകാര്‍ക്കു്‌ വേണ്ടിമാത്രം ജീവിച്ച തന്നേ സ്വന്തം വീട്ടുകാര്‍ക്കോ ആവശ്യമില്ലാതായി !

മകന്റെയോ മരുമകന്റെയോ വിശാലമായ പുരയിടത്തിലെ ഒരു ചെറ്റക്കുടിലില്‍ കുടികിടപ്പുകാരനായ പറപ്പനെയാണു്‌ എനിക്കറിയാവുന്നതു്‌. ആള്‍ക്കാരു്‌ നടക്കുന്ന ഒരു വഴിയുടെ അരികിലായിരുന്നു ആ ചെറിയ കുടില്‍. അതുവഴിനടന്നു്‌ വരുമ്പോള്‍ പറപ്പന്‍ ആ വീട്ടില്‍ ഉണ്ടൊ എന്നു്‌ ഞാനും നോക്കാറുണ്ടായിരുന്നു. ഉണ്ടെങ്കില്‍ കക്ഷി വെറുതെ എന്തെങ്കിലും ലോഹ്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും.ആദ്യമൊക്കെ വടികുത്തി നടന്നതു്‌ കണ്ടിരുന്നു. പിന്നെപ്പിന്നെ കൂനിക്കൂടി നടന്നാണോ ഇഴഞ്ഞാണോ നീങ്ങുന്നതു്‌ എന്നുപറയാനാകാത്ത അവസ്ഥയിലായിരുന്നു ! ഏതാണ്ടു്‌ ഒരു വലിയ മാക്രിയുടെ രൂപം പോലെയാണു്‌ പല്ലും പരണ്ടയ്ക്കായുമൊന്നുമില്ലാത്ത ആ കക്ഷിയെ എനിക്കു്‌ തോന്നിയിരുന്നതു്‌ ! അടുത്തവീടുകളിലെ അടുക്കളവശത്തെ ഔദാര്യങ്ങള്‍ മാത്രമായിരുന്നു ആ 'റിട്ടയേര്‍ഡ് സ്പ്രിന്റ് രാജാവിന്റെ' അന്നത്തിനുള്ളവഴി. ഗ്രീറ്റിംഗ്സ് കാര്‍ഡുകളില്‍ കാണുന്നരീതിയില്‍ ഒറ്റവാതില്‍ മാത്രമുള്ള ഒരു ചറ്റപ്പുരയായിരുന്നു ഇഷ്ടന്റേതു്‌. മൂന്നാലു്‌ മണ്‍ പാത്രങ്ങളും ഒരു മണ്ണെണ്ണവിളക്കും കയറുകൊണ്ടുവരിഞ്ഞ ഒരുകട്ടിലും പായും തലേണയും കുറച്ചു്‌ തുണികളും ഒരു ഊന്നു വടിയുമായിരുന്നു അതിനുള്ളിലെ ജംഗമവസ്തുക്കള്‍. കാഴ്ച്ചക്കുറവു തുടങ്ങിയതിനാല്‍ ഇഴഞ്ഞും നിരങ്ങിയുമുള്ള ലോകസഞ്ചാരത്തിനു്‌ ശേഷം ഇരുട്ടു്‌ വീഴുംമുമ്പു്‌ കക്ഷി വീട്ടിലെത്തും അതാണു്‌ പതിവു്‌.

ഞങ്ങളുടെ വീടിന്റെ മുറ്റത്തുനിന്നാല്‍ പറപ്പന്റെ വീടുകാണാം. ഒരു ദിവസം സന്ധ്യകഴിഞ്ഞു്‌ പഠിത്തവും ഹോംവര്‍ക്കുമെല്ലാം തീര്‍ത്തു്‌ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ചെറിയ ബഹളം കേട്ടു്‌ എല്ലവരും മുറ്റത്തേക്കിറങ്ങി. പുറത്തു്‌ ഭയങ്കരമായ വെളിച്ചം. പറപ്പന്റെ വീടു്‌ ഒരു തീഗോളമായി നിന്നു്‌ കത്തുകയാണു്‌. വീട്ടിലെ ജോലിക്കാരോടൊപ്പം ഞാനും അവിടെ എത്തി. നാട്ടുകാരൊക്കെ ഓടിക്കൂടി തീകെടുത്താനുള്ളശ്രമത്തിലാണു്‌. ഓലപ്പുരയും കയറ്റു്‌ കട്ടിലുമൊക്കെയല്ലെ നിയന്ത്രിക്കാന്‍ പറ്റാത്തവിധം നിമിഷനേരംകൊണ്ടു്‌ തീ ആളിക്കത്തി‌. ഇതിനിടെ ആരോചിലരെല്ലാംകൂടി ഉള്ളില്‍ നിന്നും പറപ്പനെ വലിച്ചെടുത്തു്‌ പുറത്തിട്ടു. അതുകൊണ്ടു്‌ ജീവനുള്ള പറപ്പനെ തന്നെ 'പോസ്റ്റു്‌മോര്‍ട്ടം' ചെയ്യാന്‍ കിട്ടി !

പറപ്പനെ രക്ഷിക്കാനായെങ്കിലും വീടിന്റെ 'ചിതാഭസ്മം' മാത്രമേ കിട്ടിയുള്ളൂ ! ഒടുവില്‍ വെള്ളവും ഭക്ഷണവുമൊക്കെ കൊടുത്തു്‌ ആശ്വസിപ്പിച്ചശേഷം സ്വകാര്യവിചാരണ നടത്തുമ്പോഴാണു്‌ സത്യം പുറത്തു്‌ വന്നതു്‌. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മുതല്‍ കട്ടിലില്‍ക്കൂടി ഉറുമ്പു്‌ കയറി പുള്ളിയെ കടിക്കാന്‍ തുടങ്ങി. ഉപദ്രവം സഹിക്കാതെവന്നപ്പോള്‍ മണ്ണെണ്ണവിളക്കു്‌ കത്തിച്ചു്‌ കട്ടിലിനടിയില്‍ വച്ചു്‌ ഉറുമ്പുകളെ കരിച്ചു്‌ നോക്കിയതാണത്രെ....!!

Tuesday, November 15, 2011

സുനാമിയില്‍ ഒലിച്ചുപോയ ഒരു വിശ്വാസം !

നൊമ്പരങ്ങളുടെ ഓര്‍മ്മകളുണര്‍ത്തി സുനാമിയുടെ വാര്‍ഷികം വീണ്ടുമെത്തുന്നു. എത്ര ജീവനുകളും വസ്തു വകകളും അതില്‍ നഷ്ടമായി എന്നതിനു്‌ കണക്കില്ല... കൂട്ടത്തില്‍ ഒരു വിശ്വാസം തന്നെ സുനാമിയില്‍ ഒലിച്ചുപോയതിന്റെ കഥയാണിതു്‌ ....

കഴിഞ്ഞകുറെ വര്‍ഷങ്ങളായി പരിചയമുള്ള ആളാണു്‌ ജോണ്‍. തമിഴ് നാട്ടുകാരനാണെങ്കിലും ചെറിയ വെല്‍ഡിംഗ് പണികളുമായിട്ടാണു്‌ ഇഷ്ടന്‍ നീലഗിരിയിലെത്തിയതു്‌ . ഏതാണ്ടു്‌ എണ്‍പതുകളുടെ അവസാനത്തോടെ ഒരുവലിയ ബില്‍ഡിങ്ങിന്റെ മുഴുവന്‍ വെല്‍ഡിംഗ് പണിയും കിട്ടിയതോടെ തരക്കേടില്ലാത്ത വരുമാനമായി. ആ കെട്ടിടത്തിന്റെ ജോലി തീര്‍ന്നപ്പോള്‍ ഉടമസ്ഥന്‍ അതിന്റെ സൈഡിലായി പണിതീര്‍ത്ത ചായിപ്പു്‌ (ഇറക്കു്‌) ഇയാള്‍ക്കു്‌ ഒരു കാന്റീന്‍ നടത്താനായി അനുവദിച്ചുകൊടുത്തു.

നാലു്‌ നിലകളുള്ള ആ വലിയ കോംപ്ലക്സിന്റെ എല്ലാമുറികളും വാടകക്കാരെക്കൊണ്ടു്‌ നിറഞ്ഞു.അതോടെ ജോണിന്റെ കാന്റീന്‍ വ്യാപാരവും പുഷ്ടിപ്രാപിച്ചു. നാള്‍ക്കുനാള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറി. പലതരം പലഹാരങ്ങളും പുതിയ ഐറ്റങ്ങളും ഉണ്ടാക്കി പരീക്ഷിച്ചു. നിന്നുതിരിയാന്‍ സമയമില്ലാതായി. ഇതോടൊപ്പം തന്റെ വെല്‍ഡിംഗ് പുരോഗമിച്ചു്‌ ചെറിയ ബില്‍ഡിംഗ് കോണ്ട്രാക്റ്റുകളും എടുക്കാന്‍ തുടങ്ങി. അതോടെ കാന്റീനില്‍ ജോലിക്കു്‌ ആള്‍ക്കാരെ വയ്ക്കുകയും വലിയ കോണ്ട്രാക്റ്റുകള്‍ എടുക്കാനും തുടങ്ങി. അങ്ങനെ സാമാന്യം നല്ലവരുമാനമുള്ള ഒരു മുതലാളിയായിത്തീര്‍ന്നു.വര്‍ഷങ്ങള്‍ പിന്നെയും പലതു്‌ കടന്നു പോയി....

ആ ഡിസംബര്‍ 26നു ഞാന്‍ നാട്ടിലായിരുന്നു. ആയിരക്കണക്കിനു്‌ മനുഷ്യരെ സുനാമിത്തിരമാലകള്‍ വിഴുങ്ങിയതു്‌ അന്നായിരുന്നു.അന്നു്‌ ഞാന്‍ കുടുബസമേതം ശംഖു്‌ മുഖം ബീച്ചില്‍ ഒന്നുപോകാമെന്നു്‌ പ്ലാനിട്ടതു്‌ ടി.വി.യിലെ മുന്നറിയിപ്പുകാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഓരോ വാര്‍ത്താ ബുള്ളറ്റിനുകളിലും മരണസംഖ്യ കൂടിക്കൂടിവന്നതു്‌ ഭീതിയോടെ ഇന്നും എല്ലാവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ! ആ സുനാമി വിഴുങ്ങിയ ജീവിതങ്ങളുടെ ശോകഛായ ലോകത്തെയാകമാനം ഗ്രസിച്ചിരുന്ന സമയത്താണു്‌‌ ഞാന്‍ ഇങ്ങോട്ടു്‌ തിരിച്ചു്‌ പോന്നതു്‌ . ഇവിടെ തിരിച്ചെത്തിയപ്പോഴാണു്‌ കൂനൂരിലെ മലമുകളില്‍ നിന്നും പലരേയും സുനാമി അപഹരിച്ച കാര്യം അറിയുന്നതു്‌.

നമ്മുടെ ജോണിന്റെ കാന്റീന്‍ അടഞ്ഞുകിടക്കുന്നു. ദു:ഖാചരണത്തിന്റെ ഭാഗമായിരിക്കുമെന്നാണു്‌ ആദ്യം കരുതിയതു്‌ . ഞായറാഴ്ച്ചകളിലും ക്രിസ്തുമസ്സിനുമല്ലാതെ ഒരുദിവസം പോലുംഅടയ്ക്കാത്ത ജോണിന്റെ കാന്റീന്‍ എന്തേ തുറന്നില്ല ? സുനാമി വിഴുങ്ങിയ കൂട്ടത്തില്‍ ജോണിന്റെ മുതിര്‍ന്ന രണ്ടു മക്കളുമുണ്ടായിരുന്നെന്നു്‌ ആരോപറഞ്ഞറിഞ്ഞു.

അടുത്ത ബന്ധുക്കളുടെയോ പരിചയക്കാരുടെയോ വേര്‍പാടു്‌ കൂടുതല്‍ ദു:ഖമുണ്ടാക്കാറുണ്ടല്ലോ ! വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഞാന്‍ അയാളെ വീട്ടില്‍ ചെന്നു്‌ കണ്ടു. ധീരനും ഒരു മയവുമില്ലാതെ ആരോടും പെരുമാറുകയും ചെയ്തിരുന്ന ജോണ്‍ ഒരു നോക്കുകുത്തിയെപ്പോലെ അലസനായി ഒന്നിനും താല്പര്യമില്ലാത്ത വ്യക്തിയായി കട്ടിലില്‍ ചടഞ്ഞു്‌ കൂടിയിരിക്കുന്നു . നീരുവന്നു്‌ വീര്‍ത്ത മുഖത്തു്‌ അങ്ങിങ്ങു്‌ ഉരഞ്ഞ പാടുകള്‍ ! പൊട്ടിക്കരഞ്ഞുകൊണ്ടു്‌ ജോണ്‍ പറഞ്ഞു.

"ഞാന്‍ ഉണ്ടാക്കിയതെല്ലാം വെറുതേ ആയതുപോലെ തോന്നുന്നു സാറേ ! എന്റെ രണ്ടു്‌ മക്കളെ തിരമാലകള്‍ കൊണ്ടുപോയി. വിശ്വസിക്കാനാവാത്ത ആ അപ്രിയ സത്യം മനസ്സിലേറ്റി രണ്ടു്‌ മൂന്നു്‌ ദിവസം കടല്‍ക്കരയില്‍ അലഞ്ഞു നടന്നു. മക്കളുടെ ജഡം പോലും കണ്ടെത്തനായില്ല. പ്ലസ് ടൂ കഴിഞ്ഞിട്ടു്‌ ഡിഗ്രിക്കു്‌ ചേര്‍ന്നതായിരുന്നു മൂത്തവന്‍. അവന്‍ എനിക്കൊരു താങ്ങും തണലുമായിരുന്നു. അങ്ങോട്ടു്‌ പോകുമ്പോള്‍ സ്വന്തം ജീപ്പു്‌ അവന്‍ ഓടിച്ചു്‌ നോക്കട്ടെ എന്നു്‌ എന്നോടു്‌ ചോദിച്ചു. വേണ്ടാ, തിരികെവരുമ്പോള്‍ അത്ര തിരക്കുകാണില്ല അപ്പോള്‍ നീ കുറേനേരം ഓടിച്ചോ എന്നും ഞാന്‍ അവനോടു്‌ പറഞ്ഞു... ! " അയാളുടെ വാക്കുകള്‍ മുറിഞ്ഞു...

കഴിഞ്ഞ 23 വര്‍ഷങ്ങളായി മുടങ്ങാതെ ക്രിസ്തുമസ്സ് വെക്കേഷനു്‌ വേളാങ്കണ്ണിയില്‍ പോകുന്ന കക്ഷിയായിരുന്നു ജോണ്‍; തനിച്ചല്ല കുടുംബ സമേതം. ഇത്തവണ പോയപ്പോള്‍ പതിവായെടുക്കുന്ന ലോഡ് ജില്‍ ഭാര്യയേയും മകളേയും ഒരു മകനേയും ആക്കി മൂത്തമകനേയും മൂന്നാമത്തെ മകനേയുംകൂട്ടി രവിലെ കടല്‍ക്കരയിലേക്കു്‌ പോയതാണു്‌.

അങ്ങു ദൂരെനിന്നും ആര്‍ത്തലച്ചു്‌ തിരമാലകള്‍ ഇരമ്പിവരുന്നതു്‌ അവര്‍ കണ്ടു. ഭീതിയോടെ മൂവരും പിന്‍തിരിഞ്ഞോടി. മക്കള്‍ കൈവിട്ടു്‌ പോകുന്നതായി ജോണിനുതോന്നി ! എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം സംഭവിച്ചു കഴിഞ്ഞു. മണ്ണും ചെളിയും വീണുമൂടിയ ജോണ്‍ കണ്ണുതുറന്നപ്പോള്‍ ആരോ ഒന്നുരണ്ടു പേര്‍ചേര്‍ന്നു്‌ തന്നെവലിച്ചു്‌ റസ് ക്യൂ വാനിലേക്കു്‌ എടുത്തിടുന്നതു്‌ മാത്രമാണു്‌ ഓര്‍മ്മയില്‍ വരുന്നതു്‌.കൈവിട്ടുപോയ തന്റെ മക്കളെ ഓര്‍ത്തു്‌ വിലപിച്ചു്‌ ഒരു വിധത്തില്‍ ജോണ്‍ ആ പരിസരമാകെ തിരഞ്ഞു. തന്നെപ്പോലെ മറ്റേതെങ്കിലും റസ് ക്യൂ വാനില്‍ അവരുണ്ടാകുമെന്നു്‌ വെറുതെയെങ്കിലും ആശിച്ചു ! പക്ഷേ കണ്ടില്ല ! കടല്‍ക്കരയിലേക്കു്‌ പോകാന്‍ ശ്രമിച്ചെങ്കിലും പോലീസും സുരക്ഷാസേനയും അതിനുസമ്മതിച്ചില്ല. എങ്കിലും രണ്ടാം ദിവസം അവരുടെ കണ്ണുവെട്ടിച്ചു്‌ ജോണ്‍ അവിടെ പോയി തിരഞ്ഞുനോക്കി. മനുഷ്യരും മൃഗങ്ങളും മറ്റുജീവജാലങ്ങളും ചത്തഴുകിയ ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷമായതിനാല്‍ പകര്‍ച്ചവ്യാധി വരുമെന്നു പറഞ്ഞു്‌ അധികനേരം അവിടെ നില്‍ക്കാനോ അന്വേഷിക്കാനോ അയാളെ പിന്‍തുടര്‍ന്ന പോലീസ്‌ അനുവദിച്ചില്ല. ഒടുവില്‍ എല്ലാപ്രതീക്ഷയും അസ്തമിച്ചെന്നു്‌ മനസ്സിലാക്കി തകര്‍ന്ന ഹൃദയവുമായി ശേഷിച്ച കുടുംബത്തോടൊപ്പം ജോണ്‍ തിരിച്ചെത്തി.അതു്‌ കഴിഞ്ഞു്‌ മൂന്നാലു്‌ ദിവസം കഴിഞ്ഞാണു്‌ ഞാന്‍ ആ വീട്ടില്‍ ചെന്നതും അയാളെ കണ്ടതും.

കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ ! മറ്റെല്ലാവരേയുംപോലെ കാലക്രമേണ ജോണും ഉന്മേഷവാനായി ജിവിതത്തിലേക്കു്‌ തിരിച്ചുവന്നു. ഇതിനകം സഹചര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടു. വലിയ ബില്‍ഡിംഗ് കോണ്‍ണ്ട്രാക്റ്ററായി. പുതിയ പുതിയ കരാറുകള്‍ കിട്ടി. ഇയ്യിടെ യാദൃശ്ചികമായി ജോണിനെ കണ്ടു. കുറെനേരം സംസരിച്ചു . പലലോഹ്യങ്ങളും അന്വേഷിച്ചകൂട്ടത്തില്‍ വേളാങ്കണ്ണിക്കു്‌ ഇപ്പോഴും പോകാറുണ്ടോ എന്നു്‌ ഞാന്‍ ചോദിച്ചു.

"ഇല്ല!" ദൃഢസ്വരത്തില്‍ അയാള്‍ പറഞ്ഞു .
" കഴിഞ്ഞ് 23 വര്‍ഷം മുടങ്ങാതെ ഞാന്‍ അവിടെപ്പോയിരുന്നു. ആദ്യമൊക്കെ വലിയ കഷ്ടത്തിലായിരുന്നു, എങ്കിലും എത്ര കഷ്ട നഷ്ടങ്ങള്‍ സഹിച്ചായാലും ഞാന്‍ അതു്‌ മുടക്കാറില്ലായിരുന്നു.. അങ്ങനെയുള്ള ഒരു വിശ്വാസിയെ (ഭക്തനെ) രക്ഷിക്കാന്‍ കഴിയാത്ത ദൈവത്തിന്റെ അടുത്തേക്കു്‌ ഞാന്‍ എന്തിനു്‌ പോകണം ? ഇല്ല, ഇനി ഒരിക്കലും ഞാന്‍ അങ്ങോട്ടു്‌ പോകില്ല...! " അതുപറയുമ്പോള്‍ അയാളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു..!

Wednesday, October 12, 2011

വൈകല്യം മറന്ന സഹൃദയന്‍ !

'ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമുള്ളവരൊന്നോരണ്ടോ' എന്നു്‌ കുഞ്ചന്‍ നമ്പ്യാരു്‌ പണ്ടു്‌ പറഞ്ഞെങ്കിലും "അതു്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായിരിക്കും" എന്നു്‌ പാര്‍ട്ടിനേതാക്കള്‍ പത്രസമ്മേളനത്തില്‍ പറയുന്ന ഒരു രീതിയിലാണല്ലൊ നമ്മളും അതിനെ കാണുന്നതു്‌ ‌. അതായതു്‌ നമ്മളില്‍ മിക്കവരും സുന്ദരന്മാരും സുന്ദരികളുമാണെന്ന ധാരണയിലാണല്ലോ ഇന്നു്‌ ജീവിക്കുന്നതും പെരുമാറുന്നതും ! അല്പസ്വല്പം പോരായ്മകളുണ്ടെന്നു്‌ സ്വയം ബോധ്യമുണ്ടെങ്കില്‍കൂടി അതു്‌ ന്യായികരിച്ചു്‌ തടിതപ്പാനും നമുക്കറിയാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ അംഗവൈകല്യവുമായി കഴിയേണ്ടിവരുന്ന സമൂഹത്തെക്കുറിച്ചും അവരുടെ മാനസികാവസ്ഥയെക്കുറിച്ചും ആരും അത്രശ്രദ്ധിക്കാറില്ല.(ആരും എന്നുപറയുന്നതു്‌ പൂര്‍ണ്ണാമായും ശരിയല്ല. അവര്‍ക്കുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ച വ്യക്തികളും കൂട്ടായ്മകളും ഉണ്ടെന്നകാര്യം മറക്കുന്നില്ല.)

പുറമേ പറയുന്നില്ലെങ്കിലും അവരുടെ കുറ്റംകൊണ്ടല്ലാതെ തങ്ങള്‍ക്കുവന്നുപോയ വൈരൂപ്യത്തെ ഓര്‍ത്തു്‌ വേദനിക്കുന്നവരായിരിക്കും ഇതില്‍ കൂടുതല്‍പേരും. ഈ വൈകല്യങ്ങളെ അതിജീവിച്ചു്‌ ജീവിതത്തില്‍ മുന്നേറുന്ന മിടുക്കരും കൂട്ടത്തിലുണ്ടു്‌. സഹതാപത്തോടെയാണു്‌ സമൂഹം ഇത്തരക്കാരെ നോക്കുന്നതു്‌. എന്നാലും തരംകിട്ടുമ്പോള്‍ ഇവരെ കല്ലെറിയാനും കളിയാക്കാനും നല്ലൊരുശതമാനം ശ്രമിക്കാറുണ്ടു്‌. പ്രതേകിച്ചും ഒന്നും തിരിച്ചറിയാത്ത ബാല്യ
കൌമാരങ്ങളിലായിരിക്കും ഇതു്‌ ഏറെ സഹിക്കേണ്ടിവരുന്നതു്‌. ഒന്നരക്കണ്ണന്‍ , കൂനന്‍ , മുടന്തന്‍ , ചട്ടുകാലന്‍ ... എന്നിങ്ങനെ പല ഇരട്ടപ്പേരുകളും അപരനാമങ്ങളും കേട്ടുവേണം ഈ കാലയളവു്‌ തരണം ചെയ്യാന്‍ . മറച്ചു്‌ വയ്ക്കനാവാത്ത സ്വന്തം വൈരൂപ്യങ്ങളുമായി ഇത്തരം ഒരുജന്മം തന്ന വിധിയെപ്പഴിച്ചു്‌ സമൂഹവുമായി പൊരുത്തപ്പെട്ടുപോകാനെ ഇവര്‍ക്കു്‌ കഴിയൂ. ബുദ്ധിമാന്ദ്യം വന്നവരുടെകാര്യം തല്‍ക്കാലം വിടാം. കാരണം അവര്‍ സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വലിയ ഗ്രാഹ്യമില്ലാത്തവരാണു്‌.

ഈ ഗണത്തില്‍പ്പെട്ട എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരു കക്ഷിയുടെ കാര്യമാണു്‌ ഇവിടെ പറയുന്നതു്‌... ഒരു സുഹൃത്തിന്റെ കല്യാണത്തിനായി കുറേമുമ്പ്‌ ഞാന്‍ കോഴിക്കോടിനു്‌ പോയിരുന്നു. കൊയിലാണ്ടിയില്‍നിന്നും കുറച്ചകലെ ചേമഞ്ചേരിക്കടുത്ത പൂക്കാടു്‌ എന്നസ്ഥലത്തായിരുന്നു അതു്‌. അന്നു്‌ വൈകുന്നേരം അവിടുത്തെ കുറെസുഹൃത്തുക്കള്‍ എന്നെ പ്രസിദ്ധമായ കാപ്പാടു്‌ ബീച്ചില്‍ കൊണ്ടുപോയി. വാസ്കോഡിഗാമ ആദ്യമായി കേരളത്തില്‍ കാലുകുത്തിയെന്നു്‌ പറയുന്ന ഈ സ്ഥലത്തു്‌ ഞാനും ജീവിതത്തിലാദ്യമായി ഒന്നു്‌ കാലുകുത്തി. വാസ്കോഡിഗാമയും പിന്നാലെ വന്നവരും നമ്മുടെ തിരുവാതിര ഞാറ്റുവേലയൊഴികെ നാട്ടില്‍നിന്നും കൊണ്ടുപോകാന്‍ പറ്റുന്ന വിലപിടിപ്പുള്ള സര്‍വ്വസമ്പത്തും പില്‍ക്കാലത്തു്‌ അടിച്ചുമാറ്റുകയുണ്ടായല്ലോ ! അതിന്റെ ആവേശം ഉള്‍ക്കൊണ്ട്‌ അവരെ അനുകരിക്കാന്‍ നോക്കിയതല്ലെങ്കിലും ഞാനും അവിടുന്നുതന്നെ വിലപിടിപ്പുള്ള ഒരു സംഗതി അടിച്ചുമാറ്റിയാണു്‌ സ്ഥലംവിട്ടതു്‌. ഒരു പ്രകൃതി ദൃശ്യം !

അന്നു്‌ ഞാന്‍ അവിടെനിന്നും പകര്‍ത്തിയ ആ ചിത്രം ഏറെ ശ്രദ്ധേയമായി . ആ കാലഘട്ടത്തില്‍ അതു് എനിക്കു്‌ വളരെ പ്രശസ്തിയും അംഗീകാരങ്ങളും നേടിത്തന്നു. അതോടെ ആ നാട്ടുകാര്‍ക്കു് എന്നോടു്‌ വല്ലാത്ത ഒരടുപ്പമായി. അതിന്റെപേരില്‍ ഒത്തിരി പുതിയ സൌഹൃദങ്ങളും വ്യക്തിബന്ധങ്ങളും അവിടെനിന്നുണ്ടായി. ആ സൌഹൃദത്തിന്റെ പട്ടികയില്‍ വന്നുപെട്ട ഒരാളായിരുന്നു ദാമുവേട്ടന്‍ എന്നു്‌ അവിടുത്തുകാര്‍ വിളിച്ചിരുന്ന ദാമോദരന്‍ നായര്‍. രണ്ടു്‌ കാലുകളും മുട്ടിനു്‌ താഴ്വശം തേഞ്ഞുപോയ രീതിയില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ ഒരു ചെറിയ വടിയുടെ സഹായത്തോടെമാത്രം ഇഴഞ്ഞു്‌ നീങ്ങുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.ജന്മനാ ഉള്ളതാണത്രേ ഇതു്‌. ഈ പ്രയാസങ്ങളൊന്നും അത്രകാര്യമാക്കാതെ വളരെ സരസമായിട്ടാണു്‌ കക്ഷി മിക്കപ്പോഴും സംസാരിച്ചിരുന്നതു്‌.അല്പദൂരമൊക്കെ പോകാനായി മൂന്നുവീലുള്ള ഒരു വണ്ടിയും പുള്ളി സ്വന്തമായി സംഘടിപ്പിച്ചിരുന്നു. കൂട്ടുകാര്‍ പറഞ്ഞ അറിവുമാത്രമേ എന്നേക്കുറിച്ച് ഇഷ്ടനുള്ളു ! എങ്കിലും നേരില്‍ കാണാനായി ഒരിക്കല്‍ ചിലസുഹൃത്തുക്കളേയും കൂട്ടി ഒരു ജീപ്പില്‍ ഇവിടെവന്നിരുന്നു. പിന്നെ എപ്പോള്‍ ഞാന്‍ ആ പ്രദേശത്തു്‌ ചെന്നാലും ഇഷ്ടന്‍ എങ്ങിനെയും അവിടെ വന്നെത്തും.

അങ്ങനെ ഒരു പ്രാവശ്യം ചെല്ലുമ്പോള്‍ ഈ കക്ഷി പതിവുപോലെ വന്നു്‌ കണ്ടുകൂടി. ഒരു റോഡ്സൈഡില്‍ ഞങ്ങള്‍ മൂന്നാലു്‌ പേര്‍ സംസാരിച്ചു്‌ നില്ക്കുകയായിരുന്നു.സാമാന്യം തിരക്കുള്ള ഒരു ജംഗ്ഷനിലാണു്‌ സംഭവം. അടുത്തു്‌ കുറെ കടകളും കച്ചവടങ്ങളുമാണു്‌ .റോഡിലൂടെ പലരും വന്നുംപോയുമിരിക്കുന്നു. കാര്യം പറയുന്നതിനിടയില്‍ ആരും വഴിപോക്കരെ ശ്രദ്ധിക്കുന്നില്ല.

അപ്പോള്‍ അതുവഴി വലതു്‌ കാലിനു്‌ തീരെ നീളംകുറഞ്ഞ ഒരാള്‍ നടന്നുപോകുന്നുണ്ടായിരുന്നു. ഒരു കാലിനു്‌ നീളക്കൂടുതലും മറ്റേതിനു്‌ നന്നേ കുറവുമായതിനാല്‍ നല്ലതുപോലെ കുനിഞ്ഞു്‌ വലതു്‌ കൈ കാല്‍ മുട്ടില്‍ വച്ചു്‌ സപ്പോര്‍ട്ടു്‌ കൊടുത്ത് വേണം അയാള്‍ക്കു്‌ ഓരോ സ്റ്റെപ്പും മുന്നോട്ടു്‌ വയ്ക്കാന്‍ . അതയതു്‌ ഒരോപ്രാവശ്യവും നന്നായി കുനിഞ്ഞും നിവര്‍ന്നും വേണം ഇഷ്ടനു്‌ നടക്കാന്‍ . വേഗം നടക്കുമ്പോള്‍ ഈ സ്പീഡും കൂടും.. ഈ കക്ഷിയെ അപ്പോഴാണു്‌ ദാമുവേട്ടന്‍ കാണുന്നതു്‌. ഉടനെ പുള്ളിക്കാരന്റെ വക കമന്റു്‌ ഇതായിരുന്നു...

"ദേ അങ്ങോട്ടു്‌ നോക്കിക്കേ ഒരുത്തന്‍ ഭൂമിക്കു്‌ കാറ്റടിച്ചോണ്ടു്‌ പോകുന്നു... " (പണ്ടൊക്കെ സൈക്കളിനും മറ്റും പമ്പു്‌വച്ചു്‌ കാറ്റടിക്കുന്നതുപോലെ)

അങ്ങോട്ടു്‌ നോക്കിയപ്പള്‍ അറിയാതെ ചിരിച്ചു്‌ പോയി ! കാരണം ദാമുവേട്ടന്‍ സരസമായി വര്‍ണ്ണിച്ച രീതിയിലാണു്‌ അയാള്‍ നടക്കുന്നതെങ്കിലും അയാള്‍ക്കു്‌ ഒരു കാലിനെ കുഴപ്പമുള്ളൂ , ഇതുപറയുന്ന ദാമുവേട്ടനാകട്ടെ രണ്ടുകാലിനും !!

Saturday, August 6, 2011

അങ്ങനെ മാതൃഭാഷ പഠിച്ചു...?

എന്റെ താമസ സ്ഥലത്തിനടുത്തു്‌ ഒരു വക്കീല്‍ ഓഫീസുണ്ടായിരുന്നു. അയല്‍പക്കമായതിനാല്‍ കുറേയധികം വക്കീല്‍ സുഹൃത്തുക്കളെ അങ്ങനെ കമ്പനിക്കായി കിട്ടി. ഇതില്‍ നാലു പേര്‍ചേര്‍ന്നു്‌ ഒരുകല്യാണത്തിനായി പാലക്കാട്ടേക്കു്‌ പോയി. ഭൂമുഖത്തു്‌ വായുവിന്റെ അഞ്ചിലൊന്നു്‌ ഭാഗം ഓക്സിജനാണെന്നു്‌ പറയുമ്പോലെ ലോകത്തെവിടെയുള്ള ജനങ്ങളെ എടുത്തുനോക്കിയാലും അതില്‍ നാലില്‍ ഒന്നു്‌ മലയാളി ആയിരിക്കുമെന്നു്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ ? ഇവിടെയും അങ്ങനെ തന്നെ. ഒരാള്‍ മലയാളിയും മറ്റു മൂന്നു്‌ പേര്‍ തമിഴരും.

ഈ കക്ഷി മലയാളിയാണെങ്കിലും മലയാളം എഴുതാനും വായിക്കനും അറിയില്ല. മലയാളം 'കുരച്ചു കുരച്ചു്‌ ' സംസാരിക്കും! അച്ഛനും അമ്മയും വളരെ മുമ്പേ പാലക്കാട്ടുനിന്നും ഇവിടെ തമിഴ് നാട്ടില്‍ വന്നു്‌ സെറ്റിലായതാണു്‌. മകന്‍ പഠിച്ചതു്‌ ഇംഗ്ലീഷ്‌ മീഡിയത്തിലും ! 'ഗ്രാന്‍പായും ഗ്രാന്‍മായും' ഉണ്ടായിരുന്നപ്പോള്‍ അവരെ കാണാന്‍ ചെറുപ്പകാലത്തു്‌ വര്‍ഷത്തിലൊരിക്കല്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ഒന്നു്‌ നാട്ടില്‍ പോകുമായിരുന്നു. പിന്നെ വല്ലകല്യാണമോ മരണമോ ഉണ്ടായാല്‍ എപ്പോഴെങ്കിലും നാട്ടിലൊന്നു്‌ പോയി വരും. എങ്കിലും ദോഷം പറയരുതല്ലോ മലയാളി എന്നഭിമാനിക്കുന്നതില്‍ ഒട്ടും കുറവു്‌ വരുത്തിയിരുന്നില്ല !!

പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വാളയാര്‍ കഴിയുമ്പോള്‍ സ്വന്തം 'രാജ്യ'മായി. സഹ്യന്റെ മലനിരകളുടെ ഭംഗിയും ഉയര്‍ന്നു്‌ നില്ക്കുന്ന കരിമ്പനകളും കാണുമ്പോള്‍ പലര്‍ക്കും മനസ്സില്‍ ഒന്നും തോന്നാറില്ലെങ്കിലും ഇടയ്ക്കിടക്കുള്ള കള്ളുഷാപ്പിന്റെ ബോര്‍ഡുകള്‍ കാണുമ്പോള്‍ കേരളത്തേ ഓര്‍ത്തു്‌ ചോര തിളയ്ക്കാന്‍ തുടങ്ങുകയും അന്തരംഗം അഭിമാനപൂരിതമാകാന്‍ തുടങ്ങുകയും ചെയ്യും. കവിവാക്യമൊന്നും അവര്‍ക്കറിയില്ലെങ്കിലും തമിഴര്‍ക്കും കേരളത്തിലേക്ക്‌ ഒരു ' ജാളി ട്രിപ്പ് ' എന്നു്‌ കേള്‍ക്കുമ്പോള്‍ ഇക്കാരണം കൊണ്ടുതന്നെ അന്തരംഗം 'രൊമ്പ രൊമ്പ കുഷി' യാകാറുണ്ടു്‌. സുഹൃത്തിന്റെ കല്യാണം അടിച്ചു്‌ പൊളിക്കാനുള്ള ഒരു വിനോദയാത്ര കൂടിയാകുമ്പോഴത്തെ പുകില്‍ പറയേണ്ടകാര്യമുണ്ടോ !

മുന്‍പിലത്തെ ദിവസം വൈകുന്നേരത്തോടെ എല്ലാവരും പാലക്കാട്ടു്‌ ഹാജര്‍ ! കല്യാണം അടുത്തദിവസം രാവിലെയാണു്‌. നാലുപേരുംകൂടി നല്ല ഒരു ഹോട്ടലില്‍ മുറിയെടുത്തു. കുളിയുംമറ്റും കഴിഞ്ഞു്‌ എല്ലാരുമൊന്നു്‌ ഫ്രഷായി. തമിഴരുടെ ജീവരക്തമാണല്ലോ സിനിമ ! കേരളത്തില്‍ വന്നതല്ലേ ഏതെങ്കിലും ഒരു മലയാളസിനിമ കണ്ടുകളയാമെന്നു്‌ തീരുമാനിച്ചു. മലയാളി സുഹൃത്തിത്തിനൊപ്പം അയാളുടെ സ്വന്തം നാട്ടില്‍ വിലസുകയാണല്ലോ ! അല്പം ഒന്നു്‌ മിനുങ്ങിയ ശേഷം നാലുപേരും മുറിവിട്ടു. കുറച്ചു്‌ നടന്നപ്പോള്‍ ഒരു ജംഗ്ഷനിലെത്തി. വലിയ മൂന്നാലു്‌ പോസ്റ്ററുകള്‍ അടുത്തടുത്തു്‌ ഒട്ടിച്ചിരിക്കുന്നു. നായകന്മാരേയും നായികമാരേയും മുഖപരിചയമുണ്ടു്‌. പക്ഷേ പോസ്റ്ററിലെ മലയാള അക്ഷരങ്ങള്‍ ആര്‍ക്കും അത്ര വലിയപിടിയില്ല. ഏതു്‌ സിനിമയാണെന്നറിയണമല്ലോ ! അവിടെയാണു്‌ വശക്കേടു്‌ ! നമ്മുടെ വക്കീലിനും മലയാളം വായിക്കാനറിയില്ല എന്നസത്യം കൂടെയുള്ളവര്‍ക്കുമറിയാം.

അവര്‍ ഒരു നിര്‍ദ്ദേശം വച്ചു. " നീ മലയാളിയല്ലേ ആരോടെങ്കിലും ഇതു്‌ ഏതു്‌ സിനിമയാണെന്നു്‌ മലയാളത്തില്‍ ചോദിക്കു് ! "

ചര്‍ച്ച തീരുമാനമായെങ്കിലും അതിനു്‌ സൌകര്യമായി ഒരാളെ കിട്ടണ്ടേ ? സ്ക്കൂട്ടറിലും വണ്ടിയിലുമൊക്കെപ്പോകുന്നവരെ വിളിച്ചറക്കി ചോദിക്കുന്നതു്‌ ഔചിത്യമല്ലല്ലോ ! നാലുപേരും കുറേക്കൂടി നടന്നു്‌ പോസ്റ്ററുകള്‍ക്കടുത്തെത്തി. അപ്പോള്‍ അങ്ങെതിരെ നിന്നും കുറച്ചു്‌ പ്രായംചെന്ന ഒരാള്‍ നടന്നു്‌ വരുന്നു. ഉടനെ തമിഴ്‌ പാര്‍ട്ടികള്‍ നീ ചോദിക്കെടാ എന്നുപറഞ്ഞു്‌ നമ്മുടെ മലയാള വക്കീലിനെ തോണ്ടാനും ചൊറിയാനുമൊക്കെത്തുടങ്ങി. മൂന്നാലു്‌ പൂവാലന്മാര്‍ ഒത്തുകൂടി എന്തോ കുശുകുശുക്കുന്നതായി മൂപ്പിത്സിനു്‌ ദൂരെവച്ചേ തോന്നിയിരിക്കണം...

കക്ഷി ഏകദേശം അടുത്തു്‌ എത്തിയപ്പോള്‍ നമ്മുടെ വക്കീല്‍ ഒരു സിനിമ പോസ്റ്റാര്‍ ചൂണ്ടിക്കാണിച്ചിട്ടു്‌ മലയാളത്തില്‍ ചോദിച്ചു. "അതില്‍ ഏതുസിനിമയുടെ പേരാഏഴുതിയിരിക്കുന്നതു് ". മൂപ്പിലാന്‍ അതിലൊന്നു്‌ നോക്കി.എല്ലാംതനിമയാളത്തില്‍ എഴുതിയിരിക്കുന്നു !!

"നിന്റെയൊക്കെ തന്തയോടു്‌ പോയി ചോദിക്കു്‌..." ഇതായിരുന്നു മറുപടി.

അതിനു്‌ പ്രത്യേക ട്രാന്‍സിലേഷന്‍ ഒന്നും വേണ്ടിവന്നില്ല! അയാള്‍ എന്താണു്‌ പറഞ്ഞതെന്നു്‌ തമിഴര്‍ക്കും നന്നായി മനസ്സിലായി ! ആകാംക്ഷ കൂട്ടച്ചിരിക്കു്‌ വഴിമാറി...!!

അദ്ദേഹം കരുതിയതു്‌ ചെറുപ്പക്കാര്‍ അയാളെ കളിയാക്കാന്‍വേണ്ടി ചോദിച്ചതാണെന്നായിരിക്കാം! അയാളുണ്ടോ അറിയുന്നു ഈ ചോദിച്ചവന്‍ മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത മറുനാടന്‍ മലയാളിയാണെന്ന കാര്യം! ഒരു പക്ഷേ തമിഴില്‍ ചോദിച്ചിരുന്നെങ്കില്‍ ഇത്രയും കുഴപ്പം വരില്ലായിരുന്നു, തമിഴരല്ലേ മലയാളം അറിയാത്തതുകൊണ്ടു്‌ ചോദിക്ക
യാണെന്നു്‌ കരുതി ശരിയായ വിവരം പറഞ്ഞുകൊടുത്തേനേ !

സ്വന്തം നാട്ടില്‍ അന്യഭാഷക്കാരായ കൂട്ടുകാരുടെ മുന്നില്‍വച്ചു്‌ ഇമേജ് വല്ലാതെ നഷ്ടപ്പെട്ട വക്കീല്‍ തിരിച്ചെത്തി ആരെയോ ശിഷ്യപ്പെട്ടു്‌ അത്യാവശ്യം ബോര്‍ഡുകളും പത്രത്തിന്റെ വലിയ തലക്കെട്ടുകളും വായിക്കണമെന്ന വാശിയില്‍ മലയാളം എഴുതാനും വായിക്കാനും ഒരുവിധം പഠിച്ചു. എങ്കിലും ഇപ്പോഴും ഞങ്ങള്‍ ഒത്തുകൂടുമ്പോള്‍ ഈ കാര്യം പറഞ്ഞു്‌ ഇഷ്ടനെ കളിയാക്കാറുണ്ടു്‌.

സംഭവം രസകരമായിരുന്നെങ്കിലും ഇതില്‍ തമാശയേക്കാള്‍ കൂടുതല്‍ നമ്മുടെ പാപ്പരത്തമാണു്‌ വെളിവാകുന്നതെന്നോര്‍ക്കുക! മലയാളിയാണെന്നു്‌ അഭിമാനിച്ചു് നടക്കുന്ന പുതിയ തലമുറയിലെ പലര്‍ക്കും ഇത്തരം അബദ്ധങ്ങള്‍ ഇനിയും വന്നുപെട്ടേക്കാം
സൂക്ഷിക്കുക!

Sunday, July 24, 2011

"... ഹേറ്റ് യുവര്‍ ബ്ലഡീ മലയാളം..!"

റബ്ബറിനു്‌ കോട്ടയവും കയറിനു്‌ ആലപ്പുഴയുംപോലെ തേയിലക്കു്‌ ഏറെ പ്രസിദ്ധമാണു്‌ നീലഗിരി. നീലഗിരി എന്നതു്‌ തമിഴു്‌ നാട്ടിലെ ചെറിയ ജില്ലകളില്‍ ഒന്നാണു്‌.ജില്ലയുടെ ആസ്ഥാനം ഊട്ടിയും. പച്ചപുതച്ച തേയിലക്കാടുകളാല്‍ ചുറ്റപ്പെട്ട ഈ മലമുകളിലെ വ്യയസായ മേഖല പച്ചപിടിച്ചതുതന്നെ ഈ ചായ ബിസ്സിനസ്സിലൂടെയാണു്‌. കുറച്ചു്‌ മുമ്പുവരെ 'ടീ' കമ്പനികളുടെ ഉടമസ്ഥാവകാശം ഇംഗ്ലീഷുകാര്‍ക്കായിരുന്നു. ഫാക്റ്ററികളിലെ ഉദ്യോഗസ്ഥരില്‍ കൂടുതലും ആംഗ്ലോ ഇന്‍ഡ്യാക്കാരായി
രുന്നെങ്കിലും അതിന്റെ മേല്‍നോട്ടക്കാരും ശിങ്കിടികളും മിക്കതും മലയാളികളായിരുന്നു. തൊഴില്‍ തേടിയുള്ള മലയാളിയുടെ ഒരു മേച്ചില്‍പ്പുറം കൂടിയായിരുന്നു ഇവിടം. നാട്ടില്‍ നിന്നും പെട്ടിക്കടകളില്‍ ചായ അടിക്കാന്‍ വന്നവരും ചെറിയ ചായപ്പീടിക നടത്തിയിരുന്നവരുമൊക്കെയാണു്‌ ഇന്നത്തെ ഇവിടുത്തെ വമ്പന്‍ ഹോട്ടലുടമകള്‍ എന്നതു്‌ ആരും ‌ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ചരിത്രസത്യം.

അങ്ങനെയിരിക്കെ കുറേ വര്‍ഷങ്ങള്‍ക്കു്‌ മുമ്പ് മദ്ധ്യതിരുവിതാംകൂറില്‍ നിന്നും ഒരാള്‍ ഒരു ജോലി തേടി നീലഗിരിയിലെത്തി . ഒടുവില്‍ എത്തിപ്പെട്ടതും ഇതുപോലെ ഒരു തെയിലത്തോട്ടത്തില്‍. ആദ്യമൊക്കെ വലിയ കഷ്ടപ്പാടായിരുയിരുന്നു. കോടമഞ്ഞും കുളിരും അസഹ്യമായിരുന്നു. എങ്കിലും പതുക്കെ ഈ നാടും കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു. ഒരുവിധം ഭേദപ്പെട്ട ജോലി ആയപ്പോള്‍ നാട്ടില്‍നിന്നു്‌ തന്നെ ഒരു കല്യാണവും തരപ്പെടുത്തി. മധുവിധുവൊക്കെ ഊട്ടിയിലാഘോഷിച്ചെങ്കിലും കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാനുള്ള ചുറ്റുപാടില്ലാത്തതിനാല്‍ കുടുംബത്തെ
നാട്ടിലാക്കി.ഇടയിക്കിടെ പോയിവരും.രണ്ടു്‌ കുട്ടികളായി. ആദ്യത്തേതിനെ നാട്ടില്‍ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കു്‌ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു.ചെറിയ ജോലിയില്‍ത്തുടങ്ങി ക്രമേണ പടിപടിയായി മേല്‍നോട്ടക്കാരന്റെ വേഷംവരെആയി.

ഊട്ടിയിലെ മെച്ചമായ വിദ്യാഭ്യാസത്തെപ്പറ്റി കേട്ടറിവുള്ളതുകൊണ്ടോ അതോ നാട്ടിലെ പഠിത്തം പോരെന്നു തോന്നിയതുകൊണ്ടോ അധികം വൈകാതെ കുട്ടികളെ ഇവിടെ കൊണ്ടുവന്നു്‌ സ്ക്കൂളില്‍ ചേര്‍ത്തു. കാലം പിന്നെയും കഴിഞ്ഞു. സായിപ്പിന്റെ സ്വന്തം ആളായിമാറിയ കക്ഷിയുടെ നിലവാരവും കാര്യമായി ഉയര്‍ന്നു. ഭാഗ്യം എങ്ങനെയും വരാമല്ലോ. കുറേ വര്‍ഷങ്ങള്‍ക്കു്‌ ശേഷം സായിപ്പ് ഏതോചില ഉപാധികളോടെ എല്ലാം ഇദ്ദേഹത്തെ ഏല്പിച്ചു്‌ സ്വന്തം നാട്ടിലേക്കു്‌ മടങ്ങി. ഇങ്ങനെയും ലോട്ടറി അടിയ്ക്കാം...!

പിന്നെ എല്ലാം പെട്ടന്നായിരുന്നു. തനി എസ്റ്റേറ്റു്‌ മുതലാളിയുടെ ജാഡയിലേക്കായി കാര്യങ്ങള്‍ ! കാറും ബംഗ്ലാവും ആശ്രിതരും ഒക്കെയായി എന്നുപറയേണ്ടതില്ലല്ലൊ ! ഈ കക്ഷികളെ ഇടക്കു്‌ ടൌണിലും മറ്റും വച്ചു്‌ കാണാറുണ്ട്‌. വെറും നാട്ടിന്‍പുറത്തുകാരിയായ ആ സ്ത്രീ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ ലോഹ്യങ്ങളും വിശേഷങ്ങളും ചോദിക്കുകയുംചെയ്യും. പക്ഷേ ഇവിടുത്തെ വിദ്യാഭ്യാസവും ആഡംബരങ്ങളും സ്റ്റൈലും തലയ്ക്കു്‌ പിടിച്ച മക്കള്‍ തനി പച്ചപ്പരിഷ്കാരികളായി. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചമട്ടിലാണു്‌ അവര്‍ !

ജീവിതവും അതിന്റെ വ്യതിയാനങ്ങളും മനുഷ്യരിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എങ്ങനെയെന്നു്‌ സൂചിപ്പിക്കന്‍ വേണ്ടി ഇത്രയും പറഞ്ഞെന്നേയുള്ളൂ. ഇനി പ്രധാനസംഭവത്തിലേക്കു്‌ കടക്കാം. ഇതില്‍ മൂത്തമകള്‍ ഏതോ ഫോട്ടോയുടെ കാര്യവുമായി ഒന്നോ രണ്ടോ തവണ എന്റെ ഓഫീസില്‍ വന്നിരുന്നത്രേ. അപ്പോഴെങ്ങും ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. നമ്മുടെ അസിസ്റ്റ്ന്റ് കക്ഷിയാകട്ടെ അവര്‍ പറഞ്ഞസമയത്തു്‌ വര്‍ക്കു്‌ ചെയ്തു തീര്‍ത്തതുമില്ല. അവള്‍ വീണ്ടും ഒരുദിവസം ഇതിനായി വന്നു.

തമിഴു്‌ നാട്ടില്‍ പഠിച്ചു വളര്‍ന്ന അവര്‍ക്കു്‌ തമിഴു്‌ സംസാരിക്കന്‍ അറിയാമെങ്കിലും എന്റെ അസിസ്റ്റന്റിനോടു്‌ ഇംഗ്ഗീഷില്‍ തട്ടിക്കയറിയ സമയത്താണു്‌ ഞാന്‍ എത്തിയതു്‌. ഇംഗ്ലീഷോ മലയാളമോ നല്ല വശമില്ലാത്ത ഒരു ലോക്കല്‍ തമിഴനായിരുന്നു അസിസ്റ്റന്റായി‌ അപ്പോഴവിടെ ഉണ്ടായിരുന്ന കക്ഷി. അവനാകട്ടെ ഒന്നും മനസ്സിലാകാതെ തമിഴില്‍ കാര്യങ്ങള്‍ വിവരിക്കുന്നു. പിന്നെ എന്റെ ഊഴമായി. കാര്യമെന്താണെന്നു്‌ തിരക്കി. അവര്‍ ഇംഗ്ഗീഷില്‍ പരാതി പറഞ്ഞു തുടങ്ങി. മലയാളിയാണെന്നു്‌ എനിക്കറിയാം, ഇടയ്ക്കു്‌ വല്ലപ്പോഴും കാണുകയും ഹായ്.. ഹലോ എന്നൊക്കെ പറയുകയും ചെയ്യാറുള്ളകക്ഷിയുമാണു്‌‌. അതിനാല്‍ ഞാന്‍ മലയാളത്തില്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി...

ഉടനെ അവര്‍  " ഐ ഹേറ്റ് യുവര്‍  ബ്ലഡീ മലയാളം" ​ എന്നു്‌ പറഞ്ഞു.

അതു്‌ എന്നെ വല്ലതെ ചൊടിപ്പിച്ചു .ഓര്‍ക്കാപ്പുറത്തു്‌ മുഖത്തു്‌ അടി കിട്ടിയ ഒരു ഫീലിങ്ങായിരുന്നു എനിക്കപ്പോള്‍ തോന്നിയതു്‌ . ആ ചൂടില്‍ തന്നെ മലയാളത്തിനു്‌ എന്താണു്‌ കുഴപ്പമെന്നും അങ്ങനെ പറയാന്‍ കാരണമെന്താണെന്നും ഞാന്‍ മലയാളത്തിലും ഇംഗ്ലീഷിലും മാറിമാറി ചോദിച്ചെങ്കിലും അതല്ല ഇവിടുത്തെ വിഷയം എന്നു്‌ പറഞ്ഞു്‌ അവര്‍ ഒഴിഞ്ഞു
മാറുകയായിരുന്നു....

അന്യദേശക്കാരിയോ ഭാഷക്കാരിയോ ആയിരുന്നെങ്കില്‍ സഹിക്കാം. അച്ഛനും അമ്മയും തനി കോട്ടയം മലയാളികള്‍. ജനിച്ചതു്‌ കേരളത്തില്‍. പഠിച്ചതു്‌ തമിഴ്നാട്ടില്‍ ഇംഗ്ലീഷ് മീഡിയത്തിലാണെന്നു്‌ മാത്രം. 'അഴകനെക്കണ്ടു്‌ അപ്പാ എന്നു്‌ വിളിക്കും' എന്നു്‌ പറഞ്ഞു്‌ കേട്ടിട്ടേയുള്ളൂ. ഇതു്‌ അതിനേക്കാള്‍ അല്പത്തരമായിപ്പോയി ! അവര്‍ വന്നതിന്റെ ആവശ്യം എന്തായിരുന്നാലും മലയാളം പറഞ്ഞതിന്റെ പേരില്‍ ഇത്ര പ്രകോപനമുണ്ടാകാന്‍ കാരണമെന്തെന്നറിയില്ല..! ഇനി ഞാന്‍ പറഞ്ഞ മലയാളം ശരിയാകാഞ്ഞിട്ടാണോ എന്നുമറിയില്ല..!! മലയാളമെന്നാല്‍ പൂവ്വര്‍ മല്ലൂ ഗൈസ് യൂസ് ചെയ്യുന്ന സ്റ്റാന്റേര്‍ഡില്ലാത്ത വള്‍ഗര്‍ ലാന്‍ഗ്വേജ് എന്നായിരിക്കും ഇത്തരം ഉരുപ്പടികള്‍ മനസ്സില്‍ കരുതിയിരിക്കുന്നതു്‌ ! മലയാളം സംസാരിക്കുകയും മലയാളി ആയതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരാണു്‌ നമ്മളെല്ലാവരും. മലയാളിയല്ലാത്ത ചിലര്‍ പോലും അല്പസ്വല്പം മലയാളവാക്കുകളൊക്കെ പറഞ്ഞൊപ്പിച്ചു്‌ മലയാളിയാണെന്നു്‌ അഭിമാനിച്ചു്‌ നടക്കുതും എനിക്കറിയാം. അതിനിടയിലാണു്‌ വളരെ വിചിത്രമായ ഈ ഒരനുഭവം!

ഇപ്പോള്‍ ഒരു വടക്കേഇന്‍ഡ്യാക്കാരന്‍ വ്യവസായിയെ കല്യാണം കഴിച്ചു്‌ സ്ലീവു് ലെസ്സും മോഡേണ്‍ വസ്ത്രങ്ങളും ധരിച്ചു്‌ തനി വിദേശിയുടെ മട്ടില്‍ കുടുംബസമേതം ഇവിടെക്കഴിയുന്നു. വി.ഐ.പി. പ്രോഗ്രാമുകളിലും പൊങ്ങച്ച ക്ലബ്ബുകളിലുമൊക്കെ ഇന്നവരെ കാണാറുണ്ടെങ്കിലും മാതൃഭാഷയെ ഇത്ര അവജ്ഞയോടെ തള്ളിപ്പറഞ്ഞ അവരെ കാണുമ്പോള്‍ ഒരുതരം വെറുപ്പാണു്‌ തോന്നുന്നതു്‌ ! അവര്‍  പറഞ്ഞതുപോലെ ആ ഇംഗ്ലീഷ് വാക്കുകള്‍  ഓര്‍മ്മവരും  'ഐ ഹേറ്റ്....യൂ...'

Sunday, June 12, 2011

പേടിപ്പിച്ച ഒരു ആനസവാരി..!

കടിച്ച പാമ്പിനെക്കൊണ്ടു്‌ വിഷമിറക്കിച്ചു എന്നുപറയാറുണ്ട്.അതായതു്‌ കടിച്ചിട്ടുപോയ വിഷപ്പാമ്പിനെ വൈദ്യന്‍ രോഗിയുടെ അടുത്തു്‌ വിളിച്ചുവരുത്തി ആ വിഷം തിരികെ എടുപ്പിച്ചുഎന്നാണു്‌ കഥ ! ഉള്ളതോ കള്ളമൊ എന്നറിയില്ല. എന്നാല്‍ പാമ്പിന്റേതല്ലെങ്കിലും അതിനു സമാനമായ എന്റെ ഒരു അനുഭവം ഇവിടെ കുറിക്കുന്നു.

അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ വേരുകളുള്ള കോട്ടയംകാരനായ ബിസ്സിനസ്സുകാരന്‍ കുറെനാള്‍ മുമ്പു്‌ എന്നെ സമീപിച്ചു. സാമാന്യം പരിചയവും എന്റെ ചിത്രങ്ങളെ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യുന്ന അല്പം പ്രായമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ ബിസിനസ് ആവശ്യത്തിനായി ഊട്ടിയുടെ സൌന്ദര്യം പകര്‍ത്തിയ കുറെ വീഡിയോക്ലിപ്പിങ്ങുകളും മുതുമലയിലെ ആനസവാരിയുടെ സീനുകളും അത്യാവശ്യമായി വേണമെന്നുപറഞ്ഞു്‌ ഒരുദിവസം
 എന്റെ അടുത്തുവന്നു.

ഞങ്ങള്‍ അയാളുടെ ആഡംബരക്കാറില്‍ ഊട്ടിയിലെ നല്ല സ്പോട്ടുകളും സീനുകളും ചിത്രീകരിച്ചശേഷം മുതുമലയിലെത്തുമ്പോഴേക്കും നേരം വൈകിയിരുന്നു. ആനസവാരി ഏതണ്ടു്‌ കഴിയാറായി.(തമിഴ്നാടിന്റെയും കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും അതിര്‍ത്തികള്‍ ചേരുന്ന പ്രദേശത്തെ പ്രസിദ്ധമായ വന്യജീവിസങ്കേതമാണു്‌ മുതുമല. ഇവിടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു മുഖ്യ ഇനമാണു്‌ ഈ 'ആനസവാരി' . പ്രത്യേകമായുണ്ടാക്കിയ ഉയരമുള്ള സ്റ്റെപ്പിനടുത്തു്‌ ആനയെ കൊണ്ടുവന്നു്‌ നിര്‍ത്തും .ആനപ്പുറത്തു്‌ വച്ചിട്ടുള്ള വലിയ തൊട്ടിലിലേക്കു്‌ സ്റ്റെപ്പുവഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവരെ സുരക്ഷിതമായി അതില്‍ കയറിയിരിക്കാം. ഇങ്ങനെ കുറച്ചുപേരെ വീതം കയറ്റിയ മൂന്നോ നാലോ ആനകളെ വരിയായി നിര്‍ത്തുന്നു.എന്നിട്ട് ഒന്നിനു പിറകെ ഒന്നായി വനത്തിനുള്ളിലേക്കു്‌ വിടുന്നു. മറ്റുജീവികളില്‍ നിന്നു ഉപദ്രവമേല്‍ക്കാതെ കാഴ്ച്ചകള്‍ കാണുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്യാം. ഏതാണ്ടു്‌ ഒരു മണിക്കൂര്‍ കാട്ടില്‍ ചുറ്റിയശേഷം തിരികെ കൊണ്ടുവിടും ഇതാണു്‌ ആനസവാരി).

ഞങ്ങള്‍ എത്തുമ്പോള്‍ അന്നത്തെ സവാരി സമാപനഘട്ടത്തിലായിരുന്നു. ആനകളെല്ലാം തിരിച്ചെത്തി ആളെ ഇറക്കാന്‍ തുടങ്ങിയിരുന്നു.
ആ കക്ഷി എന്നോടുപറഞ്ഞു
"ദത്തന്‍ അതു്‌ ഷൂട്ടു ചേയ്തോളൂ ഞാന്‍ ഇതിന്റെ ടിക്കറ്റു്‌ എടുത്തുവരാം" എന്നു്‌.
ഞാന്‍ സംശയിച്ചു്‌ നിന്നെങ്കിലും ഇഷ്ടന്‍ പറഞ്ഞു
"എടുത്തു തുടങ്ങിക്കോ ഇനി ഇല്ലെങ്കില്‍ നാളെയെ പറ്റുകയുള്ളൂ."

ഏതായാലും അയാള്‍ ടിക്കറ്റു്‌ വാങ്ങിവരുമല്ലോ എന്ന ധൈര്യത്തില്‍ ആനകള്‍ നിന്ന സ്ഥലത്തേക്കു ഞാന്‍ പോയി . മൂന്നാമത്തേതും അവസാനത്തേതുമായ ആന യാത്ര കഴിഞ്ഞു്‌ തിരികെ വരുന്നതും ആളെ ഇറക്കുന്നതും ഒരുവിധം ഷൂട്ടു ചേയ്തു തീര്‍ന്നില്ല... അപ്പോഴേക്കും പിന്നില്‍ ഒരു ബഹളം കേട്ടു.. " സ്റ്റോപ്പ് , സ്റ്റോപ്പ് " എന്നു്‌ ഉച്ചത്തില്‍ ആരോ വിളിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു ! തിരിഞ്ഞു നോക്കിയപ്പോഴാണു്‌ പ്രശ്നം ഗുരുതരമാണെന്നു്‌ മനസ്സിലായതു്‌. ഒരു തമിഴ് നാടു്‌ പോലീസുകാരനും രണ്ടു്‌ ഫോറസ്റ്റ് ഗാര്‍ഡുകളും കൂടി എന്നോടാണു്‌ ഇങ്ങനെ ആക്രോശിക്കുന്നതു്‌. അപ്പോഴേക്കും അവര്‍ എന്റെ അടുത്തെത്തി. അനുവാദമില്ലാതെ ഇവിടെ ഷൂട്ടുചെയ്യാന്‍ ആരുപറഞ്ഞു എന്നു്‌ ചോദിച്ചു്‌ അവര്‍ എന്റെ നേരേ തട്ടിക്കേറി !

പെര്‍മിഷന്‍ വാങ്ങാനും ടിക്കറ്റെടുക്കാനും ആളുപോയെന്നു്‌ ഞാന്‍ സൂചിപ്പിച്ചു. കക്ഷി എത്തുമ്പോഴേക്കും ആനസവാരി കഴിയുമെന്നും വെളിച്ചം കുറഞ്ഞുപോകുമെന്നും അക്കാരണംകൊണ്ടാണു്‌ ഇങ്ങനെ ഇതു്‌ ഷൂട്ടു്‌ ചെയ്യാന്‍ തുടങ്ങിയതെന്നുമുള്ള സത്യം ഞാനവരോടു്‌ പറഞ്ഞു..അതൊന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ഷൂട്ടിങ്ങിനുള്ള ഫീസ് 500 രൂപയാണെന്നും അതു്‌ കൊടുക്കാതെ വീഡിയോ ക്യാമറയും കൊണ്ടു് വന്നതിനു്‌‌ പെനാല്‍റ്റിയായി 10000 രൂപയും ടിക്കറ്റെടുക്കാതെ അതിക്രമിച്ചു കയറിയ കുറ്റത്തിനു്‌ 1000 രൂപ ഫൈനും കൊടുക്കണം. ഇല്ലാത്തപക്ഷം എന്നെയും ക്യാമറയും കസ്റ്റഡിയിലെടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി ! ഏതാണ്ടു്‌ പത്തു്‌ മിനിറ്റു്‌ സംസാരിച്ചു്‌ നിന്നിട്ടും ടിക്കറ്റിനും പെര്‍മിഷനും പോയ ആളെക്കാണാനില്ല ! എന്റെ നില കൂടുതല്‍ പരുങ്ങലിലായി...!! ഞാന്‍ പറഞ്ഞതു്‌ കള്ളമാണെന്നു്‌ അവര്‍ കരുതി. ഇതിനകം ഏതോ ചാനലുകാരന്‍ അനുവാദമില്ലാതെ അകത്തുകടന്നു്‌ ഷൂട്ടിങ്ങു്‌ നടത്തുന്നു എന്ന കിംവദന്തി അവിടാകെ പരന്നു! അപ്പോഴേക്കു്‌ മറ്റൊരു പോലീസുകാരന്‍ കൂടിഎത്തി , തൊണ്ടിമുതലായ എന്നെ DFOയുടെ മുന്നില്‍ ഹാജരാക്കാനായിട്ടു്‌. DFO സ്ഥലത്തുള്ളതിനാല്‍ മുന്‍പറഞ്ഞ ശിക്ഷയില്‍ ഒട്ടും ഇളവുണ്ടാകില്ലെന്നും അവരുടെ സംഭാഷണത്തില്‍ നിന്നും മനസ്സിലായി.

ആനപ്പുറത്തു്‌ നിന്നിറങ്ങിയവരും അല്ലാത്തവരുമായ സന്ദര്‍ശകര്‍ കഥയറിയാതെ നോക്കിനിന്നു. പോലീസുകാരുടേയും ഫോറസ്റ്റ് ഗാര്‍ഡുമാരുടെയും അകമ്പടിയോടെ കുറ്റവാളിയായ ഞാന്‍ നടന്നു ! ടിക്കറ്റെടുക്കാന്‍ പോയവ്യക്തിയെ ഞാന്‍ കൌണ്ടര്‍ വരെ ഒന്നു്‌ പോയി നോക്കട്ടെ എന്നു്‌ പറഞ്ഞെങ്കിലും അവരതിനു്‌ സമ്മതിച്ചില്ല . ഇനി DFO യുടെമുമ്പില്‍ ഹാജരാക്കിയശേഷമേയുള്ളൂ ബാക്കിക്കാര്യങ്ങള്‍ എന്നായി അവര്‍. അടുത്തു്‌ കണ്ട ഒരോഫീസിലേക്കാണു്‌ എന്നെക്കോണ്ടുപോയതു്‌. ഇതിനിടെ ഫൈനടയ്ക്കേണ്ട തുകയെപ്പറ്റി അവര്‍ വീണ്ടും വീണ്ടും പറഞ്ഞു. ഇതു്‌ ചാരപ്പണിയോ രഹസ്യമോ ഒന്നുമല്ലെന്നും പെനാല്‍റ്റി കെട്ടാമെന്നും ഞാന്‍ പറഞ്ഞു.അതിനുമുമ്പ് എന്റെ കൂടെ വന്ന കക്ഷിയെ ഒന്നു്‌ കാണാന്‍ അനുവദിക്കണമെന്നും ഞാന്‍ അവരോടു ആവശ്യപ്പെട്ടു.

അറിയാതെയെങ്കിലും ഇത്തരം ഒരു ഗുലുമാലില്‍ ചെന്നുപെട്ടതും അനാവശ്യമായി പിഴയടയ്ക്കേണ്ടി വരുന്നതും ഇത്രയുമായിട്ടും കൂടെയുള്ള കക്ഷിയെക്കാണാത്തതും വല്ലാത്ത ടെന്‍ഷനുണ്ടാക്കി ! പോകുന്നവഴി അവിടെയെല്ലാമൊന്നു്‌ കണ്ണോടിച്ചെങ്കിലും ഇഷ്ടനെ കണ്ടില്ല. കാര്‍ മാത്രം കിടപ്പുണ്ട്‌. സമസ്ത ആശകളും കൈവിട്ടു്‌ അറക്കാന്‍ കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ അവരോടൊപ്പം ആ മുറിയുടെ വാതില്ക്കലെത്തി. ഏതായാലും ചെയ്തു പോയില്ലേ ഇനി മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ശിക്ഷ ഏതാണ്ടു്‌ ഉറപ്പാണെന്നു്‌ വ്യക്തമായി ! ഇല്ലെങ്കില്‍ വല്ല സിനിമാക്കഥകളിലേയുമ്പോലെ ഈ തൊണ്ണൂറാം മിനിറ്റില്‍ നായകനോ വില്ലനോ ഇടിച്ചു കേറി വന്നു്‌ രക്ഷിക്കണം..! അതിനു്‌ ഒട്ടും ചാന്‍സില്ല, അതു്‌ സങ്കല്പവും ഇതു്‌ യാഥാര്‍ത്ഥ്യവുമാണല്ലോ.! അങ്ങനെ ആരും വന്നില്ലെങ്കിലും കൂടെവന്ന ആളെയെങ്കിലും കണ്ടാല്‍ മതിയെന്നായിരുന്നു എന്റെമനസ്സില്‍...

കുറ്റാരോപിതനായ എനിക്കൊപ്പം പോലീസുകാരും വനപാലകരും ഉള്ളിലേക്കു്‌ വന്നു. എന്നാല്‍ മുറി തുറന്നപ്പോള്‍ കണ്ടകാഴ്ച്ച എനിക്കു്‌ വിശ്വസിക്കാനായില്ല..!! ഓര്‍ത്തിരിക്കാതെ അതാ ഭാഗ്യം DFO യുടെ രൂപത്തില്‍ അവിടെയിരിക്കുന്നു ! അടുത്ത കസേരയിലാകട്ടെ എന്നോടൊപ്പം വന്ന ബിസ്സിനെസ്സുകാരനും..!
എങ്കിലും ഇതറിയാത്ത പോലീസുകാരന്‍ എനിക്കെതിരെയുള്ള ആരോപണങ്ങളുടെ കെട്ടഴിച്ചു ...
"ഇയ്യാളാണു്‌ അതിക്രമിച്ചുകയറി വീഡിയോ എടുത്തതു്‌... ടിക്കറ്റും പാസുമെടുത്തില്ല..."
ഒരു ഭാവഭേദവും കൂടാതെ അതു്‌ കേട്ടിരുന്ന DFO മൂന്നു്‌ ചായക്കു്‌ പറയാനും നിങ്ങള്‍ പൊയ്ക്കൊള്ളാനും, ആനയും ആനക്കാരും അവിടെ നില്‍ക്കാന്‍ പറയാനും വളരെ ഗൌരവത്തില്‍ പറഞ്ഞു. ഇതു് ഒരുപക്ഷേ തെളിവെടുപ്പിനോ മറ്റോ ആണെന്നു്‌ അവര്‍ കരുതിയിട്ടുണ്ടാകും..!

കുറേ കൊല്ലങ്ങള്‍ക്കു്‌ ‌മുമ്പു്‌ കൂനൂരില്‍ എന്റെ അയല്‍വാസിയായി കുടുബസമേതം ഉണ്ടായിരുന്ന പാലക്കാട്ടുകാരന്‍ ഫോറസ്റ്റ് ഓഫീസര്‍ സ്ഥലംമാറി തമിഴ് നാട്ടിലെതന്നെ ഗോപിച്ചെട്ടിപ്പാളയം എന്നസ്ഥലത്തേക്കു്‌ പോയിരുന്നു.... പത്തു പന്ത്രണ്ടു്‌ വര്‍ഷങ്ങള്‍ക്കു് ശേഷം പുള്ളി DFO ആയി പ്രമോഷന്‍കിട്ടി ഇവിടെ എത്തിയതാണത്രേ ! എനിക്കു്‌ രക്ഷപ്പെടാന്‍ വന്ന ഒരു ഭഗ്യം, അല്ലാതെന്തു്‌ പറയാന്‍ ?
ചായകുടിക്കുന്ന സമയത്താണു്‌ എന്റെ കൂടെവന്ന ആളും DFOയും വളരെ അടുത്ത സുഹൃത്തുക്കളാണെന്നു ഞാന്‍ അറിയുന്നതു്‌. അവര്‍ ഒന്നിച്ചു്‌ കോയമ്പത്തൂരില്‍ ഒരേ കോളേജില്‍ പഠിച്ചവരാണെന്നും അന്നുകാണിച്ച ചിലവിക്രിയകളും തമാശസംഭവങ്ങളും സരസമായി അവിടെവച്ചു്‌ എന്നോടു്‌ വിവരിക്കുകയും ചെയ്തു. പക്ഷേ വളരെ നാളിനുശേഷം അവിചാരിതമായാണു്‌ അന്നു്‌ ഇവിടെ വച്ചു്‌ കണ്ടുമുട്ടുന്നതു്‌‌. അതുകൊണ്ടാണത്രേ ടിക്കറ്റോ പാസോ എടുത്തു്‌ എന്റെ അടുത്തേക്ക്‌ വരാതിരുന്നതും. മാത്രമല്ല DFOയും ഞാനും നേരത്തെ അയല്‍പക്കാരായിരുന്നെന്നും അടുത്തപരിചയക്കാരണെന്നും‌ ബിസ്സിനസ്സുകാരന്‍ അറിയുന്നതും അപ്പോഴാണു്‌.ഏതായാലും രണ്ടു്‌ പേരുംകൂടി എന്നെ വെറുതെ പേടിപ്പിച്ചതു്‌ ശരിയായില്ലെന്നു്‌ ഞന്‍ പറഞ്ഞു.

ചായകുടികഴിഞ്ഞപ്പോള്‍ വെളിയില്‍ കാത്തുനിന്ന വനപാലകരെ ഉള്ളിലേക്കു്‌ വിളിച്ചു. എന്നിട്ടു്‌ ഞാന്‍ ഏതുതരത്തില്‍ ആനകളെ നിര്‍ത്താന്‍ പറയുന്നോ ആ രീതിയില്‍ നിര്‍ത്തിത്തരാനും അവിടെ നില്ക്കുന്ന കുറേപ്പേരെ ആനപ്പുറത്തു്‌ വിളിച്ചുകേറ്റാനും,ഞാന്‍ ആവശ്യപ്പെടുന്നപോലെ ഷൂട്ടിങ്ങിനു്‌ വേണ്ടസൌകര്യം ചെയ്തുകൊടുക്കാനും നിര്‍ദ്ദേശിച്ചു. ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയമാതിരി പിന്നെ എന്തു്‌ വേണമെങ്കിലും ചെയ്യാമായിരുന്നെങ്കിലും ആവശ്യമുള്ളതു്‌ മാത്രം വേണ്ടുവോളം ചിത്രീകരിച്ചു്‌ തിരികെപ്പോന്നു ! അതൊരു വലിയ അനുഭവമായിരുന്നു. ശിക്ഷ വിധിക്കാന്‍ അങ്ങോട്ടു്‌ കൂട്ടിക്കൊണ്ടു്‌ കൊണ്ടുപോയവര്‍ ആജ്ഞാനുവര്‍ത്തികളായി ഇങ്ങോട്ടു് തിരികെ വന്ന സംഭവം.!! ഒരുപക്ഷേ സിനിമയില്‍ ഇത്തരം ഒരുരംഗം കണ്ടാല്‍ അവിശ്വസനീയമായിത്തോന്നാം.. എന്നാല്‍ ഇതു്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അസധാരണവും രസകരവുമായ അനുഭവം!
ഷൂട്ടു്‌ കഴിഞ്ഞു്‌ അന്നുതന്നെ ഞങ്ങള്‍ തിരികെ പുറപ്പെടാനൊരുങ്ങിയെങ്കിലും ഒത്തിരിനാളിനു്‌ ശേഷമുള്ള കണ്ടുമുട്ടലാണല്ലോ ഒരുപാട് കാര്യങ്ങളും വിശേഷങ്ങളും പറയാനുണ്ടെന്നു്‌ പറഞ്ഞു്‌ ഞങ്ങളെ DFO അയാളുടെ വീട്ടിലേക്കു്‌ കൂട്ടിക്കൊണ്ടുപോയി...

Tuesday, April 19, 2011

ഹാസ്യമല്ല ഇതു്‌ അപഹാസ്യം !

പൊതുജനം ഏറെ ഇഷ്ടപ്പെടുന്ന ഒരു മാസ്മര ലോകമാണു്‌ സിനിമ. അവിടം അടക്കിവാഴുന്ന താരരാജാക്കന്മാരും രാജ്ഞിമാരും നമ്മുടെ കാണപ്പെട്ട ദൈവങ്ങളും ..!
നാടു്‌ മാലിന്യമുക്തമാക്കാനും നമ്മുടെ വോട്ടു്‌ വിനിയോഗിക്കാനും അത്യാവശ്യത്തിനു്‌ എന്തെങ്കിലും പണയം വയ്ക്കണമെങ്കിലും എന്തിനു്‌ മുണ്ടുടുക്കണമെങ്കില്‍പ്പോലും ഇന്നു്‌ ഈ താരങ്ങളുടെ ഉപദേശം വേണമെന്നു്‌ വന്നിരിക്കുന്നു !

പാവംജനങ്ങളെ വീഴ്ത്താന്‍ ഇവര്‍ക്കു്‌ ഒരുസ്ഥിരം അടവുണ്ടു്‌ " നിങ്ങള്‍ പ്രേക്ഷകരാണു്‌ ഞങ്ങളുടെ എല്ലാമെല്ലാം.. നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്തു്‌ നിലനില്പ്... " എന്നുവെരെ തട്ടി വിടുന്നതു്‌ കേള്‍ക്കാം. ആളുകൂടുന്നിടത്തും അഭിമുഖങ്ങളിലും അവാര്‍ഡ്ദാനച്ചടങ്ങുകളിലുമൊക്കെ അവസരോചിതമായി ഈ തുറുപ്പുശീട്ടു്‌ എടുത്തു്‌ പ്രയോഗിക്കുന്നതും കാണാം! തേനൂറുന്ന ഈ പ്രയോഗം കേട്ടു്‌ രോമാഞ്ചം കൊള്ളുന്ന ജനം കൈയ്യടിക്കുന്നു. ആന്ദലബ്ധിക്കു്‌ ഇനിയെന്തു്‌ വേണം ? പക്ഷേ അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെപുളി അറിയൂ ! വെള്ളി നക്ഷത്രങ്ങളെ നോക്കി തുള്ളിത്തുളുമ്പുന്ന ഈ പുല്‍ക്കൊടികള്‍ അറിയാത്ത ചിലകഥകളുണ്ടു്‌. അവയിലൊന്നു്‌ ഇവിടെ പറയാം .

തെക്കേഇന്‍ഡ്യയിലെ സ്ഫോടക വസ്തു നിര്‍മ്മാണശാലയായ കോര്‍ഡേറ്റു്‌ ഫാക്റ്ററി സ്ഥിതിചെയ്യുന്ന സ്ഥലമാണു്‌ തമിഴു് നാട്ടില്‍ നീലഗിരിജില്ലയിലെ സുഖവാസകേന്ദ്രമായ ഊട്ടിക്കു്‌ അടുത്തുള്ള അരുവങ്കാട് എന്ന ചെറിയ ടൌണ്‍ഷിപ്പ്. ഈ ഫാക്റ്ററിയിലെ ഉദ്യോഗസ്ഥരുടെയും
 ചുറ്റുപാടുമുള്ള മലയാളികളുടേയും  ഒരു കലാസാംസ്ക്കാരിക കൂട്ടായ്മയാണു്‌ അരുവങ്കാട്ടെ കൈരളി കേരള സമാജം. ഫാക്റ്ററിയിലെ ഉദ്യോഗസ്ഥര്‍ക്കും പരിസര വാസികള്‍ക്കും അവരുടെ കുട്ടികള്‍ക്കും മലയാളത്തനിമയും പാരമ്പര്യങ്ങളും നിലനിര്‍ത്താന്‍ അവസരമൊരുക്കുക, കല കായിക - സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുക, അന്യനാട്ടില്‍ ജനിച്ച കൊച്ചുകുട്ടികള്‍ക്കായി മാതൃഭാഷയായ മലയാളം പഠിപ്പിക്കാന്‍ സൌകര്യമുണ്ടാക്കുക തുടങ്ങി എല്ലാമറുനാടന്‍ മലയാളി സമാജങ്ങളും ചെയ്യുന്നതു്‌ പോലെയുള്ള കാര്യങ്ങളാണു്‌ ഇവിടെയും നടക്കുന്നതു്‌.

എന്നും സിനിമക്കാരെക്കൊണ്ടു്‌ സമ്പന്നമാണു്‌ ഊട്ടി. ഏതെങ്കിലും ഒരു സിനിമയുടെ ഷൂട്ടിങ്ങ്‌ എപ്പോഴും ഇവിടെ ഉണ്ടാകും.തമിഴു്‌ തെലുങ്ക്,ഹിന്ദി,മലയാളം എന്നിങ്ങനെ എല്ലാഭാഷയില്‍ നിന്നുള്ള നടീനടന്മാരും ഇവിടെ എത്തും. മിക്കവാറും മലയാളത്തിലെ ഏതെങ്കിലും ഒരു താരം (നടനെയോ നടിയേയോ) സെറ്റിലോ ഹോട്ടലിലോ ചെന്നുകാണും. അവര്‍ക്കുകൂടി വരാന്‍ സൌകര്യപ്പെടുന്ന ഒരു ദിവസം നോക്കി ചിലപ്പോഴൊക്കെ കൈരളിയുടെ വാര്‍ഷികാഘോഷ പരിപാടി അറേഞ്ചു്‌ ചെയ്യാറുണ്ടു്‌.

അങ്ങനെ ഒരു തവണ ചെല്ലുമ്പോള്‍ നടി ദിവ്യാ ഉണ്ണിയായിരുന്നു സ്ഥലത്തുണ്ടായിരുന്നതു്‌. കാര്യങ്ങള്‍ അവരോടു പറഞ്ഞു . ഒഴിവുദിവസം മുന്‍കൂട്ടി പറയാമെന്നും അതു്‌ പ്രകാരം ചെന്നു്‌ കൂട്ടിക്കോണ്ടു്‌ പോന്നാല്‍ മതിയെന്നും അവര്‍ അറിയിച്ചു. പറഞ്ഞപ്രകാരം അങ്ങനെ ഒരു ദിവസം പോയികൂട്ടിക്കൊണ്ടുവന്നു. ഹാളും പരിസരവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു . നിലവിളക്കു്‌ കൊളുത്തി ഔപചാരികമായി ഉത്ഘാടനം കര്‍മ്മം നിര്‍വഹിച്ചു പ്രോഗ്രാം തുടങ്ങി . തിരക്കുണ്ടായിരുന്നിട്ടും‌ മുഖ്യചടങ്ങുകള്‍ കഴിയുംവരെ ഏതാണ്ടു്‌ ഒരുമണിക്കൂറോളം സമയം അവര്‍ സ്റ്റേജിലുണ്ടായിരുന്നു. കൈരളിയുടെ ഒരു ചെറിയ ഉപഹാരം ഞങ്ങള്‍ സമ്മാനിച്ചു. വളരെ സന്തോഷത്തോടെ അതു്‌ വാങ്ങിയ അവരെ തിരികെ കൊണ്ടുവിടുകയും ചെയ്തു. ഒരു മറുനാടന്‍ മലയാളി സമാജത്തിന്റെ വാര്‍ഷികാഘോഷം അങ്ങനെ ആവര്‍ഷം നടന്നു.

ചെറുതെങ്കിലും നമ്മുടെ നാട്ടുകാരുടെ ഒരു കലാസാംസ്കാരിക സംരംഭത്തില്‍ ഒരു നടി വന്നതു്‌ അവരുടെ സഹൃദയത്വം കൊണ്ടും കലയോടുള്ള താല്പര്യം കൊണ്ടുമായിരിക്കാം. ഇതു് എടുത്തുപറയാന്‍ കാരണം‌ അടുത്ത തവണയുണ്ടായ മറ്റൊരു്‌ അനുഭവം തന്നെ.അടുത്തവര്‍ഷം ഇതേ സമയത്തു്‌ ഒരു സെലിബ്രട്ടിയെ തിരക്കി ഞങ്ങള്‍ ഊട്ടിയില്‍ പരതി. ആകെയുള്ളതു്‌ ഒരു ഹിന്ദി പടത്തിന്റ ഷൂട്ടിങ്ങായിരുന്നു‌. ഭാഗ്യമെന്നു്‌ പറയട്ടെ നമ്മുടെ വാര്‍ഷികം അടുത്തപ്പോഴേക്കും അതാവരുന്നു ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങു് ‌.

ചില കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായിവന്നു്‌ വിധികല്പിക്കുന്ന,മലയാളത്തില്‍ ഇപ്പോള്‍ സജീവമായുള്ള ഹാസ്യനടി അതില്‍ ഉണ്ടെന്നറിഞ്ഞു . ഷൂട്ടിങ്ങു്‌ കഴിഞ്ഞു്‌ ഹോട്ടലിലെത്തിയ നടിയെ ഞങ്ങള്‍ ചെന്നുകണ്ടു. അന്യനാട്ടിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടന എന്നുകേട്ടപ്പോള്‍ നടിക്കു്‌ നൂറു്‌ നാക്കായിരുന്നു! ഞങ്ങള്‍ എത്തിയതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ചു. ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുക അവരുടേയുംകൂടി കടമയും ആവശ്യവുമാണെന്നും അവര്‍ പറഞ്ഞപ്പോള്‍ സന്തോഷത്തിനു ബ്രേക്കില്ലാതെപോയി ! എല്ലാം ശരിയായ ഒരു മട്ടു്‌. പക്ഷേ അവര്‍ക്കു്‌ എന്തോ ചെറിയ ബുദ്ധിമുട്ടുള്ളതുപോലെ ഒരു സൂചന. ഡയറിയും കലിണ്ടറുമൊക്കെയൊന്നു മറിച്ചു്‌ നോക്കിയിട്ടു്‌ ഇവിടെ മൂന്നാലു്‌ ദിവസമേ കാണൂ അതുകഴിഞ്ഞാല്‍ ഷൊര്‍ണ്ണൂരിനു പോകണമെന്നും അടുത്ത ലൊക്കേഷന്‍ അവിടെയാണെന്നും പറഞ്ഞു. പോകുന്നതിന്റെ മുമ്പിലത്തെ ദിവസം ഉത്ഘാടനം മാത്രം ഒന്നു്‌ നടത്തിയാല്‍ മതിയെന്നു്‌ ഞങ്ങള്‍ അറിയിച്ചു.

അല്ലെങ്കില്‍ "താങ്കളുടെ സൌകര്യമനുസരിച്ച് പോകുന്നവഴി ഒന്നു്‌ കയറി ആ ചടങ്ങുമാത്രം നടത്തിപ്പോയാല്‍ ഉപകാരമായിരുന്നു.. കഷ്ടിച്ചു പത്തോ പതിനഞ്ചോ മിനിറ്റു്‌ മാത്രം മതിയെന്നും" വരെ ഞങ്ങള്‍ അപേക്ഷിച്ചു.

അതുവരെ വാതോരാതെ സംസാരിച്ചിരുന്ന നടിയുടെ സംഭാഷണത്തിനു്‌ പെട്ടന്നു്‌ തടസ്സം നേരിട്ടു ! ചില ചിണുങ്ങലും പരുങ്ങലുമായി നടിപിന്നെയും ശങ്കിക്കുന്നു !!

"ഇല്ല, പറ്റില്ല അടുത്തദിവസം എനിക്കു്‌ ഷൊര്‍ണ്ണൂര്‍ ഏത്തേണ്ടതാണു്‌."
"ഞങ്ങള്‍ക്കു്‌ ഒരഞ്ചുമിനിറ്റു മതിയെന്നു് ‌" വീണ്ടും പറഞ്ഞുനോക്കി.
"ഓ അതുപറ്റില്ല.." എന്നിട്ടു്‌ ചെറിയ സംശയം നടിച്ചു്‌ ഒരു ചോദ്യം.
"എനിക്കുപകരം കാവേരി ആയാലോ ?"
"എന്നലും മതി , പക്ഷേ നിങ്ങള്‍ വന്നാല്‍ കുറേക്കൂടി നല്ലതായിരുന്നു. ജനം കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യും " എന്നു്‌ ഞങ്ങള്‍ ഒരു ഭംഗിവാക്കു്‌ പറഞ്ഞു.
"അതേയ്.. എനിക്കു്‌ പോകേണ്ട ആവശ്യമുള്ളതുകൊണ്ടു്‌ കാവേരിയോടു്‌ പറഞ്ഞു്‌ അവളെ അയക്കാം. പക്ഷേ അവള്‍ക്കു്‌ എന്തു്‌ കൊടുക്കും ? അതു്‌ എനിക്കു്‌ അവളോടു്‌ പറയണമല്ലോ ! "

സാധാരണ ചെയ്യുമ്പോലെ കൈരളിയുടെ ഒരു ചെറിയ ഉപഹാരം കൊടുക്കുമെന്നു്‌ പറഞ്ഞപ്പോള്‍ നടിയുടെ മുഖം വിളറി... അപ്പോള്‍ മനസ്സിലായി എന്തു്‌ കൊടുക്കും എന്നറിയാനുള്ള അഭിനയമായിരുന്നു ഈ 'കാവേരി പ്രശ്ന'മെന്നു്‌ ! കനമുള്ളതു്‌ വല്ലതും തടയുമോ എന്നാണു്‌ ചോദ്യത്തിന്റെ പൊരുള്‍‌ ! കലാസാംസ്കാരിക സംഘടനയുടെ ഉത്ഘാടനം എന്നു്‌ കേട്ടപ്പോള്‍ അതു്‌ വല്ല ആഭരണക്കടയോ തുണിക്കടയോ ആണെന്നു്‌ വിചാരിച്ചിരിക്കും..!!

സിനിമാ സ്റ്റൈലില്‍ പറഞ്ഞാല്‍ കാള്‍ ഷീറ്റല്ല "കാല്‍" ഷീറ്റുപോലും കിട്ടാതെ ഞങ്ങള്‍ മുറിയില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി. എങ്കില്‍ ഇനി കാവേരിയെ നേരിട്ട് ഒന്നു്‌ സമീപിച്ചാലോ എന്നായി ഞങ്ങള്‍..! സംവിധായകനുള്‍പ്പെടെയുള്ളവരോടും പരിചയക്കാരായ സിനിമ പ്രവര്‍ത്തകരോടും മറ്റുപല ഹോട്ടലുകാരോടും കാവേരിയെക്കുറിച്ചു്‌ ഞങ്ങള്‍ അന്വേഷിച്ചു. അവര്‍ ഈ പടത്തില്‍ ഇല്ല എന്നുമാത്രമല്ല കാവേരി മറ്റേതെങ്കിലും ഭാഷാചിത്രങ്ങളില്‍ അഭിനയിക്കാനായി ഈ ഊട്ടിയില്‍ എത്തിയിട്ടുമില്ല എന്നാണറിഞ്ഞതു്‌ .
കഥകളി മനസ്സിലാകുന്ന മലയാളി പ്രേക്ഷകര്‍ക്കു്‌ മറുനാട്ടിലായാലും സിനീമാക്കാരുടെ അഭിനയം മനസ്സിലാക്കാന്‍ വലിയബുദ്ധിമുട്ടുമില്ലെന്നു്‌ ഓര്‍ക്കുക !!

Saturday, February 26, 2011

ഒരു "പൂജ്യ" വ്യക്തിത്വം !

വളരെ പ്രശസ്തമായ ഒരു റസിഡന്‍ഷ്യല്‍ സ്ക്കൂളിന്റെ പ്രിന്‍സിപ്പല്‍ വന്നു്‌ എന്നെ അവരുടെ ഓഫീസിലേക്കു്‌ കൊണ്ടുപോയി. ആ സ്ക്കൂളിനു 100 വര്‍ഷം തികയുകയാണെന്നും ഈ പ്രാവശ്യം വളരെ വിപുലമായരീതിയില്‍ ഫൌണ്ടേഴ്‌സ് ഡേ ആഘോഷിക്കുകയാണെന്നും അറിയിച്ചു .പലസംസ്ഥാനങ്ങളിലായി ശാഖകള്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന സെഞ്ചുറിയടിച്ച ഈ സ്ക്കൂളിന്റെ സുവനീര്‍ ഒരു ചരിത്ര സംഭവമാക്കനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു് എന്നെ വിളിപ്പിച്ചതു്‌. ഇതു്‌ കുറെ വര്‍ഷങ്ങള്‍ക്കു്‌ മുമ്പു്‌ നടന്നസംഭവമാണു്‌. അതു്‌ പ്രത്യേകം പറയേണ്ടതുണ്ടു്‌. കാരണം അന്നു്‌ കളര്‍ പ്രിന്റിങ്ങോ ഫോട്ടോകളോ സര്‍വ്വസാധാരണമല്ലായിരുന്നു. മുഖ്യമായും കളര്‍ കവര്‍ ചിത്രങ്ങള്‍ അച്ചടിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നു.

നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വിശാലമായ സ്ക്കൂള്‍ ചിത്രമായിരിക്കണം സുവനീറിന്റെ കവറില്‍, അനുബന്ധ ചിത്രങ്ങള്‍ വേറേയും . കളര്‍ ഫിലിം സംഘടിപ്പിച്ചു്‌ അയാള്‍ ആവശ്യപ്പെടുന്ന തരത്തില്‍ എങ്ങനെയും പടങ്ങളെടുത്തു കൊടുക്കാം. പക്ഷേ അതു്‌ പോരാ, സ്ലൈഡ് ഫിലിം അഥവ പോസിറ്റീവ് ഫിലിമില്‍ സ്ലൈഡുകളായിട്ടാണു്‌ ആവര്‍ക്കു്‌ ചിത്രങ്ങള്‍ വേണ്ടതു്‌. മാത്രമല്ല അതു്‌ വലിയ ഫോര്‍മാറ്റില്‍ വേണംതാനും . അന്നു്‌ 35mm ക്യാമറയും ഫിലിമുകളും  ആയിരുന്നു നിലവിലുള്ളതു്‌.അയാള്‍ക്കു്‌ വേണ്ടതാകട്ടെ 120 സൈസിലുള്ളതും. ആ സ്ലൈഡ് ഫിലിമാണെങ്കില്‍ അപ്പോള്‍
കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും!പോരെങ്കില്‍ അതിന്റെ പ്രോസസിങ്ങ് ചെലവു്‌ കൂടിയതും വളരെ അപൂര്‍വ്വമായി ചിലകളര്‍
ലാബുകളില്‍ മാത്രം ചെയ്യുന്നതുമായിരുന്നു. അതുകൊണ്ടു് ഇതിനുള്ള ചാര്‍ജ് അല്പം കൂടുതലാകുമെന്ന വിവരം അദ്യമേതന്നെ ഞാന്‍ സൂചിപ്പിച്ചു. ഇഷ്ടന്‍ അതു്‌ സമ്മതിച്ചു.

പോസിറ്റീവ് ഫിലിം സംഘടിപ്പിച്ചു്‌ പറഞ്ഞ പ്രകാരം വെയിലുള്ള ഒരു ദിവസം ഫോട്ടോകള്‍ എടുത്തുപോന്നു. 12 ഫോട്ടോകളാണു്‌ അവര്‍ക്കു്‌ വേണ്ടതു്‌ . ഒരു റോളിലാകട്ടെ 12 പടങ്ങള്‍ മാത്രമേഎടുക്കാനും കഴിയൂ. ഇന്നത്തെപ്പോലെ ഡിജിറ്റല്‍ സംവിധാനങ്ങളൊന്നും അന്നു്‌ ഇല്ലാഞ്ഞതിനാല്‍ ഒരുതരത്തിലുള്ള അഡ് ജസ്റ്റുമെന്റുകളുംനടത്താനവില്ല.എല്ലാ എക്സ്പോഷറുകളും കൃത്യമായിരിക്കുകയും വേണം. ഏതെങ്കിലും ഒരെണ്ണം ശരിയാകാതെവന്നാല്‍പ്പോലും അതു് വീണ്ടും എടുക്കാനായി 12 പടങ്ങള്‍ വരുന്ന ഒരു റോള്‍ ഫിലിംകൂടി വാങ്ങി ചെലവാക്കണം. എന്നുമാത്രമല്ല പിന്നെയും അവ ഷൂട്ടുചെയ്തു്‌ പ്രോസസ്സിംഗ് കഴിഞ്ഞു്‌ വരാനുള്ള സമയവും കുറവായിരുന്നു!

ഏതായാലും രണ്ടും കല്പിച്ചു്‌ അവര്‍ പറഞ്ഞ രീതിയില്‍ സ്ക്കൂളു്‌,കുട്ടികള്‍, ക്ലസ്സ് മുറികള്‍ എല്ലാം ഒരു റോളില്‍ത്തന്നെ എടുത്തു. ഭാഗ്യത്തിനു്‌ എല്ലാം കറക്റ്റായി കിട്ടി! പറഞ്ഞ ദിവസം തന്നെ അതെല്ലാമായി സ്ക്കൂളിലെത്തി.പ്രിന്‍സിപ്പല്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു.ആവശ്യപ്പെട്ട രീതിയിലും ആംഗിളിലും എടുത്ത ചിത്രങ്ങള്‍ അയാള്‍ക്കു്‌ വളരെ ഇഷ്ടപ്പെട്ടു.


പിന്നെ പൈസയുടെ കാര്യത്തിലേക്കു്‌ വന്നു. ആദ്യമേ പറഞ്ഞിരുന്ന തുക ഞാന്‍ സൂചിപ്പിച്ചു .എഴുതിക്കൊണ്ടുപോയ ബില്ലും
കൊടുത്തു. പ്രിന്‍സിപ്പലിന്റെ മുഖത്തു്‌ ഏതോ ഒരു ഭാവമാറ്റം പോലെ തോന്നി. ചെറിയ ഒരു വശക്കേടു്‌  ...! കാളവാലു്‌ പൊക്കുമ്പോള്‍ കാര്യം പിടികിട്ടുമല്ലോ ! അപ്പോള്‍ 'ആകെയുള്ള തുകയില്‍ നിന്നു്‌ 200 രൂപ സാര്‍ എടുത്തിട്ടു്‌ ബാക്കി തന്നാല്‍ മതി 'യെന്നു്‌ ഞാന്‍ അറിയിച്ചു. അദ്ദേഹം കൈയ്യിലിരുന്ന ബില്ലിലേക്കും എന്റെ മുഖത്തേക്കും വീണ്ടും നോക്കി. മൊത്തത്തില്‍ ഞാന്‍ പറഞ്ഞ തുക കൂടിപ്പോയോ എന്നായി എന്റെ സംശയം! അങ്ങനെ വരാന്‍ വഴിയില്ല, കാരണം എല്ലാം ആദ്യം പറഞ്ഞു്‌ സമ്മതിച്ചതാണല്ലോ..! പിന്നെ എന്താണു്‌ പ്രശ്നം..? ഒരുപക്ഷേ ഇത്രയും വലിയ ഒരു സ്ഥാപനത്തിന്റെ
പ്രിന്‍സിപ്പല്‍ പദവി അലങ്കരിക്കുന്ന വ്യക്തിക്കു്‌ 200 രൂപ വച്ചു്‌ നീട്ടിയതു്‌ അദ്ദേഹത്തെ വല്ലാതെ ചെറുതാക്കിയപോലെ ഒരു തോന്നല്‍ അയാള്‍ക്കുണ്ടായിക്കാണുമോ എന്ന ഒരു ശങ്കയും എനിക്കുണ്ടായി.എന്തോ ഒന്നും മനസ്സിലായില്ല!

ഒടുവില്‍ എന്റെ പരുങ്ങല്‍  കണ്ടിട്ടാകാം അയാള്‍  ഇങ്ങനെ മൊഴിഞ്ഞു . "അതു വേണ്ടാ ബില്ലില്‍ ഒരു 2000 രൂപകൂടി ചേര്‍ത്തു്‌ എഴുതിത്തന്നാല്‍ മതി" യെന്നു്‌ ! അതുവരെ അയാളോടും ആ പദവിയോടും തോന്നിയ മതിപ്പ്‌ ഒരു നിമിഷംകൊണ്ടു്‌ ഇല്ലാതായി! യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു്‌ മന്ത്രിച്ചു രണ്ടായിരം രൂപയുടെ വ്യക്തിത്വത്തെയാണല്ലൊ ഇങ്ങനെ ഞാന്‍
വെറും ഇരുനൂറു രൂപയുടെതായി കുറച്ചു കളഞ്ഞതെന്നു്‌ !! എന്താ പൂജ്യത്തിന്റെ ഒരു വില !

Tuesday, February 8, 2011

ഒരു തെരഞ്ഞെടുപ്പിന്റെ വേദന...!!

കുറെമുമ്പ് ഒരു തെരഞ്ഞെടുപ്പു്‌ സമയത്തു്‌ ഇവിടെ നടന്ന രസകരമായസംഭവമാണു്‌ ഇതു്‌ .നാട്ടില്‍ അല്പസ്വല്പം രഷ്ട്രീയക്കാരനായിരുന്ന കക്ഷി പഠിച്ചിറങ്ങിയപ്പോള്‍ ഊട്ടിയില്‍ ഒരു മലയാളം അദ്ധ്യാപകന്റെ ജോലി ഒഴിവുണ്ടെന്നു കേട്ടു .അപ്ലേ ചെയ്തു. കിട്ടി. അങ്ങനെ സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്കു്‌ നേരേ ട്രെയിന്‍ കയറി. എല്ലാവരും കൊതിക്കുന്ന സുഖവാസകേന്ദ്രം, ഭേദപ്പെട്ട റസിഡന്‍ഷ്യല്‍ സ്കൂള്‍, തരക്കേടില്ലാത്ത ശമ്പളം എല്ലാംകൊണ്ടും ഇഷ്ടമായി.

താമസ്സവും ഭക്ഷണവുമൊക്കെ ക്രമേണ ശരിയായി. മലയാളികള്‍ ധാരാളമുള്ള ഇവിടെ നാട്ടുകാരായ പല അകന്ന അയല്ക്കാരേയും സുഹൃത്തുക്കളായും കിട്ടി! എങ്കിലും നാട്ടിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ഓര്‍ക്കുമ്പോള്‍ വിഷമംതോന്നിയിരുന്നു! മാസങ്ങള്‍ ഓരോന്നായി  കടന്നുപോയി. അങ്ങനെയിരിക്കെയാണു്‌ നാട്ടില്‍ ഇലക് ഷന്‍ തീയതി പ്രഖ്യാപിച്ചതു്‌. അതാകട്ടെ വെക്കേഷന്‍
സമയത്തല്ലതാനും . പ്രചരണവും ചുവരെഴുത്തുമൊക്കെ പത്രങ്ങളിലൂടെ വായിക്കുമ്പോള്‍ വല്ലാത്ത ഹരമാണെങ്കിലും നാട്ടില്‍ ഇല്ലാതിരിക്കുന്നതു്‌ ഇഷ്ടനെ സംബന്ധിച്ചു്‌ ഒരു വലിയ അപരാധം തന്നെയായിരുന്നു!

മാനേജുമെന്റും പ്രിന്‍സിപ്പലുമൊക്കെയായി നല്ല പരിചയവും ടേംസും ആയതിനാല്‍ കുറച്ചുദിവസം അവധിയെടുത്തു്‌ ഇലക് ഷന്‍ പ്രചരണത്തിനു്‌ പോകാന്‍ തീരുമാനിച്ചു! അതിനാണെന്നു്‌പറഞ്ഞില്ല. അത്യാവശ്യം പറഞ്ഞു്‌ ലീവെടുത്തു. റസിഡന്‍ഷ്യല്‍ സ്ക്കൂളായതുകൊണ്ടും മലയാളത്തിനു്‌ വേറെ അദ്ധ്യാപകരില്ലാത്തതിനാലും കൂടുതല്‍ ദിവസം അങ്ങനെ അവധികൊടുക്കാന്‍ സ്ക്കൂളുകാര്‍ സമ്മതിക്കുകയുമില്ല.

എങ്കിലും കിട്ടിയ അവധി ജനാധിപത്യരാജ്യം കെട്ടിപ്പടുക്കാനുള്ള യത്നത്തിനു്‌ ചെലവഴിക്കാമെന്നു കരുതി നാട്ടിലെത്തി.അപ്പോഴേക്കും പ്രചാരണ കോലാഹലങ്ങള്‍ അതിന്റെ കൊടുമുടിയിലെത്തിയിരുന്നു. അവസാനനിമിഷമെങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പലപൊതുയോഗ - പ്രസംഗങ്ങളിലും പങ്കെടുത്തു, പോസ്റ്റര്‍ ഒട്ടിച്ചു, മുദ്രാവാക്യം വിളിച്ചു !
ആവേശം മുറുകി വന്നപ്പോഴേക്കും പ്രചാരണം സമാപിച്ചു. അപ്പോഴേക്കും തിരിച്ചു പോരേണ്ട ദിവസമായി. എന്നിട്ടും ഉത്സാഹം ഒട്ടും കുറഞ്ഞില്ല. ഒരുദിവസംകൂടിയുണ്ടല്ലോ! അന്നും വിട്ടില്ല.
സ്ക്വാഡ് വര്‍ക്കുകള്‍ക്കായി വീടുതോറും കയറിയിറങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ഒപ്പംകൂടി. ബാലറ്റു്‌ പേപ്പറിന്റെ സാമ്പിളും വോട്ടേഴ്സ് ലിസ്റ്റിന്റെ കോപ്പിയുമൊക്കെയായി അദ്ധ്യാപകനായ മാന്യദേഹം അങ്ങനെ തന്റെ ദൌത്യനിര്‍വഹണത്തിനായി പുറപ്പെട്ടു.

ഒരു വീട്ടിലെത്തിയപ്പോള്‍ മൂന്നാലു്‌ പേരുണ്ടായിരുന്നിട്ടും അവിടുത്തെ പട്ടിക്കു്‌ നമ്മുടെ വാദ്ധ്യാരെ തീരെപ്പിടിച്ചില്ല.ഒരു മുന്നറിയിപ്പുമില്ലാതെ ഓടിവന്നതും വലതുകാലില്‍ കടി പാസ്സാക്കിയതും ഒപ്പമായിരുന്നു. ( പട്ടി ചിലപ്പോള്‍ എതിര്‍ ചേരിക്കാരനായിരിക്കാം! ) സുഹൃത്തുക്കളും ഗൃഹനാഥനും ഒച്ചയും ബഹളവും വായ്ക്കുമ്പോഴേക്കും സംഭവം നടന്നുകഴിഞ്ഞിരുന്നു. കടികിട്ടിയ വേദനയും നാളെ തിരിച്ചു പോകണമെന്നുള്ള മാനസികപ്രയാസവും ഇഷ്ടനെ വല്ലാതെ വ്യാകുലപ്പെടുത്തി. അതോടെ പുള്ളി തന്റെ വീടുകയറ്റയജ്ഞം ഉപേക്ഷിച്ചു സ്വന്തം വീട്ടിലേക്കു്‌ മടങ്ങി.

വൈകുന്നേരത്തോടെ സ്ഥലംകാലിയാക്കി ഊട്ടിക്കു്‌ ട്രെയിന്‍കയറി. ഒരു സമാധാനമുണ്ടായിരുന്നു. പേപ്പട്ടി വിഷചികിത്സക്കു്‌ വാക്സിനുണ്ടാക്കുന്ന കൂനൂരിലെ ലൂയിപാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടു്‌  വളരെ
അടുത്താണു്‌ . മരുന്നിനും ചികിത്സയ്ക്കും അതുകൊണ്ടു്‌ പ്രശ്നമില്ല . പക്ഷേ പൊക്കിളിനു്‌ ചുറ്റുമുള്ള കുത്തിവയ്പിന്റെ കാര്യമോര്‍ത്തപ്പോള്‍ ആകെ പേടിയും വിഷമവും തോന്നി!
വീട്ടില്‍വളര്‍ത്തുന്ന പട്ടിയാണെങ്കിലും പത്തുദിവസം അതിനെ നിരീക്ഷിക്കണമെന്നും ഇതിനകം പട്ടി ചത്താല്‍ പേപ്പട്ടി തന്നെയെന്നു്‌ കരുതണമെന്നും, ഉടനെ ഇഞ്ചക് ഷനെടുക്കണമെന്നും നാട്ടില്‍ മുറിവിനു മരുന്നുവച്ച ഡോക്റ്റര്‍ ഉപദേശിച്ചിരുന്നു.ഇക്കാര്യം വീട്ടുകാരേയും അടുത്തചില സുഹൃത്തുക്കളേയും അറിയിക്കുകയും ചെയ്തിരുന്നു. പട്ടി ചത്താല്‍ ഉടനെ ടെലഗ്രാം ചെയ്യണമെന്നും (അന്നത്തെ ഏറ്റവും ആധുനികമായമാര്‍ഗ്ഗം) ചട്ടംകെട്ടിയാണു്‌ നാട്ടില്‍നിന്നും പോരുന്നതു്‌.

പട്ടി കടിയുടെ വേദനയേക്കാളും തെരഞ്ഞെടുപ്പില്‍‌ പങ്കാളിയാകാന്‍ കഴിഞ്ഞല്ലോ എന്ന ആത്മ സംതൃപ്തിയോടെ തിരിച്ചെത്തി. ആദ്യംതന്നെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഡോക്റ്ററെ കണ്ടു്‌ വിവരംപറഞ്ഞു .ടെസ്റ്റ് ഡോസ് എന്നനിലയില്‍ മൂന്നോനാലോ ഇഞ്ചക് ഷന്‍ ആദ്യം കൂടിയേ മതയാകൂ. പിന്നെ നാട്ടിലെ ഡോക്റ്റര്‍ പറഞ്ഞപോലെതന്നെ പത്തുദിവസം പട്ടിയെ നിരീക്ഷിച്ച ശേഷം ആകാമെന്നു്‌ അദ്ദേഹവും പറഞ്ഞു . ഏതായാലും കുത്തിവയ്പ്പു്‌ അന്നു്‌ തന്നെ തുടങ്ങി. പത്തലുപോലത്തെ സൂചിയും അതിനുപറ്റിയ സിറിഞ്ചും ! ഭയപ്പെട്ടതുപോലെ ഏറ്റ കുത്തിവയ്പ്പും വേദനയും. ആ മൂന്നു കുത്തിവയ്പ്പുകളും കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി ! മൂന്നാമത്തെ കുത്തിവയ്പ്പും കഴിഞ്ഞു്‌ വീട്ടിലെത്തുമ്പോള്‍ അതാ ഇടിവെട്ടിയവനെത്തേടി പാമ്പുകടിയും വന്നിരിക്കുന്നു ! ഒരു അര്‍ജന്റു്‌ ടെലിഗ്രാം മെസ്സേജ്. "- നിന്നെ കടിച്ച പട്ടി ഇന്നലെ ചത്തു - "

കണ്ണില്‍ക്കൂടി പൊന്നീച്ചപറന്നു!! ഇനി രക്ഷയില്ല, പതിന്നാലു്‌ കുത്തിവയ്പ്പുകളും എടുത്തേപറ്റൂ . വിവരം പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്റ്ററെ അറിയിച്ചു. പറഞ്ഞപ്രകാരം പൊക്കിളിനു ചുറ്റും ഇനി
അവശേഷിക്കുന്ന ഭാഗത്തു കൂടി ആ പൊണ്ണത്തടിയന്‍ സൂചി കുത്തിക്കയറ്റുമെന്നുറപ്പായി !

ആദ്യത്തെ രണ്ടു്‌ കുത്തിവയ്പ്പുകള്‍ കഴിഞ്ഞെന്നും മറ്റുമുള്ളകാര്യങ്ങള്‍ വിശദമായി എഴുതി അമ്മയ്ക്കു്‌ അന്നു്‌ രാവിലെ ഒരുകത്തു്‌ പോസ്റ്റു്‌ ചെയ്തു. അതില്‍ പട്ടിയെ നിരീക്ഷിക്കണമെന്നു്‌ പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നു്‌ വൈകുന്നേരമാണു്‌ അമ്മയുടെ നിര്‍ദ്ദേശപ്രകാരം, പട്ടി ചത്തവിവരം കാണിച്ചുള്ള സുഹൃത്തിന്റെ ഈ ടെലിഗ്രാം കിട്ടുന്നതു്‌. ഇന്നത്തെപ്പോലെ സ്പീടൊന്നും അന്നത്തെ പോസ്റ്റിനില്ലായിരുന്നു എന്നു്‌ പ്രത്യേകം പറയട്ടെ ! അമ്മയ്ക്കു്‌ ആ കത്തു കിട്ടിയപ്പോള്‍ ആരെയോ വിട്ടു്‌ അടുത്ത ടൌണിലെ പോസ്റ്റോഫീസില്‍ നിന്നും ഒരു ഇന്‍ലെന്റു വാങ്ങിപ്പിച്ചു്‌ കൊണ്ടുവന്നു്‌ ഒരു എഴുത്തെഴുതി പോസ്റ്റു ചെയ്യിച്ചു.
അതിനാകട്ടെ‌ മൂന്നാലു്‌ ദിവസങ്ങള്‍ വേണ്ടിവന്നു . അതു്‌ കാടും മേടും താണ്ടി മലമുകളിലെ ഈ ഊട്ടിയിലെത്താന്‍ പിന്നെയും ദിവസങ്ങളെടുത്തു. അപ്പോഴേക്കും  കുത്തിവയ്പ്പെന്ന കലാപരിപാടി ഏതാണ്ടു്‌ അവസാനിച്ചു. അതായതു്‌ പൊക്കിളിനു ചുറ്റുമുള്ള സ്ഥലം മുഴുവന്‍ 'കുറ്റിയടിച്ചു്‌ ' ഡോക്റ്റര്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു !

അതും കഴിഞ്ഞു്‌ രണ്ടാം ദിവസമാണു്‌ അമ്മയുടെ മറുപടി കിട്ടിയതു്‌ . വിശാലമായ കത്തില്‍ പട്ടി ചത്തകാര്യം വിസ്തരിച്ചു്‌ എഴുതിയിരുന്നു. " നിന്നെ കടിച്ച പട്ടിയെ നിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സെക്കന്റ് ഷോ കണ്ടു മടങ്ങുന്ന വഴിക്കു്‌ കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പു വടി കൊണ്ടു്‌ അടിച്ചു കൊന്നത്രേ! ആ വീട്ടുകാര്‍ അവിടെ ഇല്ല്ലാത്ത ദിവസം നോക്കിയാണു്‌ അവന്മാര്‍ പട്ടിയെ വകവരുത്തിയതു്‌. ഇനിആരേയും അതു്‌കടിക്കരുതെന്നും പറഞ്ഞു്‌ ..! "

Friday, January 28, 2011

കര്‍ത്താവേ, ഒരു കാരണവശാലും ഇവനോടു്‌ പൊറുക്കരുതേ...?

അമ്മ എന്നതു്‌ സങ്കല്പമല്ല ഒരു യാധാര്‍ത്ഥ്യമാണെന്നു്‌ മക്കളായ നമുക്കെല്ലാമറിയാം. പൊക്കിള്‍ക്കൊടിയില്‍ നിന്നു്‌ ബന്ധം വേര്‍പെട്ടാലും അമ്മയ്ക്കു്‌ മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണു്‌ . തിരിച്ചു്‌ മക്കള്‍ക്കും അങ്ങനെ തന്നെ ആയിരിക്കുമെന്നു്‌ നമ്മളും കരുതുന്നു !

'അമ്മയെ തല്ലിയാലും പക്ഷംപിടിക്കാന്‍ ആളുണ്ടാകും' എന്ന ഒരു ചൊല്ലുപോലും ഇന്നു്‌ നിലവിലുണ്ട്‌. ഇതു്‌ അതിശയോക്തിയോടെ പലരും പറയാറുള്ളതാണു്‌ . എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന വ്യക്തിയാണല്ലോ സ്നേഹനിധിയായ അമ്മ. അപ്പോള്‍ പിന്നെ ആ അമ്മയെ തല്ലുക എന്ന പറച്ചില്‍ തന്നെ യുക്തിക്കു്‌ നിരക്കുന്നതാണോ ? അല്ലായിരിക്കാം ! എന്നാല്‍ അങ്ങനെ പക്ഷംപിടിക്കാന്‍ ആരേയും കണ്ടില്ലെങ്കിലും വെറും പറച്ചിലുകള്‍ മാത്രമല്ല ഈ തല്ലും ചൊല്ലുമൊക്കെയെന്നു്‌ ഞാന്‍ നേരിട്ടു്‌ കണ്ടറിഞ്ഞു !

കൂനൂരില്‍ ഞാന്‍ നേരത്തേ താമസിച്ചിരുന്നതു്‌ നഗരത്തിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു.അതിന്റെ ഒരു വശത്തെ ജന്നല്‍ തുറന്നാല്‍ താഴെ റോഡും ഒരു പബ്ല്ലിക്കു്‌ വാട്ടര്‍ ടാപ്പു്‌ ( പൈപ്പു്‌ ) കാണാം. അതിനോടു്‌ ചേര്‍ന്നു്‌ റോഡിന്റെ എതിര്‍വശത്തായി വരിയായി ചെറിയ വീടുകളാണു്‌. റോഡിനു സമാന്തരമായി കെട്ടിയിരിക്കുന്ന തകരംമേഞ്ഞ വീടുകള്‍ക്കു്‌ നീളത്തില്‍ അരമതിലുമുണ്ടു്‌. എന്റെ താമസസ്ഥലത്തുനിന്നു്‌ ജന്നലിലൂടെ താഴേക്കു്‌ നോക്കിയാല്‍ പെണ്ണുങ്ങള്‍ തമ്മില്‍ കുടിവെള്ളത്തിനായി നടത്തുന്ന മല്പിടുത്തവും ഗുസ്തിയും എന്നും കാണാം. മാത്രമല്ല ആ വീടുകളില്‍ നടക്കുന്ന പല കാര്യങ്ങളും ഏകദേശം കാണാവുന്നതാണു്‌.

അങ്ങനെയിരിക്കെ ഒരു ദിവസം വലിയ ഒരടികലശലും ബഹളവും പുറത്തു്‌ കേട്ടു . വെള്ളം തന്നെയായിരിക്കണം പ്രശ്നമെന്നു്‌ ഞാന്‍ ഊഹിച്ചു. കുടങ്ങള്‍വച്ചു്‌ ഉന്തുംതള്ളും അടിയും വരെ ഇങ്ങനെ പതിവാണു്‌. ഇതു്‌ കണ്ടും കേട്ടും മടുത്തു എന്നുപറയട്ടെ ! എന്നാല്‍ അന്നേദിവസം കേട്ട ഒച്ച കുറെ വ്യത്യാസമുള്ളതായി തോന്നി.

എന്താണു്‌ സംഗതിയെന്നറിയാന്‍ ഞാന്‍ പോയി ജന്നലിലൂടെ നോക്കി . പൈപ്പിന്റെ (പിന്നില്‍) നേരേ എതിര്‍വശത്തുള്ളവീട്ടില്‍ നിന്നാണു്‌ കരച്ചിലും വിളിയും കേട്ടതു്‌. പറഞ്ഞാല്‍ ആര്‍ക്കും അത്ര വേഗം വിശ്വസിക്കാന്‍ പറ്റാത്ത ഒരു രംഗമാണു്‌ ഞാന്‍ അവിടെ കണ്ടതു്‌. ഏതാണ്ടു്‌ അറുപതു്‌ വയസ്സിനു മേല്‍ പ്രായം തോന്നിക്കുന്ന സ്ത്രീയെ ഒരു ചെറുപ്പക്കാരന്‍ കരണത്തടിക്കുന്നു...! ആ സ്ത്രീ ഉച്ചത്തില്‍ നിലവിളിക്കുന്നു... ഈ ശബ്ദ കോലാഹലം കേട്ടു്‌ അടുത്തവീട്ടില്‍ നിന്നും ഇറങ്ങിവന്ന അല്പം പ്രയംചെന്നഒരാള്‍, ഇതുകണ്ടു്‌ ഓടിച്ചെന്നു്‌ ‌ വല്യമ്മയെ പിടിച്ചുമാറ്റുകയും ചെറുപ്പക്കാരനെ വഴക്കു പറയുകയും ചെയ്യുന്നു. ഉടനെ ചെറുപ്പക്കാരന്റ ആക്രോശം അയാളോടായി.

"എന്റെ അമ്മയെ ഞാന്‍ തല്ലുന്നതിനു തനിക്കെന്തുവേണം? അതു ചോദിക്കാന്‍ താനാരാ ?.... "

രണ്ടും കല്പിച്ചു്‌ അയാള്‍ നിലവിളിക്കുന്ന നിസ്സഹായയായ ആ സ്ത്രീയെ പിടിച്ചുവലിച്ചു്‌ അയാളുടെ വീട്ടിലേക്കു്‌ കൊണ്ടുപോയി. കാഴ്ച്ചക്കാരായി ആള്‍ക്കാരുകൂടിയെങ്കിലും ചെറുപ്പക്കാരന്‍ തന്റെ നിലപാടില്‍ മാറ്റമില്ലാതെ ചോദ്യം ആവര്‍ത്തിച്ചു് രോഷപ്രകടനം തുടരുകയായിരുന്നു..!

തമിഴ് നാടു്‌ ട്രാന്‍സ്പോര്‍ട്ടു്‌ കോര്‍പ്പറേഷന്റെ ബസ്സില്‍ കണ്ടക്റ്ററായി ജോലിചെയ്യുന്ന ഒരാളായിരുന്നു അതു്‌ . ആദ്യം ഒരു ചെറിയ കച്ചവടക്കാരനും ഇപ്പോള്‍ ഇവിടുത്തെ ഒരു വലിയ ബിസ്സിനസ്സുകാരനുമായ വ്യക്തിയാണു്‌ പിടിച്ചുമാറ്റിയ കക്ഷി . പാവം ആ അമ്മയെ കൊണ്ടുപോകും മുമ്പു്‌ അവനു്‌ രണ്ടു്‌ പൂശുകൂടി കൊടുക്കാന്‍ അങ്ങേര്‍ക്കോ ആ ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലുമോ തോന്നിയില്ലല്ലോ ?

Wednesday, January 19, 2011

പിതാവിനും പുത്രനും സ്തുതി..!

ഒരു ഹാളില്‍ നടന്ന വാര്‍ഷിക ആഘോഷച്ചടങ്ങായിരുന്നു സ്ഥലം. വളരെ നാളുകള്‍ക്കുശേഷം കണ്ട സുഹൃത്തും കുടുംബവുമായിരുന്നു അടുത്തസീറ്റില്‍ ഇരുന്നതു്‌ . പ്രോഗ്രാം തുടങ്ങാന്‍ ഇനിയും വളരെ സമയമുണ്ടു്‌. ഞങ്ങള്‍ പരിചയം പുതുക്കി കുശലപ്രശ്നങ്ങളിലേക്കു്‌ കടന്നു. ഇതിനിടെ അയാളുടെ മകന്‍ അഛ്ചന്റെ അടുത്തേക്കു്‌ എവിടെനിന്നോ ഓടിവന്നു. തടിമിടുക്കനായ പയ്യനു്‌ ആറുവയസ്സാകുന്നത്രേ . ഇപ്പോഴത്തെ ഹോര്‍മോണ്‍ കുട്ടികളുടെ ശരിക്കുള്ള ഒരു പ്രതിരൂപം...! വിശേഷണങ്ങള്‍പോലെ തന്നെ നല്ല തടിയും മിടുക്കുമുള്ള ചുവന്നുതുടുത്ത ഒരു ചുണക്കുട്ടി.

"മോന്‍ എങ്ങനെയുണ്ടു്‌ , സ്കൂളിലായോ ? " വേറുതെ ഒരു ലോഹ്യം ചോദിച്ചു.

" സ്ക്കൂളിലൊക്കെ പോകാന്‍ തുടങ്ങി. പക്ഷേ കൈയ്യിലിരിപ്പു്‌ തീരെ മോശമാണു്‌ .അവന്‍ ആളുമഹാപിശകാണു്‌. "

"എന്താ ദിവസവും ടീച്ചര്‍ മാരുമായി ഒടക്കാണോ അതോ പോകാന്‍ മടിയാണോ ? "

"അതൊന്നുമല്ല, അവന്റെ കൈയിലിരിക്കുന്ന സാധനം കണ്ടോ അവന്റെ സ്വന്തം മൊബൈല്‍ ഫോണാ.. കളിപ്പാട്ടമൊന്നുമല്ല...! "
അതു്‌ കണ്ടപ്പോള്‍ എനിക്കതിശയംതോന്നി. ഇത്രയും ചെറിയ കുട്ടിക്കു്‌ സെല്‍ഫോണോ !

"അവനു്‌ ഇപ്പഴേ എന്തിനാ സെല്‍ഫോണ്‍  ? " ഞാന്‍ അന്വേഷിച്ചു.

" ആത്മരക്ഷാര്‍ത്ഥം വങ്ങിക്കൊടുത്തതാ..! " എന്നു്‌ പറഞ്ഞപ്പോള്‍ എനിക്കു്‌ തമാശയാണു്‌ തോന്നിയതു്‌ .
ഉടനെ ഇഷ്ടന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അതിങ്ങനെ‌...

"അണ്ണാ, ഒരുദിവസം ഇവന്‍ സ്കൂളില്‍ നിന്നും വന്നശേഷം എന്റെ അടുത്തു വന്നു്‌ ചോദിച്ചു
അഛ്ചാ അഛ്ചനെന്നാ ചാകുന്നതു്‌ ? "

"അങ്ങനെ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്ത ഞാന്‍ ഞെട്ടിപ്പോയി ! എന്തു പറയണമെന്നറിയാതെ ഒരുനിമിഷം പകച്ചു നിന്നു. അല്പം ഒന്നാലോചിച്ചശേഷം അവന്റെ ജിജ്ഞാസകൊണ്ടാകാമെന്നുകരുതി 'മോന്‍ എന്താഅങ്ങനെ ചോദിച്ചതു്‌ ' എന്നു്‌ ഒരു മറുചോദ്യം ചോദിച്ചു."

" അല്ല, അഛ്ചന്‍ ചത്തിട്ടുവേണം ആമൊബൈല്‍ ഫോണ്‍ എനിക്കെടുക്കാന്‍ " അതായിരുന്നു ഒരു കൂസലുമില്ലാതെ അവന്റെ മറുപടി.

"അന്നുരാത്രി ഞാന്‍ ശരിക്കുറങ്ങിയില്ല. കൊച്ചുപയ്യനല്ലേ തെറ്റും ശരിയുമൊന്നും അവനറിയില്ല . ഇങ്ങേരു്‌ ചാകുന്നില്ലല്ലോ എന്നുകരുതി ഞാന്‍ ഉറങ്ങുകയോ മറ്റോ ചെയ്യുമ്പോള്‍ വല്ല വെട്ടുകത്തിയോ അരിവാളോ എടുത്തു്‌ വെട്ടുകയോ കുത്തുകയോ ചെയ്താല്‍ എന്തുചെയ്യും ? ഇപ്പോഴത്തെ സിനിമയിലും സീരിയലിലുമൊക്കെ കാണുന്ന കൊല്ലും കൊലയുമെല്ലാം കണ്ടല്ലേ ഇവനൊക്കെ വളരുന്നതു്‌.. നമ്മളെ തട്ടിക്കളയില്ലെന്നു്‌ എന്താണു്‌ ഉറപ്പു്‌ ! പോരെങ്കില്‍ ഈ അടുത്തസമയത്തു്‌ അമേരിക്കയിലോമറ്റോ ഒരു കൊച്ചു പയ്യന്‍ തോക്കെടുത്തു്‌ സഹപാഠികളെ വെടിവച്ചുകൊന്നവാര്‍ത്തയും കേട്ടു. പിന്നെ ഒന്നും നോക്കിയില്ല കുറച്ചു പൈസ പോയാലും വേണ്ടില്ല ജീവന്‍ ബലികൊടുക്കേണ്ടിവരില്ലല്ലോ എന്നുവിചാരിച്ചു്‌ അവനേയും കൂട്ടി അടുത്ത ദിവസംതന്നെ ഒരു മൊബയില്‍ ഷോപ്പില്‍ പോയി ഒരെണ്ണം വാങ്ങിക്കൊടുത്തു."

അഛ്ചന്മാര്‍ മക്കളെ ബലികൊടുത്ത പല കഥകളും സംഭവങ്ങളും നമ്മള്‍ കേട്ടിരിക്കുന്നു.. എന്നാല്‍ മകനു്‌ വേണ്ടി സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടിവരുമോ എന്നു്‌ ഭയപ്പെട്ട ഒരു പിതാവിന്റെ ധര്‍മ്മസങ്കടം ഇതാദ്യമായാണു്‌ കേള്‍ക്കുന്നതു്‌ !

Monday, January 10, 2011

ബസ്സില്‍ ഒരു ചവിട്ടു്‌ നാടകം!

കേരള സംസ്ഥാനം വിട്ടു്‌ പുറത്തെവിടെയാണെങ്കിലും മറ്റൊരു മലയാളിയെ കണ്ടുമുട്ടുകയോ മലയാളഭാഷ കേള്‍ക്കുകയോ ചെയ്താല്‍ വല്ലാത്ത ഒരടുപ്പം തോന്നുക നമ്മുടെ ഒരു പൊതുസ്വഭാവമാണു്‌. ഇതുപോലെ കുറച്ചുനാള്‍ മുമ്പു്‌ മലയാളി എന്ന വര്‍ഗ്ഗബോധം കാരണം തമിഴ് നാട്ടില്‍ വച്ചു്‌ ഒരാള്‍ വന്നു എന്നെ പരിചയപ്പെട്ടു.

ഒത്ത ഉയരവും  അതിനുതക്ക ശരീരവുമുള്ള മദ്ധ്യവയസ്കനായ കക്ഷി വക്കീലാണു്‌. ഇഷ്ടന്‍ തിരുവനന്തപുരം നിവാസിയാണു്‌. ഭാര്യ ഇവിടെ ഊട്ടിയില്‍ കോളേജ് ലക്ചറ‌ റായി ജോലി നോക്കുന്നു.രണ്ടുപേരും രണ്ടു്‌ സ്ഥലങ്ങളിലായ ബുദ്ധിമുട്ടുകാരണം ഇവിടുത്തെ കോടതിയില്‍ വന്നു പ്രാക്റ്റീസ് തുടങ്ങാമെന്നു കരുതി പുള്ളിക്കാരന്‍ ഇങ്ങോട്ടു വന്നതാണത്രേ !
ഇടയ്ക്കു വല്ലപ്പോഴുമൊക്കെ പലസ്ഥലങ്ങളിലും വച്ചു്‌ ഇഷ്ടനെ ഞാന്‍ കാണാറുമുണ്ട്.നാട്ടുകാരന്‍ എന്നനിലയല്‍ ഒരു പ്രത്യേക മമത കക്ഷി കാണിക്കുകയും ചെയ്തിരുന്നു.അതു്‌ പിന്നെ കൂടുതല്‍ ഉപദ്രവവും കത്തിവയ്ക്കലുമായപ്പോള്‍ ഒഴിഞ്ഞു നടക്കേണ്ട സ്ഥിതിയായി. ചെറിയ പിരിലൂസുണ്ടോ എന്നു്‌ ഒരു സംശയവും തോന്നിയിരുന്നു !

അങ്ങനെയിരിക്കെ ഒരുദിവസം ഇതുവഴി സര്‍ക്കുലറായി ഓടുന്ന ടൌണ്‍ ബസ്സില്‍ ഞാനും ഒരു യാത്രക്കാരനായി കയറി. എന്റെ സീറ്റിനു്‌ മുന്നിലെ രണ്ടാമത്തെ സീറ്റല്‍ പ്രസ്തുത മാന്യദേഹം ഇരിപ്പുണ്ടായിരുന്നു. പരിസരം മറന്നുള്ള പെരുമാറ്റവും  സംഭാഷണവും കാരണം അങ്ങോട്ടുകേറി ലോഹ്യപ്പെടാന്‍ ഞാന്‍ തയ്യാറായതുമില്ല.

കുറേദൂരം പോകുമ്പോഴായിരുന്നു ആ സംഭവം! ബസ്സില്‍ കാര്യമായി ആളില്ല. പ്രത്യേകിച്ചു്‌ സ്റ്റാന്റിങ്ങിനു്‌ മുന്നില്‍ ഒരാള്‍ മാത്രമേയുള്ളൂ. വക്കീല്‍ ഇരിക്കുന്ന സീറ്റ് മുന്‍വാതിലിനടുത്താണു്‌. അടുത്തസ്റ്റോപ്പില്‍നിന്നും രണ്ടുപേര്‍ കയറി. കഷ്ടകാലമെന്നുപറയട്ടെ അതില്‍ആദ്യം കയറിയ തമിഴന്‍ ബസ്സില്‍ കയറുന്ന തത്രപ്പാടില്‍ നമ്മുടെ വക്കീലദ്ദേഹത്തിന്റെ കാലില്‍ അറിയാതെ ഒന്നു ചവിട്ടിപ്പോയി. അറിഞ്ഞുകൊണ്ടല്ലെങ്കിലും, അപ്പോഴേക്കു്‌ അയാള്‍ സാധാരണ തമിഴര്‍ ചെയ്യുമ്പോലെ സ്വന്തം കൈകൊണ്ടു്‌ വക്കീലിന്റെ കാലില്‍ ഒന്നു്‌ തൊട്ടു വന്ദിച്ചു്‌ നെറ്റിയില്‍ വച്ചു്‌ 'സോറി' എന്നുപറഞ്ഞു. ഇതു്‌ ഇവിടങ്ങളിലെ ബസ്സില്‍ സാധാരണ കാണുന്ന ഒരു കാഴ്ച്ചയാണു്‌. ബസ്സ് നീങ്ങിക്കൊണ്ടിരുന്നു. നമ്മുടെ വക്കീല്‍ എഴുന്നേറ്റു മുകളിലെ രണ്ടു കമ്പികളിലും പിടിച്ചു്‌ നിന്നശേഷം ആ പാവം തമിഴന്റെ പാദത്തിലേക്കു്‌ ഷൂസിട്ടു്‌ അമര്‍ത്തി ഒരു ചവിട്ടിത്തിരുമല്‍..! ഒപ്പം ഏതോ സാമ്രാജ്യം വെട്ടിപ്പിടിച്ചമാതിരി വളരെ ഗൌരവത്തില്‍ ഒരു പറച്ചില്‍ "ഐ ആം ഡബിള്‍ സോറി" എന്നിട്ടു്‌ വളരെ കൂളായി തന്റെ സീറ്റില്‍ ഇരുന്നു. അല്പം പോലും സാമാന്യ മര്യാദയില്ലാത്ത അയാളുടെ നാണംകെട്ട ഈ പ്രവര്‍ത്തി കണ്ടു ഞാന്‍ ലജ്ജിച്ചുപോയി ! എങ്കിലും ആ വിവരദോഷം കണ്ടു ചിരിക്കാതിരിക്കാന്‍
കഴിഞ്ഞില്ല. ദയനീയമായി ചുറ്റും നോക്കിയ പാവം തമിഴന്‍ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങുന്നതു്‌ കണ്ടു !! അപ്പോഴേക്കും എനിക്കു്‌ ഇറങ്ങേണ്ട സ്ഥലമെത്തി .അടുത്ത സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി...

Tuesday, November 16, 2010

പരലോകത്തു നിന്നൊരു ഫോണ്‍ വിളി!

കേള്‍ക്കുമ്പോള്‍ വെറും നുണയാണെന്നു തോന്നും എന്നാല്‍ സംഭവംനടന്നതു്‌ ഇങ്ങനെയാണു്‌.
കുറച്ചു്‌ തിരക്കുള്ള ദിവസമായിരുന്നു. ഏതോചില ഷൂട്ടിങ്ങിന്റെ കാര്യങ്ങള്‍ സംസാരിക്കാനും തീയതി നിശ്ചയിക്കാനുമായി ഒരു സുഹൃത്തു്‌ ഉച്ചയോടെ ഓഫീസില്‍ വന്നു.ഒരു ചൂടുള്ളവാര്‍ത്തയുമായിട്ടായിരുന്നു ഇഷ്ടന്റെ വരവു്‌...

'പട്ടേലിന്റെ കാര്യം അറിഞ്ഞില്ലേ ?'
'ഇല്ല.'
'മരിച്ചുപോയി.. '
'എപ്പോള്‍..?'
'ഇന്നു്‌ രാവിലെ 7 മണിക്കു്‌. '
'ഞാന്‍ അറിഞ്ഞില്ല. എന്തായിരുന്നു.. ഹാര്‍ട്ടോ മറ്റോ ആണോ ?'
'ആണെന്നാ തോന്നുന്നതു്‌. വീട്ടില്‍വച്ചാ മരണംനടന്നതെന്നു്‌ പറയുന്നു..സമയക്കുറവു്‌ കാരണം ഞാന്‍അങ്ങോട്ടു്‌ പോയില്ല. വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മനോഹരനാണു്‌ പറഞ്ഞതു്‌.'

'നേരാണോ ? ' എന്റെ സംശയം തീര്‍ന്നില്ല!
'സംഗതി നേരുതന്നെ. മറ്റു ചിലരും പറയുന്നതു്‌ കേട്ടു. മാത്രമല്ല ഒരുപാടു വണ്ടികള്‍ ആവഴിക്കു്‌ പോകുന്നതും ആള്‍ക്കൂട്ടവും ഒക്കെ ഞാനും കണ്ടിരുന്നു.'

ഇത്രയുമൊക്കെ തെളിവുകള്‍തന്ന സ്ഥിതിക്കു്‌ ഇനിയും കൂടുതല്‍ പോസ്റ്റുമോര്‍ട്ടം ശരിയല്ലല്ലോ ? അടുത്തറിയാമായിരുന്ന ഒരു വ്യക്തിയുടെ വേര്‍പാടു്‌ വല്ലാത്ത നൊമ്പരമുണ്ടാക്കി. നല്ലകാര്യമല്ലെങ്കിലും വിശ്വസിക്കാതെ
തരമില്ലല്ലോ..മനസുകൊണ്ടു്‌ പരേതാത്മാവിനു്‌ നിത്യശാന്തിയും നേര്‍ന്നു.

ഓര്‍മ്മകള്‍ പിന്നിലേക്കു്‌ ഊളിയിട്ടുപോയി..
വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. പഴയകാല ടീ എസ്റ്റേറ്റ് മാനേജരും വമ്പന്‍ ഒരു ഹോട്ടല്‍ ഉടമയും പൊതുക്കാര്യപ്രവര്‍ത്തകനും ലയേണ്‍സ് ക്ലബ്ബ് മെമ്പറും എന്നും എല്ലാവരുമായി നല്ല സൌഹൃദം കാത്തുസൂക്ഷിച്ചിരുന്ന വലിയ ജാഡകളൊന്നുമില്ലാത്ത വ്യക്തിയുമായിരുന്നു ഈ മാന്യദേഹം. ആ കക്ഷിയുമായുള്ള പരിചയത്തേക്കുറിച്ചു്‌ ഒരു ലഘു വിവരണവും ഒരു സഹതാപ പ്രകടനവും ഇതു്‌ പറഞ്ഞ ആളിനോടു്‌ ഞാനും നടത്തി. അയാള്‍ തിരിച്ചു്‌ അയാളുടെ വക എന്നോടും.

'അവിടംവരെ ഒന്നു പോകണം. പക്ഷേ ഇന്നു്‌ പറ്റുമെന്നു്‌ തോന്നുന്നില്ല.'
'സാരമില്ല സാറേ നാളേയെങ്ങാനമേ അടക്കം കാണുകയുള്ളൂ.വല്യപാര്‍ട്ടികളല്ലേ വെളിയിലുള്ള മക്കള്‍ എത്തിയിട്ടേ അടക്കം ചെയ്യൂ.'

അതു്‌ ശരിയാണു് എന്നെനിക്കും തോന്നി. എങ്കില്‍ അതാണു്‌ സൌകര്യമെന്നു്‌ ഞാനും കരുതി. തന്നയുമല്ല ഫ്രീസറുപോലെ തണുത്തുറഞ്ഞ ഈ നാട്ടില്‍ ആള്‍ക്കാരു്‌ 'വടി' ആയാല്‍ ഒന്നോരണ്ടോ ദിവസം കഴിഞ്ഞു്‌ അടക്കം ചെയ്യുന്നതു്‌ ഒരു പുതുമയല്ലതാനും.


ഈ ദുഃഖ വാര്‍ത്ത സമ്മാനിച്ച സന്ദേശവാഹകന്‍ കടന്നുപോയി.
ജോലിതീര്‍ന്നു്‌ ഇറങ്ങിയപ്പോള്‍ നേരം വൈകിയിരുന്നു. ഏതായാലും ഇന്നിനി അവിടെ പോകാനാവില്ല. വീട്ടിലേക്കു്‌ നടക്കുമ്പോള്‍ അടുത്തു കണ്ട ഒരു പരിചയക്കാരനോടു്‌ ഈ വിവരം പറഞ്ഞു. അയാളും സംഭവം അറിഞ്ഞില്ലത്രേ. എന്റെ വിജ്ഞാനശകലങ്ങള്‍ ഞാന്‍ അയാള്‍ക്കു വിളമ്പിക്കൊടുത്തു. എങ്കിലും പെട്ടെന്നു്‌ ഒരു ശങ്ക ഇനി ഈ കേട്ടതു്‌
വാസ്തവമല്ലെന്നുണ്ടോ ?

വീണ്ടും നടക്കുമ്പോള്‍ അതാ മുന്നില്‍ നിന്നും ഒരു സുഹൃത്തും ഭാര്യയും കൂടി ബൈക്കില്‍ വരുന്നു. അടുത്തുവന്നു്‌ ഒന്നു സ്ലോ ചെയ്യുമ്പോള്‍ പട്ടേലിന്റെ കാര്യം അറിഞ്ഞോ എന്നു്‌ ഞാന്‍ ചോദിച്ചു. 'ഞങ്ങള്‍ ഉച്ചയ്ക്കു്‌ അവിടെ പോയിരുന്നു' എന്നു പിന്നില്‍ ഹെല്‍മെറ്റില്ലാതെയിരുന്ന ഭാര്യ വിളിച്ചു പറയുമ്പോഴേക്കും ബൈക്കു്‌ ആള്‍ക്കൂട്ടത്തിലേക്കു്‌ മറഞ്ഞു.ആ പഹയന്‍ വണ്ടി നിര്‍ത്തുമെന്നു കരുതി എന്നാല്‍ അതുണ്ടായില്ല. പക്ഷേ സംഭവം ശരിയാണെന്നു്‌ ഒരു ഉറപ്പുകിട്ടിയല്ലോ അതുമതി.

ശവം അടക്കും മുമ്പ് ഒന്നു്‌ പോയില്ലെങ്കില്‍ ശരിയാവില്ല എന്നു്‌ മനസ് മന്ത്രിച്ചു. ഏതായാലും രാവിലെ തന്നെ പോയിവരാം എന്നു്‌ തീരുമാനിച്ചു വീട്ടിലെത്തുമ്പോഴാണു്‌ കുടുംബം കുറിപ്പെഴുതി വച്ചിട്ടു്‌ ഷോപ്പിങ്ങിനു്‌ പോയവിവരം അറിയുന്നതു്‌. ഒന്നു ഫ്രഷായി ടി വി ഓണ്‍ ചെയ്തു. മഴ ചെറുതായി പെയ്യാന്‍ തുടങ്ങി ഒപ്പം മിന്നലും ഇടിയും. ടിവി ഓഫാക്കാമെന്നു പ്ലാന്‍ ചെയ്യുമ്പോഴേക്കു്‌ കറന്റു പോയി.

തപ്പിപ്പിടിച്ചു്‌ ഒരു മെഴുകുതിരി കത്തിക്കുമ്പോള്‍ സെല്‍ഫോണ്‍ കലശലായി അടിക്കാന്‍ തുടങ്ങി. ഷോപ്പിങ്ങിനു പോയ കളത്രത്തിന്റെ വിളിയാണെന്നു കരുതി ഫോണെടുത്തു.. ആ ശബ്ദം കേട്ടു ഞാന്‍ ഞെട്ടിപ്പോയി.പരേതാത്മാവു്‌ സംസാരിക്കുന്നു !!
'ദത്തന്‍ ഇതു്‌ ഞാനാ പട്ടേല്‍...! '
എന്റെ സമസ്ത നാഡികളും സ്തംഭിച്ചുപോയി. ഒരുനിമിഷം എന്റെ ഹൃദയമിടിപ്പു്‌ നിലച്ചു പോയതു ‌പോലെ തോന്നി.
'വീട്ടിലെ കാര്യമറിഞ്ഞല്ലോ .. '
സര്‍വ്വധൈര്യവും സംഭരിച്ചു്‌ഞാന്‍ പറഞ്ഞു
'ഇല്ല, ഒന്നുമറിഞ്ഞില്ല...'
'അതേയ്.. എന്റെ ഭാര്യ ഇന്നു്‌ കാലത്തു്‌ മരിച്ചുപോയി. നാളെരാവിലെ ഒരാളിന്റെ കൈയ്യില്‍ ഞാന്‍ ഒരുചെറിയ ഫോട്ടോ കൊടുത്തുവിടും അതു്‌ ഒന്നു്‌ വലുതാക്കി രണ്ടു്‌ കോപ്പികള്‍ അത്യാവശ്യമായും നാളെത്തന്നെ ശരിയാക്കിത്തരണം .'
മറുപടി പറയുമ്പോള്‍ എന്റെ ആ ചിലമ്പിച്ചശബ്ദം അയാളുടെ ഭാര്യ മരിച്ചതിലുള്ള ഖേദപ്രകടനമായി ആ പാവത്തിനു്‌ തോന്നിയിരിക്കാം!
-------------------------------------------------------------------------------------
സംഭവം നടന്നിട്ടു്‌ അധികം നാളാകാത്തതുകൊണ്ടും 'പരേതന്‍' ഇപ്പോഴും ജീവിച്ചിരിക്കുന്നതു കൊണ്ടും യഥാര്‍ത്ഥ പേരല്ല ഇതില്‍ ചേര്‍ത്തിരിക്കുന്നതു്‌.