ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Monday, November 12, 2012

ഒരു പി എസ്സ് എല്‍ വി സംപ്രേക്ഷണം !


തെറ്റായി എഴുതിപ്പോയതല്ല വിഷയം സംപ്രേക്ഷണത്തെപ്പറ്റിത്തന്നെയാണു്‌ . അപ്പോള്‍ പി എസ്സ് എല്‍വി എങ്ങനെ സംപ്രേക്ഷണം ചെയ്തു എന്നറിയണ്ടേ ?

നല്ലമഴയും മിസ്റ്റ്മുള്ള ഒരു ദിവസം മെഴുകുതിരി വെളിച്ചത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ഫോണ്‍വന്നു.

"ദത്തന്‍സാറല്ലേ ?" അങ്ങേത്തലക്കല്‍ നിന്നും ഒരു പെണ്‍ശബ്ദം.

"അതേ" എന്നു്‌ ഞാന്‍പറഞ്ഞു.

"ഇപ്പോള്‍ സാറിന്റെ അഭിപ്രായം എന്താണു്‌?"

കഴിക്കുന്ന ഭക്ഷണത്തേക്കുറിച്ചു്‌ അഭിപ്രായം അറിഞ്ഞിട്ടു്‌ നാട്ടുകാര്‍ക്കു്‌ എന്തുകാര്യം ! അഥവ അതേക്കുറിച്ചു്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു്‌ ഭാര്യയോടു്‌ പറഞ്ഞാല്‍  പോരേ ?

ഓര്‍ക്കാപ്പുറത്തുള്ള ചോദ്യം കേട്ടു്‌ ഒന്നുമറിയാത്ത ഞാന്‍ 'എന്തിനെക്കുറിച്ചാണെന്നു്‌ ' തിരിച്ചു്‌ ചോദിച്ചു.

" PSLV യെക്കുറിച്ചു്‌."

" അതെക്കുറിച്ചു്‌ ഞാന്‍ എന്തു്‌ പറയാനാണു്‌ ?"

"ഈ വിക്ഷേപണത്തേക്കുറിച്ചു്‌ എന്തെങ്കിലും ചിലതു്‌."

"എനിക്കൊന്നും പറയാനില്ല"

" അല്ല, സാറിന്റെ അഭിപ്രായം എന്താണു്‌...? ഇപ്പോള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയല്ലോ ! അതേക്കുറിച്ചു്‌..? "

"ഇവിടെ മൂന്നു ദിവസമായി കറന്റില്ല, ന്യൂസ് കാണാനെ കഴിയുന്നില്ല." എന്നു്‌ ഞാനവരോടു പറഞ്ഞു.

"എങ്കിലും ഈ വിജയത്തെക്കുറിച്ചു്‌ സാറിനെന്താണു്‌ പറയാനുള്ളതു്‌ ?"

"ദത്തന്‍ സാറല്ലേ" എന്നു്‌ വീണ്ടും ചോദ്യം!

"അതെ" എന്നു്‌ ഞാനും!

"സാര്‍ ഇതു് TV ന്യൂസിന്റെ ഫോണിംഗ് പ്രോഗ്രാമാണു്‌. ഞാന്‍ കണക്റ്റു ചെയ്യാം. സാര്‍ സംസാരിച്ചോളൂ...."

"വേണ്ടാ ഞാന്‍ അതിന്റെ ആളല്ല."

"സാറു്‌ നേരിട്ടല്ലെങ്കിലും, ഈ ദൌത്യം വിജയിച്ചതിനേക്കുറിച്ചു്‌..? "

ആളു മാറി വിളിച്ചതാകാം എന്നു തോന്നിയതിനാല്‍ എന്നെ തിരിച്ചറിയാനായി ഒരു 'ക്ലൂ' കൊടുത്തു.

"ഞാന്‍ ഊട്ടിയിലാണു്‌."

"സാരമില്ല, സാറിനെ ടൂറിനിടയില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം... എങ്കിലും താങ്കളുടെ വ്യക്തിപരമായ അഭിപ്രായം?"

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായി ! അറിയാത്തകാര്യത്തെക്കുറിച്ചു്‌ എന്തു്‌ പറയാനാണു്‌ ?

ശരിക്കു്‌ അറിയാത്ത ഒരു വിഷയത്തെക്കുറിച്ചും ആധികാരികമായി പറയാന്‍ ഒരിക്കലും തയ്യാറാകാത്ത വ്യക്തിയാണു് ഞാന്‍ .പിന്നെ ഇതേക്കുറിച്ചു്‌ എന്തു്‌ വ്യക്തിപരമായകാര്യം പറയാനാണു്‌ ?

സ്പുട്ട്ണിക്കു്‌, ചന്ദ്രയാന്‍ , പിഎസ് എല്‍വി ഇവയൊക്കെ അറിയാമെങ്കിലും ബഹിരാകാശത്തേക്കു്‌ കടക്കാനോ ഇവയൊന്നും അങ്ങോട്ടു്‌ കടത്താനോ ഞാന്‍ നാളിതുവരെ ശ്രമിച്ചിട്ടില്ല !! എനിക്കാകെ ക്ഷമകെട്ടിരുന്നു.

"പറഞ്ഞകാര്യം തന്നല്ലേ പിന്നേം പിന്നേം ആവര്‍ത്തിക്കുന്നതു്‌. എന്താ ഈ പറയുന്നതു്‌ മനസിലകുന്നില്ലേ ?"

എന്നു്‌ അല്പം ശബ്ദമുയര്‍ത്തി ഞാന്‍ ചോദിച്ചു. എന്തോ പന്തികേടുണ്ടെന്നു്‌ തോന്നിയിട്ടാകാം ok, ok സാര്‍ പിന്നെവിളിക്കാം എന്നുപറഞ്ഞു്‌ അവര്‍ ഫോണ്‍ കട്ടുചെയ്തു.

പി എസ്സ് എല്‍വി യുമായി ബന്ധപ്പെട്ടു്‌ ദത്തന്‍ എന്നപേരില്‍ ഒരു മലയാളി ശാത്രജ്ഞനുണ്ടെന്നകാര്യം കുറച്ചു്‌ ദിവസിക്കകം പത്രവാര്‍ത്തകളില്‍ നിന്നും എനിക്കു്‌ മനസിലായി. അദ്ദേഹത്തിനു്‌ പകരമായിരിക്കാം എന്റെ ഫോണ്‍ നമ്പരില്‍ വിളിച്ചതെന്നു്‌ ഞാന്‍ ഇപ്പോള്‍ ഊഹിക്കുന്നു.

ദൂരദര്‍ശനുള്‍പ്പെടെയുള്ള നമ്മുടെ പലചാനലുകളും എന്റെ അഭിമുഖങ്ങളും മറ്റും വല്ലപ്പോഴും സംപ്രേക്ഷണം ചെയ്യാറുണ്ടു്‌. അതുകാരണം എന്റെ ഫോണ്‍നമ്പര്‍ അവരുടെ കൈവശം സൂക്ഷിക്കുക സ്വാഭാവികമാണു്‌. അവിടങ്ങളില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാന്‍ പുതിയതായി വന്ന വല്ല 'വാല്‍ നക്ഷത്രങ്ങളും' ആവേശം മൂത്തു്‌ ഭ്രമണപഥം തെറ്റിച്ചു്‌ എന്റെ നമ്പരിലേക്കു്‌ അതു്‌ വിക്ഷേപിച്ചതാകാം ഈ 'ഉള്‍വിളിക്കു്‌ ' കാരണം! ഈ കോലാഹലത്തിനിടയില്‍ ഏതു്‌ ചാനലില്‍ നിന്നാണെന്നു്‌ ചോദിക്കാന്‍ ഞാന്‍ വിട്ടുപോയതു്‌ ഒരബദ്ധമായിപ്പോയെന്നും ഇപ്പോള്‍ തോന്നുന്നു.

Wednesday, July 25, 2012

കടാഫിയും ഒരു ചടാക്കു്‌ വണ്ടിയും!


ഒരോ ഭാഷക്കാരും അന്യഭാഷ സംസാരിക്കുമ്പോള്‍ അതോടൊപ്പം അവരുടെ ഉച്ചാരണത്തില്‍ മാതൃഭഷയുടെ അംശംകൂടി കലര്‍ന്നു വരിക സാധാരണമാണു്‌. അതുകൊണ്ടാണല്ലൊ ചൂട്‌ ചേമ്പു്‌ വയിലിട്ടതുപോലെ സംസാരിക്കുന്ന സായിപ്പ് നമ്മുടെ ഇംഗീഷു്‌ കേള്‍ക്കുമ്പോള്‍ പന്തംകണ്ട പെരിച്ചാഴിയേപ്പോലെ അന്തം വിട്ടു്‌നില്‍ക്കുന്നതു്‌..! പക്ഷേ സായിപ്പു്‌ പറയുന്ന ആ ഇംഗ്ലീഷു്‌ അത്ര ശരിയല്ലെന്നും നമ്മള്‍ പറയുന്നതാണു്‌ ശരിയായ ഇംഗ്ലീഷെന്നുമാണു്‌ ബുദ്ധിരാക്ഷസന്മാരായ നമ്മുടെ നാട്ടുകാരുടെ പക്ഷം ?

ചിലപ്പോള്‍ നമ്മുടെ ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഉച്ചാരണങ്ങള്‍ വികലമാകുന്നതായും അര്‍ത്ഥങ്ങള്‍ തന്നെ മാറുന്നതായും കാണാം.ഒരുപക്ഷേ മറ്റു്‌ ഭാഷക്കാര്‍ നമ്മളെക്കുറിച്ചും ഇങ്ങനെ ആയിരിക്കും പറയുന്നതു്‌. ഏതയാലും തമിഴ് നാട്ടില്‍ എനിക്കുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ ഇവിടെ എഴുതുന്നു.

ഇതിന്റെ ടൈറ്റില്‍ കേട്ടപ്പോള്‍ തന്നെ ഏതോ ഒരു പന്തികേടു്‌ തോന്നുന്നില്ലേ ! "കടാഫി" എങ്ങനെയുണ്ടു്‌ സാറേ ? നല്ലവിദ്യാഭ്യാസമുള്ള ഒരു തമിഴനുമായി ഈയ്യിടെ സംസരിച്ചു്‌ നില്‍ക്കുമ്പോള്‍ അയാള്‍ എന്നോടു്‌ ചോദിച്ചതാണു്‌. ഇതെന്തു്‌ സാധനമാണെന്നറിയാതെ ഒരു നിമിഷം ഞാന്‍ മിഴിച്ചുനിന്നു ! ഇതിനു്‌ മുമ്പു്‌ ഇങ്ങനെ ഒന്നിനെക്കുറിച്ചു്‌ കേട്ടിട്ടില്ല. എന്റെ മുഖഭാവം കൊണ്ടായിരിക്കണം കക്ഷി ഒരു വിശദീകരണം തന്നു. 'സാര്‍ ഈ ലോകത്തെങ്ങുമല്ലേ, കൊടുംക്രൂരനായ ലിബിയ നാട്ടിലെ... ' ഇഷ്ടന്റെ 'ക്ലൂ' കേട്ടപ്പോള്‍ കാര്യം പിടികിട്ടി. ഈ പറഞ്ഞ കടാഫി ലിബിയന്‍ സ്വേഛാധിപതി കേണല്‍ ഗദ്ദാഫിയാണെന്നു്‌ ! തമിഴരുടെ ചില പദപ്രയോഗങ്ങളും ഉച്ചാരണവും എനിക്കു്‌ പലപ്പോഴും തമാശയായി തോന്നാറുണ്ടു്‌ . ഇതു് പറയുമ്പോള്‍ കുറേ മുമ്പു്‌ നടന്ന രസകരമായ കാര്യം കൂടിപ്പറയാം.

തമിഴു്‌ നാട്ടില്‍ വന്നിട്ടു്‌ അധിക നാളായില്ല.എങ്കിലും അറിയാവുന്ന മുറി തമിഴും മലയാളവും, അല്ല തമിഴാളവുമൊക്കെയായി പലരേയും പരിചയപ്പെടുകയും കുറച്ചു്‌ പുതിയ സുഹൃത്തുക്കളെ കിട്ടുകയും ചെയ്തു. കൂട്ടത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരായ കുറെ ചെറുപ്പക്കാരേയും കിട്ടി. ഒഴിവു്‌ ദിവസങ്ങളില്‍ ഞാന്‍ അവരുടെ റൂമിലേക്കും അവര്‍ എന്റെ റൂമിലേക്കും വരാന്‍ തുടങ്ങി. ബാച്ചിലേഴ്‌സായ ഞങ്ങള്‍ ട്രക്കിങ്ങും മറ്റും സംഘടിപ്പിക്കുകയും കാഴ്ച്ചകള്‍ കാണാന്‍ പലയിടങ്ങളില്‍ ചുറ്റിക്കറങ്ങുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെയാണു്‌ ഡി.ഡി.യുടേയും ചെക്കിന്റേയുമൊക്കെ കാര്യങ്ങള്‍ ആവശ്യമായി വന്നതു്‌ .ഒരു ബാങ്കു്‌ അക്കൌണ്ടില്ല. പുതിയ അക്കൌണ്ടു്‌ തുറക്കാന്‍ തീരുമാനിച്ചു.അപ്പോള്‍ സൌഹൃദവലയത്തിലെ ഒരുകക്ഷി എന്നെ അവരുടെ ബാങ്കിലേക്കു്‌ ക്ഷണിച്ചു.അതുപ്രകാരം ഒരു വര്‍ക്കിങ്ങ് ഡേയില്‍ അയാളെകാണാന്‍ ബാങ്കിലെത്തി. ഇഷ്ടന്‍ ഉടനെതന്നെ അതിന്റെകാര്യങ്ങള്‍ ശരിയാക്കി പാസ് ബുക്കു്‌ സഹിതം കൈയ്യില്‍ തന്നു. എന്റെ താമസ്സസ്ഥലവുമായി കുറച്ചകലെആയിരുന്നു ഈ ബാങ്കു്‌. ബസ്സ് പോകുന്നവഴിയാണെങ്കിലും അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ കുറെദൂരം പിന്നെയും നടക്കണം . അതിനേക്കാള്‍ ഭേദം സ്റ്റെപ്പ് ഇറങ്ങി വെട്ടുവഴിയിലെ ഷോര്‍ട്ട് കട്ടിലൂടെ നടന്നു്‌ പോകുന്നതായിരുന്നു. അങ്ങനെ ഇടയ്ക്കിടെ ആ ബാങ്കില്‍ പോകാറുണ്ടായിരുന്നു. ഒരു ദിവസം നമ്മുടെ ബാങ്കര്‍ സുഹൃത്തു്‌ വെറുതെ ഒരു ലോഹ്യം ചോദിച്ചു . രാവിലെ എന്തു്‌ കഴിച്ചെന്നു്‌. ഇഡ്ഡലി എന്നു്‌ ഞാന്‍ പറഞ്ഞതും സുഹൃത്തും കൂടിയിരുന്ന രണ്ടുമൂന്നു്‌ പേരും പൊട്ടിച്ചിരിച്ചു! കാര്യമെന്തെന്നറിയാതെ ഞാന്‍ ആകെ വിളറി വെളുത്തു !! ഇനി നമ്മുടെ ഇഡ്ഡലി എന്ന നിരുപദ്രവിയായ ഭക്ഷണപദാര്‍ത്ഥത്തിന്റെ പേരു്‌ തമിഴ്‌നാട്ടിലെ വല്ല പച്ചത്തെറിയുമാണോ എന്നായി എന്റെ സംശയം! അവരുടെ ചിരി അടങ്ങിയപ്പോള്‍ കാര്യം തിരക്കിയ എനിക്കു്‌ അയാളുടെ വിശദീകരണം കേട്ടപ്പോഴാണു്‌ ചിരിക്കാന്‍ തോന്നിയതു്‌. സാറേ ഇത്താലി എന്നതു്‌ ഒരു രാജ്യമല്ലേ അതു്‌ സാര്‍ എങ്ങനെ തിന്നു എന്നോര്‍ത്താണു്‌ ഞങ്ങള്‍ ചിരിച്ചതെന്നു്‌...!

ഒരിക്കല്‍ ഇതുപോലെ അവിടെ ചെന്നതു്‌ നല്ല വെയിലുള്ളഒരു ദിവസമായിരുന്നു. സാമാന്യം തിരക്കായിരുന്നെങ്കിലും ചെന്നകാര്യം പുള്ളിക്കാരന്‍ വേഗം ശരിയാക്കിത്തന്നു. എന്നിട്ടു്‌ ഇഷ്ടന്‍ ചോദിച്ചു 'ഇങ്ങോട്ടുവരാന്‍ സാറിനു്‌ കൂടുതല്‍ നടക്കണം അല്ലേ? ' ഞന്‍ പറഞ്ഞു "ഓ അതുസാരമില്ല ഇത്രയും ദൂരമല്ലേയുള്ളൂ ...! " "എന്നാലും ഈ വെയിലത്തൊക്കെ കുറേനടക്കണ്ടേ " എന്നായി അയാള്‍ വേണ്ടപ്പെട്ട ആള്‍ എന്നരീതിയില്‍ കക്ഷി ഒരു നിര്‍ദ്ദേശംവച്ചു. "താങ്കള്‍ ഒരു വണ്ടി വാങ്ങിക്കു്‌. തല്‍ക്കാലം ഒരു ടൂവീലര്‍ മതി. വളരെ വിലക്കുറവില്‍ വെല്ലിംഗ് ടണില്‍ വാങ്ങാന്‍കിട്ടും " (ഇവിടെ അടുത്താണു്‌ DSSC അഥവ ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജ് . ഇന്‍ഡ്യയിലെ മറ്റു്‌ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും മിലട്ടറി ഓഫീസേഴ്സ് ട്രെയിനിങ്ങ് കോഴ്സിനായി ഓഫീസേഴ്സ് ഇവിടെയാണു്‌ വരുന്നതു്‌. കോഴ്സ് പൂര്‍ത്തിയാക്കി ബാച്ചുകളായി തിരികെ പോകുന്ന അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ കിട്ടുന്നവിലക്കു്‌ കൊടുത്തിട്ടു്‌ സ്ഥലംവിടുകയാണു്‌ പതിവു്‌.) ആ സമയം നോക്കി ഒരു സ്ക്കൂട്ടര്‍ വാങ്ങിക്കാനായിരുന്നു നമ്മുടെ സുഹൃത്തിന്റെ നിര്‍ദ്ദേശം. "ശരി നോക്കാം" എന്നു്‌ ഞാന്‍ പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന്‍ വലിയ ആവേശത്തിലായി. "സാര്‍ വാങ്ങുന്നെങ്കില്‍ ഒരു ചടാക്കു്‌ വണ്ടി വാങ്ങിക്കു്‌. വിലകുറച്ചു്‌ നമുക്കു്‌ വാങ്ങാം നല്ലമൈലേജു്‌ കിട്ടും." ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി! എന്തിനാ കാശുകൊടുത്തു്‌ ഒരു ' ചടാക്കു്‌ ' വണ്ടി വാങ്ങുന്നതു്‌ ? ചടാക്കു്‌ വണ്ടിയെന്നാല്‍ നമ്മുടെനാട്ടില്‍ ഇറച്ചി വിലയ്ക്കു്‌ ആക്രിക്കടയിലേക്കു്‌ കെട്ടിവലിച്ചുകൊണ്ടുപോകുന്നതരം ടൂവീലറുകളാണു്‌ . എന്റെ ദയനീയമായ നോട്ടം കാരണമാകാം പുള്ളി പറഞ്ഞു. "സാര്‍ വിചാരിക്കുന്നപോലെയല്ല, വളരെ നല്ലതാണു്‌ വരൂ എന്റെ വണ്ടി കാണിച്ചു്‌ തരാം " എന്നു്‌ പറഞ്ഞു്‌ ബാങ്കിനു്‌ പുറത്തേക്കു്‌ വന്നു്‌ അവിടെയിരുന്ന ഒരു നല്ല വണ്ടി കാണിച്ചു്‌ തന്നു.. ഒരു ചേതക്കു്‌ സ്ക്കൂട്ടര്‍ ! അതേ, ഉച്ചരിച്ചു്‌ വികൃതമാക്കിയ 'ചടാക്കു്‌ ' വണ്ടി.

Thursday, February 9, 2012

പറപ്പന്റെ അഗ്നിപരീക്ഷ (ണം)

പറപ്പന്‍ എന്ന ആ പേരു്‌ കേള്‍ക്കുമ്പോള്‍ എന്തോ ഒരു പന്തികേടു്‌ പോലെ തോന്നാം. ഇതു്‌ പ്രത്യേക ജീവിയോ ഒരു സമുദായത്തിന്റെ പേരോ ഒന്നുമല്ല. കാറും വണ്ടിയും മറ്റു വാഹനങ്ങളും ഇല്ലാതിരുന്നകാലത്തു്‌ വളരെ അത്യാവശ്യ സന്ദേശങ്ങള്‍ അതായതു്‌ മരണം , അപകടം,മറ്റത്യാഹിതങ്ങള്‍ ഇവയൊക്കെ വായൂവേഗത്തില്‍ ഒരു സ്ഥലത്തു്‌ നിന്നും അകലെയുള്ള മറ്റു്‌ സ്ഥലങ്ങളിലെ ബന്ധുക്കള്‍ക്കു്‌ എത്തിക്കുന്ന ഒരു വ്യക്തിക്കു്‌ നാട്ടുകാര്‍ നല്‍കിയ ഓമനപ്പേരാണു്‌ "പറപ്പന്‍ " . അതായതു്‌ വാര്‍ത്തകള്‍ പറന്നു്‌ പോയി എത്തിക്കുന്ന ആള്‍ എന്നു്‌ ചുരുക്കം! അന്നു്‌ ഒരു വിവരമോ വിശേഷമോ ഒരിടത്തു്‌ നിന്നു്‌ മറ്റൊരിടത്തു്‌ എത്താന്‍ ദിവസങ്ങളോ ആഴ്ച്ചകളോ തന്നെ വേണ്ടിവരുമായിരുന്നു. ആ സന്ദര്‍ഭത്തിലാണു്‌ ഈ 'സ്പീഡ് പോസ്റ്റ് ' കഥാപാത്രത്തിന്റെ രംഗപ്രവേശം. പണ്ടു്‌ രാജഭരണക്കാലത്തു്‌ മണിയും കിലുക്കി അഞ്ചാലോട്ടക്കാരന്‍ എന്ന തപാല്‍ ശിപായി സന്ദേശവാഹകരായി ഓടിയിരുന്ന കഥ പലരും പറഞ്ഞു കേട്ടിട്ടുണ്ടു്‌. സര്‍ക്കാര്‍ കാര്യമല്ലേ അപ്പോള്‍ അതിന്റെ വേഗത ഊഹിക്കാവുന്നതല്ലേയുള്ളൂ ! ഇതങ്ങനെ ആയിരുന്നില്ല. വാഹനങ്ങള്‍ പോകട്ടെ വഴിസൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്നകാലത്തു്‌ നടന്നും ഓടിയും അല്ല, പറന്നു്‌ തന്നെ പോയി വന്നിരുന്ന ഈ കക്ഷിയെ പറപ്പന്‍ എന്നല്ലാതെന്തു്‌ വിളിക്കും ?

ഇന്നു്‌ വ്യക്തികളും രാജ്യങ്ങളും ഭൂഖണ്ഡങ്ങള്‍ തമ്മില്‍പ്പോലുമുള്ള അകലം നന്നേ കുറഞ്ഞിരിക്കുന്നു. ചിലവ്യക്തി ബന്ധങ്ങള്‍ക്കു്‌ മാത്രമേ ഇന്നും അകലക്കൂടുതലുള്ളൂ..!! സ്വന്തം മുറിക്കുള്ളിലിരുന്നു്‌ വിരല്‍ത്തുമ്പിലൂടെ ലോകം മുഴുവന്‍ കാണാന്‍ പറ്റുന്നത്ര സാങ്കേതിക വിദ്യവളര്‍ന്ന ഇക്കാലത്തു്‌‌ ഇങ്ങനെ ഒരു അവതാരം വെറുമൊരു കെട്ടുകഥ പോലെ തോന്നിയേക്കാം.

ഓജസ്സും തേജസ്സും നഷ്ടപ്പെടുമ്പോള്‍ കറിവേപ്പിലയുടെ പര്യായമായിത്തീരുകയാണല്ലോ മിക്കപ്പോഴും മനുഷ്യജീവിതം. വെള്ളിത്തിരയില്‍ കത്തിനിന്ന പലനക്ഷത്രങ്ങളും കരിഞ്ഞു വീണു്‌ ഇന്നു്‌ നക്ഷത്രക്കണ്ണി എണ്ണുന്നതു്‌ നമ്മുടെ കണ്മുന്നില്‍ കാണുന്ന പ്രത്യക്ഷമായ ഉദാഹരണങ്ങളാണല്ലോ ! സിനീമക്കാരുടെ മാത്രമല്ല പറപ്പന്റെ കാര്യവുംമറിച്ചായിരുന്നില്ല. വയസ്സാംകാലത്തു്‌ തിരിഞ്ഞു നോക്കാന്‍ പോലും ആരുമില്ലാതായി.നല്ലകാലത്തു്‌ തന്നെ വേണ്ടവിധം ഉപയോഗിച്ചവര്‍ക്കോ, വാനോളം പ്രശംസിച്ച നാട്ടുകാര്‍ക്കോ,നാട്ടുകാര്‍ക്കു്‌ വേണ്ടിമാത്രം ജീവിച്ച തന്നേ സ്വന്തം വീട്ടുകാര്‍ക്കോ ആവശ്യമില്ലാതായി !

മകന്റെയോ മരുമകന്റെയോ വിശാലമായ പുരയിടത്തിലെ ഒരു ചെറ്റക്കുടിലില്‍ കുടികിടപ്പുകാരനായ പറപ്പനെയാണു്‌ എനിക്കറിയാവുന്നതു്‌. ആള്‍ക്കാരു്‌ നടക്കുന്ന ഒരു വഴിയുടെ അരികിലായിരുന്നു ആ ചെറിയ കുടില്‍. അതുവഴിനടന്നു്‌ വരുമ്പോള്‍ പറപ്പന്‍ ആ വീട്ടില്‍ ഉണ്ടൊ എന്നു്‌ ഞാനും നോക്കാറുണ്ടായിരുന്നു. ഉണ്ടെങ്കില്‍ കക്ഷി വെറുതെ എന്തെങ്കിലും ലോഹ്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും.ആദ്യമൊക്കെ വടികുത്തി നടന്നതു്‌ കണ്ടിരുന്നു. പിന്നെപ്പിന്നെ കൂനിക്കൂടി നടന്നാണോ ഇഴഞ്ഞാണോ നീങ്ങുന്നതു്‌ എന്നുപറയാനാകാത്ത അവസ്ഥയിലായിരുന്നു ! ഏതാണ്ടു്‌ ഒരു വലിയ മാക്രിയുടെ രൂപം പോലെയാണു്‌ പല്ലും പരണ്ടയ്ക്കായുമൊന്നുമില്ലാത്ത ആ കക്ഷിയെ എനിക്കു്‌ തോന്നിയിരുന്നതു്‌ ! അടുത്തവീടുകളിലെ അടുക്കളവശത്തെ ഔദാര്യങ്ങള്‍ മാത്രമായിരുന്നു ആ 'റിട്ടയേര്‍ഡ് സ്പ്രിന്റ് രാജാവിന്റെ' അന്നത്തിനുള്ളവഴി. ഗ്രീറ്റിംഗ്സ് കാര്‍ഡുകളില്‍ കാണുന്നരീതിയില്‍ ഒറ്റവാതില്‍ മാത്രമുള്ള ഒരു ചറ്റപ്പുരയായിരുന്നു ഇഷ്ടന്റേതു്‌. മൂന്നാലു്‌ മണ്‍ പാത്രങ്ങളും ഒരു മണ്ണെണ്ണവിളക്കും കയറുകൊണ്ടുവരിഞ്ഞ ഒരുകട്ടിലും പായും തലേണയും കുറച്ചു്‌ തുണികളും ഒരു ഊന്നു വടിയുമായിരുന്നു അതിനുള്ളിലെ ജംഗമവസ്തുക്കള്‍. കാഴ്ച്ചക്കുറവു തുടങ്ങിയതിനാല്‍ ഇഴഞ്ഞും നിരങ്ങിയുമുള്ള ലോകസഞ്ചാരത്തിനു്‌ ശേഷം ഇരുട്ടു്‌ വീഴുംമുമ്പു്‌ കക്ഷി വീട്ടിലെത്തും അതാണു്‌ പതിവു്‌.

ഞങ്ങളുടെ വീടിന്റെ മുറ്റത്തുനിന്നാല്‍ പറപ്പന്റെ വീടുകാണാം. ഒരു ദിവസം സന്ധ്യകഴിഞ്ഞു്‌ പഠിത്തവും ഹോംവര്‍ക്കുമെല്ലാം തീര്‍ത്തു്‌ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ചെറിയ ബഹളം കേട്ടു്‌ എല്ലവരും മുറ്റത്തേക്കിറങ്ങി. പുറത്തു്‌ ഭയങ്കരമായ വെളിച്ചം. പറപ്പന്റെ വീടു്‌ ഒരു തീഗോളമായി നിന്നു്‌ കത്തുകയാണു്‌. വീട്ടിലെ ജോലിക്കാരോടൊപ്പം ഞാനും അവിടെ എത്തി. നാട്ടുകാരൊക്കെ ഓടിക്കൂടി തീകെടുത്താനുള്ളശ്രമത്തിലാണു്‌. ഓലപ്പുരയും കയറ്റു്‌ കട്ടിലുമൊക്കെയല്ലെ നിയന്ത്രിക്കാന്‍ പറ്റാത്തവിധം നിമിഷനേരംകൊണ്ടു്‌ തീ ആളിക്കത്തി‌. ഇതിനിടെ ആരോചിലരെല്ലാംകൂടി ഉള്ളില്‍ നിന്നും പറപ്പനെ വലിച്ചെടുത്തു്‌ പുറത്തിട്ടു. അതുകൊണ്ടു്‌ ജീവനുള്ള പറപ്പനെ തന്നെ 'പോസ്റ്റു്‌മോര്‍ട്ടം' ചെയ്യാന്‍ കിട്ടി !

പറപ്പനെ രക്ഷിക്കാനായെങ്കിലും വീടിന്റെ 'ചിതാഭസ്മം' മാത്രമേ കിട്ടിയുള്ളൂ ! ഒടുവില്‍ വെള്ളവും ഭക്ഷണവുമൊക്കെ കൊടുത്തു്‌ ആശ്വസിപ്പിച്ചശേഷം സ്വകാര്യവിചാരണ നടത്തുമ്പോഴാണു്‌ സത്യം പുറത്തു്‌ വന്നതു്‌. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മുതല്‍ കട്ടിലില്‍ക്കൂടി ഉറുമ്പു്‌ കയറി പുള്ളിയെ കടിക്കാന്‍ തുടങ്ങി. ഉപദ്രവം സഹിക്കാതെവന്നപ്പോള്‍ മണ്ണെണ്ണവിളക്കു്‌ കത്തിച്ചു്‌ കട്ടിലിനടിയില്‍ വച്ചു്‌ ഉറുമ്പുകളെ കരിച്ചു്‌ നോക്കിയതാണത്രെ....!!