ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Thursday, February 9, 2012

പറപ്പന്റെ അഗ്നിപരീക്ഷ (ണം)

പറപ്പന്‍ എന്ന ആ പേരു്‌ കേള്‍ക്കുമ്പോള്‍ എന്തോ ഒരു പന്തികേടു്‌ പോലെ തോന്നാം. ഇതു്‌ പ്രത്യേക ജീവിയോ ഒരു സമുദായത്തിന്റെ പേരോ ഒന്നുമല്ല. കാറും വണ്ടിയും മറ്റു വാഹനങ്ങളും ഇല്ലാതിരുന്നകാലത്തു്‌ വളരെ അത്യാവശ്യ സന്ദേശങ്ങള്‍ അതായതു്‌ മരണം , അപകടം,മറ്റത്യാഹിതങ്ങള്‍ ഇവയൊക്കെ വായൂവേഗത്തില്‍ ഒരു സ്ഥലത്തു്‌ നിന്നും അകലെയുള്ള മറ്റു്‌ സ്ഥലങ്ങളിലെ ബന്ധുക്കള്‍ക്കു്‌ എത്തിക്കുന്ന ഒരു വ്യക്തിക്കു്‌ നാട്ടുകാര്‍ നല്‍കിയ ഓമനപ്പേരാണു്‌ "പറപ്പന്‍ " . അതായതു്‌ വാര്‍ത്തകള്‍ പറന്നു്‌ പോയി എത്തിക്കുന്ന ആള്‍ എന്നു്‌ ചുരുക്കം! അന്നു്‌ ഒരു വിവരമോ വിശേഷമോ ഒരിടത്തു്‌ നിന്നു്‌ മറ്റൊരിടത്തു്‌ എത്താന്‍ ദിവസങ്ങളോ ആഴ്ച്ചകളോ തന്നെ വേണ്ടിവരുമായിരുന്നു. ആ സന്ദര്‍ഭത്തിലാണു്‌ ഈ 'സ്പീഡ് പോസ്റ്റ് ' കഥാപാത്രത്തിന്റെ രംഗപ്രവേശം. പണ്ടു്‌ രാജഭരണക്കാലത്തു്‌ മണിയും കിലുക്കി അഞ്ചാലോട്ടക്കാരന്‍ എന്ന തപാല്‍ ശിപായി സന്ദേശവാഹകരായി ഓടിയിരുന്ന കഥ പലരും പറഞ്ഞു കേട്ടിട്ടുണ്ടു്‌. സര്‍ക്കാര്‍ കാര്യമല്ലേ അപ്പോള്‍ അതിന്റെ വേഗത ഊഹിക്കാവുന്നതല്ലേയുള്ളൂ ! ഇതങ്ങനെ ആയിരുന്നില്ല. വാഹനങ്ങള്‍ പോകട്ടെ വഴിസൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്നകാലത്തു്‌ നടന്നും ഓടിയും അല്ല, പറന്നു്‌ തന്നെ പോയി വന്നിരുന്ന ഈ കക്ഷിയെ പറപ്പന്‍ എന്നല്ലാതെന്തു്‌ വിളിക്കും ?

ഇന്നു്‌ വ്യക്തികളും രാജ്യങ്ങളും ഭൂഖണ്ഡങ്ങള്‍ തമ്മില്‍പ്പോലുമുള്ള അകലം നന്നേ കുറഞ്ഞിരിക്കുന്നു. ചിലവ്യക്തി ബന്ധങ്ങള്‍ക്കു്‌ മാത്രമേ ഇന്നും അകലക്കൂടുതലുള്ളൂ..!! സ്വന്തം മുറിക്കുള്ളിലിരുന്നു്‌ വിരല്‍ത്തുമ്പിലൂടെ ലോകം മുഴുവന്‍ കാണാന്‍ പറ്റുന്നത്ര സാങ്കേതിക വിദ്യവളര്‍ന്ന ഇക്കാലത്തു്‌‌ ഇങ്ങനെ ഒരു അവതാരം വെറുമൊരു കെട്ടുകഥ പോലെ തോന്നിയേക്കാം.

ഓജസ്സും തേജസ്സും നഷ്ടപ്പെടുമ്പോള്‍ കറിവേപ്പിലയുടെ പര്യായമായിത്തീരുകയാണല്ലോ മിക്കപ്പോഴും മനുഷ്യജീവിതം. വെള്ളിത്തിരയില്‍ കത്തിനിന്ന പലനക്ഷത്രങ്ങളും കരിഞ്ഞു വീണു്‌ ഇന്നു്‌ നക്ഷത്രക്കണ്ണി എണ്ണുന്നതു്‌ നമ്മുടെ കണ്മുന്നില്‍ കാണുന്ന പ്രത്യക്ഷമായ ഉദാഹരണങ്ങളാണല്ലോ ! സിനീമക്കാരുടെ മാത്രമല്ല പറപ്പന്റെ കാര്യവുംമറിച്ചായിരുന്നില്ല. വയസ്സാംകാലത്തു്‌ തിരിഞ്ഞു നോക്കാന്‍ പോലും ആരുമില്ലാതായി.നല്ലകാലത്തു്‌ തന്നെ വേണ്ടവിധം ഉപയോഗിച്ചവര്‍ക്കോ, വാനോളം പ്രശംസിച്ച നാട്ടുകാര്‍ക്കോ,നാട്ടുകാര്‍ക്കു്‌ വേണ്ടിമാത്രം ജീവിച്ച തന്നേ സ്വന്തം വീട്ടുകാര്‍ക്കോ ആവശ്യമില്ലാതായി !

മകന്റെയോ മരുമകന്റെയോ വിശാലമായ പുരയിടത്തിലെ ഒരു ചെറ്റക്കുടിലില്‍ കുടികിടപ്പുകാരനായ പറപ്പനെയാണു്‌ എനിക്കറിയാവുന്നതു്‌. ആള്‍ക്കാരു്‌ നടക്കുന്ന ഒരു വഴിയുടെ അരികിലായിരുന്നു ആ ചെറിയ കുടില്‍. അതുവഴിനടന്നു്‌ വരുമ്പോള്‍ പറപ്പന്‍ ആ വീട്ടില്‍ ഉണ്ടൊ എന്നു്‌ ഞാനും നോക്കാറുണ്ടായിരുന്നു. ഉണ്ടെങ്കില്‍ കക്ഷി വെറുതെ എന്തെങ്കിലും ലോഹ്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും.ആദ്യമൊക്കെ വടികുത്തി നടന്നതു്‌ കണ്ടിരുന്നു. പിന്നെപ്പിന്നെ കൂനിക്കൂടി നടന്നാണോ ഇഴഞ്ഞാണോ നീങ്ങുന്നതു്‌ എന്നുപറയാനാകാത്ത അവസ്ഥയിലായിരുന്നു ! ഏതാണ്ടു്‌ ഒരു വലിയ മാക്രിയുടെ രൂപം പോലെയാണു്‌ പല്ലും പരണ്ടയ്ക്കായുമൊന്നുമില്ലാത്ത ആ കക്ഷിയെ എനിക്കു്‌ തോന്നിയിരുന്നതു്‌ ! അടുത്തവീടുകളിലെ അടുക്കളവശത്തെ ഔദാര്യങ്ങള്‍ മാത്രമായിരുന്നു ആ 'റിട്ടയേര്‍ഡ് സ്പ്രിന്റ് രാജാവിന്റെ' അന്നത്തിനുള്ളവഴി. ഗ്രീറ്റിംഗ്സ് കാര്‍ഡുകളില്‍ കാണുന്നരീതിയില്‍ ഒറ്റവാതില്‍ മാത്രമുള്ള ഒരു ചറ്റപ്പുരയായിരുന്നു ഇഷ്ടന്റേതു്‌. മൂന്നാലു്‌ മണ്‍ പാത്രങ്ങളും ഒരു മണ്ണെണ്ണവിളക്കും കയറുകൊണ്ടുവരിഞ്ഞ ഒരുകട്ടിലും പായും തലേണയും കുറച്ചു്‌ തുണികളും ഒരു ഊന്നു വടിയുമായിരുന്നു അതിനുള്ളിലെ ജംഗമവസ്തുക്കള്‍. കാഴ്ച്ചക്കുറവു തുടങ്ങിയതിനാല്‍ ഇഴഞ്ഞും നിരങ്ങിയുമുള്ള ലോകസഞ്ചാരത്തിനു്‌ ശേഷം ഇരുട്ടു്‌ വീഴുംമുമ്പു്‌ കക്ഷി വീട്ടിലെത്തും അതാണു്‌ പതിവു്‌.

ഞങ്ങളുടെ വീടിന്റെ മുറ്റത്തുനിന്നാല്‍ പറപ്പന്റെ വീടുകാണാം. ഒരു ദിവസം സന്ധ്യകഴിഞ്ഞു്‌ പഠിത്തവും ഹോംവര്‍ക്കുമെല്ലാം തീര്‍ത്തു്‌ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ചെറിയ ബഹളം കേട്ടു്‌ എല്ലവരും മുറ്റത്തേക്കിറങ്ങി. പുറത്തു്‌ ഭയങ്കരമായ വെളിച്ചം. പറപ്പന്റെ വീടു്‌ ഒരു തീഗോളമായി നിന്നു്‌ കത്തുകയാണു്‌. വീട്ടിലെ ജോലിക്കാരോടൊപ്പം ഞാനും അവിടെ എത്തി. നാട്ടുകാരൊക്കെ ഓടിക്കൂടി തീകെടുത്താനുള്ളശ്രമത്തിലാണു്‌. ഓലപ്പുരയും കയറ്റു്‌ കട്ടിലുമൊക്കെയല്ലെ നിയന്ത്രിക്കാന്‍ പറ്റാത്തവിധം നിമിഷനേരംകൊണ്ടു്‌ തീ ആളിക്കത്തി‌. ഇതിനിടെ ആരോചിലരെല്ലാംകൂടി ഉള്ളില്‍ നിന്നും പറപ്പനെ വലിച്ചെടുത്തു്‌ പുറത്തിട്ടു. അതുകൊണ്ടു്‌ ജീവനുള്ള പറപ്പനെ തന്നെ 'പോസ്റ്റു്‌മോര്‍ട്ടം' ചെയ്യാന്‍ കിട്ടി !

പറപ്പനെ രക്ഷിക്കാനായെങ്കിലും വീടിന്റെ 'ചിതാഭസ്മം' മാത്രമേ കിട്ടിയുള്ളൂ ! ഒടുവില്‍ വെള്ളവും ഭക്ഷണവുമൊക്കെ കൊടുത്തു്‌ ആശ്വസിപ്പിച്ചശേഷം സ്വകാര്യവിചാരണ നടത്തുമ്പോഴാണു്‌ സത്യം പുറത്തു്‌ വന്നതു്‌. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മുതല്‍ കട്ടിലില്‍ക്കൂടി ഉറുമ്പു്‌ കയറി പുള്ളിയെ കടിക്കാന്‍ തുടങ്ങി. ഉപദ്രവം സഹിക്കാതെവന്നപ്പോള്‍ മണ്ണെണ്ണവിളക്കു്‌ കത്തിച്ചു്‌ കട്ടിലിനടിയില്‍ വച്ചു്‌ ഉറുമ്പുകളെ കരിച്ചു്‌ നോക്കിയതാണത്രെ....!!