ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Wednesday, January 19, 2011

പിതാവിനും പുത്രനും സ്തുതി..!

ഒരു ഹാളില്‍ നടന്ന വാര്‍ഷിക ആഘോഷച്ചടങ്ങായിരുന്നു സ്ഥലം. വളരെ നാളുകള്‍ക്കുശേഷം കണ്ട സുഹൃത്തും കുടുംബവുമായിരുന്നു അടുത്തസീറ്റില്‍ ഇരുന്നതു്‌ . പ്രോഗ്രാം തുടങ്ങാന്‍ ഇനിയും വളരെ സമയമുണ്ടു്‌. ഞങ്ങള്‍ പരിചയം പുതുക്കി കുശലപ്രശ്നങ്ങളിലേക്കു്‌ കടന്നു. ഇതിനിടെ അയാളുടെ മകന്‍ അഛ്ചന്റെ അടുത്തേക്കു്‌ എവിടെനിന്നോ ഓടിവന്നു. തടിമിടുക്കനായ പയ്യനു്‌ ആറുവയസ്സാകുന്നത്രേ . ഇപ്പോഴത്തെ ഹോര്‍മോണ്‍ കുട്ടികളുടെ ശരിക്കുള്ള ഒരു പ്രതിരൂപം...! വിശേഷണങ്ങള്‍പോലെ തന്നെ നല്ല തടിയും മിടുക്കുമുള്ള ചുവന്നുതുടുത്ത ഒരു ചുണക്കുട്ടി.

"മോന്‍ എങ്ങനെയുണ്ടു്‌ , സ്കൂളിലായോ ? " വേറുതെ ഒരു ലോഹ്യം ചോദിച്ചു.

" സ്ക്കൂളിലൊക്കെ പോകാന്‍ തുടങ്ങി. പക്ഷേ കൈയ്യിലിരിപ്പു്‌ തീരെ മോശമാണു്‌ .അവന്‍ ആളുമഹാപിശകാണു്‌. "

"എന്താ ദിവസവും ടീച്ചര്‍ മാരുമായി ഒടക്കാണോ അതോ പോകാന്‍ മടിയാണോ ? "

"അതൊന്നുമല്ല, അവന്റെ കൈയിലിരിക്കുന്ന സാധനം കണ്ടോ അവന്റെ സ്വന്തം മൊബൈല്‍ ഫോണാ.. കളിപ്പാട്ടമൊന്നുമല്ല...! "
അതു്‌ കണ്ടപ്പോള്‍ എനിക്കതിശയംതോന്നി. ഇത്രയും ചെറിയ കുട്ടിക്കു്‌ സെല്‍ഫോണോ !

"അവനു്‌ ഇപ്പഴേ എന്തിനാ സെല്‍ഫോണ്‍  ? " ഞാന്‍ അന്വേഷിച്ചു.

" ആത്മരക്ഷാര്‍ത്ഥം വങ്ങിക്കൊടുത്തതാ..! " എന്നു്‌ പറഞ്ഞപ്പോള്‍ എനിക്കു്‌ തമാശയാണു്‌ തോന്നിയതു്‌ .
ഉടനെ ഇഷ്ടന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അതിങ്ങനെ‌...

"അണ്ണാ, ഒരുദിവസം ഇവന്‍ സ്കൂളില്‍ നിന്നും വന്നശേഷം എന്റെ അടുത്തു വന്നു്‌ ചോദിച്ചു
അഛ്ചാ അഛ്ചനെന്നാ ചാകുന്നതു്‌ ? "

"അങ്ങനെ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്ത ഞാന്‍ ഞെട്ടിപ്പോയി ! എന്തു പറയണമെന്നറിയാതെ ഒരുനിമിഷം പകച്ചു നിന്നു. അല്പം ഒന്നാലോചിച്ചശേഷം അവന്റെ ജിജ്ഞാസകൊണ്ടാകാമെന്നുകരുതി 'മോന്‍ എന്താഅങ്ങനെ ചോദിച്ചതു്‌ ' എന്നു്‌ ഒരു മറുചോദ്യം ചോദിച്ചു."

" അല്ല, അഛ്ചന്‍ ചത്തിട്ടുവേണം ആമൊബൈല്‍ ഫോണ്‍ എനിക്കെടുക്കാന്‍ " അതായിരുന്നു ഒരു കൂസലുമില്ലാതെ അവന്റെ മറുപടി.

"അന്നുരാത്രി ഞാന്‍ ശരിക്കുറങ്ങിയില്ല. കൊച്ചുപയ്യനല്ലേ തെറ്റും ശരിയുമൊന്നും അവനറിയില്ല . ഇങ്ങേരു്‌ ചാകുന്നില്ലല്ലോ എന്നുകരുതി ഞാന്‍ ഉറങ്ങുകയോ മറ്റോ ചെയ്യുമ്പോള്‍ വല്ല വെട്ടുകത്തിയോ അരിവാളോ എടുത്തു്‌ വെട്ടുകയോ കുത്തുകയോ ചെയ്താല്‍ എന്തുചെയ്യും ? ഇപ്പോഴത്തെ സിനിമയിലും സീരിയലിലുമൊക്കെ കാണുന്ന കൊല്ലും കൊലയുമെല്ലാം കണ്ടല്ലേ ഇവനൊക്കെ വളരുന്നതു്‌.. നമ്മളെ തട്ടിക്കളയില്ലെന്നു്‌ എന്താണു്‌ ഉറപ്പു്‌ ! പോരെങ്കില്‍ ഈ അടുത്തസമയത്തു്‌ അമേരിക്കയിലോമറ്റോ ഒരു കൊച്ചു പയ്യന്‍ തോക്കെടുത്തു്‌ സഹപാഠികളെ വെടിവച്ചുകൊന്നവാര്‍ത്തയും കേട്ടു. പിന്നെ ഒന്നും നോക്കിയില്ല കുറച്ചു പൈസ പോയാലും വേണ്ടില്ല ജീവന്‍ ബലികൊടുക്കേണ്ടിവരില്ലല്ലോ എന്നുവിചാരിച്ചു്‌ അവനേയും കൂട്ടി അടുത്ത ദിവസംതന്നെ ഒരു മൊബയില്‍ ഷോപ്പില്‍ പോയി ഒരെണ്ണം വാങ്ങിക്കൊടുത്തു."

അഛ്ചന്മാര്‍ മക്കളെ ബലികൊടുത്ത പല കഥകളും സംഭവങ്ങളും നമ്മള്‍ കേട്ടിരിക്കുന്നു.. എന്നാല്‍ മകനു്‌ വേണ്ടി സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടിവരുമോ എന്നു്‌ ഭയപ്പെട്ട ഒരു പിതാവിന്റെ ധര്‍മ്മസങ്കടം ഇതാദ്യമായാണു്‌ കേള്‍ക്കുന്നതു്‌ !

9 comments:

 1. ആ മകന്റെ കാര്യം കേട്ടിടത്തോളം ആ അഛന്റെ പേടി തീരെ അസ്ഥാനത്തല്ല.

  ReplyDelete
 2. കാലം പോയ പോക്ക്

  ഈ ചിന്ത മുതിർന്ന മക്കൾക്കും തോന്നാറുണ്ടോ?

  ReplyDelete
 3. എഴുത്തുകാരിക്കും മിനിക്കും നന്ദി‌,
  എഴുത്തുകാരിക്കു്,
  ശരിയാണു്‌ കുട്ടികളുടെ ചിന്താഗതിക്കു്‌ പോലും മാറ്റംവന്നിരിക്കുന്നു !
  മിനിക്കു്‌,
  മുതിര്‍ന്നവര്‍ക്കും തോന്നിക്കൂടയ് കയില്ല ! പക്ഷേ അങ്ങനെ വന്നാല്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കും..!

  ReplyDelete
 4. ആത്മരക്ഷാര്‍ത്ഥം...? കുട്ടിയുടെ രക്ഷ കൂടി നോക്കേണ്ടേ ..

  നന്നായി പോസ്റ്റ്‌

  ReplyDelete
 5. നന്നായിട്ടുണ്ട്..അവതരണം ഇനിയും നന്നാക്കാമായിരുന്നു, ആശംസകള്‍..!!

  ReplyDelete
 6. ഒരുപാട് ചിന്തകള്‍ ഈ ചെറിയ പോസ്റ്റിലൂടെ വായനക്കാര്‍ക്ക് മുന്നിലേക്കിടാന്‍ കഴിഞ്ഞുവല്ലോ...നന്നായി ദത്തന്‍.

  ReplyDelete
 7. നന്നായിട്ടുണ്ട്..

  ReplyDelete
 8. ഇത് ശരിക്കും നടന്ന സംഭവം ആണോ മാഷേ ?

  (വേര്‍ഡ്‌ വേരിഫിക്കഷന്‍ ഒഴിവാക്കാമോ ദത്തന്‍ മാഷേ )

  ReplyDelete
 9. the man to walk with ,പ്രഭന്‍ ക്യഷ്ണന്‍ ,കുഞ്ഞൂസ് ,Ranjith chemmad ,Renjith
  അഭിപ്രായങ്ങള്‍ അറിയിച്ചതിനു്‌ എല്ലവാര്‍ക്കും നന്ദി.

  Renjith,
  എന്താ സംശയം !
  നടന്ന സംഭവം തന്നെ.ആ കക്ഷിയും ഇതു വായിച്ചിരിക്കുന്നു !!
  പിന്നെ 'വേര്‍ഡ്‌ വേരിഫിക്കഷന്‍' അറിയാതെ വന്നതാണു്‌ അതു്‌ മാറ്റി.

  ReplyDelete