ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Saturday, August 6, 2011

അങ്ങനെ മാതൃഭാഷ പഠിച്ചു...?

എന്റെ താമസ സ്ഥലത്തിനടുത്തു്‌ ഒരു വക്കീല്‍ ഓഫീസുണ്ടായിരുന്നു. അയല്‍പക്കമായതിനാല്‍ കുറേയധികം വക്കീല്‍ സുഹൃത്തുക്കളെ അങ്ങനെ കമ്പനിക്കായി കിട്ടി. ഇതില്‍ നാലു പേര്‍ചേര്‍ന്നു്‌ ഒരുകല്യാണത്തിനായി പാലക്കാട്ടേക്കു്‌ പോയി. ഭൂമുഖത്തു്‌ വായുവിന്റെ അഞ്ചിലൊന്നു്‌ ഭാഗം ഓക്സിജനാണെന്നു്‌ പറയുമ്പോലെ ലോകത്തെവിടെയുള്ള ജനങ്ങളെ എടുത്തുനോക്കിയാലും അതില്‍ നാലില്‍ ഒന്നു്‌ മലയാളി ആയിരിക്കുമെന്നു്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ ? ഇവിടെയും അങ്ങനെ തന്നെ. ഒരാള്‍ മലയാളിയും മറ്റു മൂന്നു്‌ പേര്‍ തമിഴരും.

ഈ കക്ഷി മലയാളിയാണെങ്കിലും മലയാളം എഴുതാനും വായിക്കനും അറിയില്ല. മലയാളം 'കുരച്ചു കുരച്ചു്‌ ' സംസാരിക്കും! അച്ഛനും അമ്മയും വളരെ മുമ്പേ പാലക്കാട്ടുനിന്നും ഇവിടെ തമിഴ് നാട്ടില്‍ വന്നു്‌ സെറ്റിലായതാണു്‌. മകന്‍ പഠിച്ചതു്‌ ഇംഗ്ലീഷ്‌ മീഡിയത്തിലും ! 'ഗ്രാന്‍പായും ഗ്രാന്‍മായും' ഉണ്ടായിരുന്നപ്പോള്‍ അവരെ കാണാന്‍ ചെറുപ്പകാലത്തു്‌ വര്‍ഷത്തിലൊരിക്കല്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ഒന്നു്‌ നാട്ടില്‍ പോകുമായിരുന്നു. പിന്നെ വല്ലകല്യാണമോ മരണമോ ഉണ്ടായാല്‍ എപ്പോഴെങ്കിലും നാട്ടിലൊന്നു്‌ പോയി വരും. എങ്കിലും ദോഷം പറയരുതല്ലോ മലയാളി എന്നഭിമാനിക്കുന്നതില്‍ ഒട്ടും കുറവു്‌ വരുത്തിയിരുന്നില്ല !!

പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വാളയാര്‍ കഴിയുമ്പോള്‍ സ്വന്തം 'രാജ്യ'മായി. സഹ്യന്റെ മലനിരകളുടെ ഭംഗിയും ഉയര്‍ന്നു്‌ നില്ക്കുന്ന കരിമ്പനകളും കാണുമ്പോള്‍ പലര്‍ക്കും മനസ്സില്‍ ഒന്നും തോന്നാറില്ലെങ്കിലും ഇടയ്ക്കിടക്കുള്ള കള്ളുഷാപ്പിന്റെ ബോര്‍ഡുകള്‍ കാണുമ്പോള്‍ കേരളത്തേ ഓര്‍ത്തു്‌ ചോര തിളയ്ക്കാന്‍ തുടങ്ങുകയും അന്തരംഗം അഭിമാനപൂരിതമാകാന്‍ തുടങ്ങുകയും ചെയ്യും. കവിവാക്യമൊന്നും അവര്‍ക്കറിയില്ലെങ്കിലും തമിഴര്‍ക്കും കേരളത്തിലേക്ക്‌ ഒരു ' ജാളി ട്രിപ്പ് ' എന്നു്‌ കേള്‍ക്കുമ്പോള്‍ ഇക്കാരണം കൊണ്ടുതന്നെ അന്തരംഗം 'രൊമ്പ രൊമ്പ കുഷി' യാകാറുണ്ടു്‌. സുഹൃത്തിന്റെ കല്യാണം അടിച്ചു്‌ പൊളിക്കാനുള്ള ഒരു വിനോദയാത്ര കൂടിയാകുമ്പോഴത്തെ പുകില്‍ പറയേണ്ടകാര്യമുണ്ടോ !

മുന്‍പിലത്തെ ദിവസം വൈകുന്നേരത്തോടെ എല്ലാവരും പാലക്കാട്ടു്‌ ഹാജര്‍ ! കല്യാണം അടുത്തദിവസം രാവിലെയാണു്‌. നാലുപേരുംകൂടി നല്ല ഒരു ഹോട്ടലില്‍ മുറിയെടുത്തു. കുളിയുംമറ്റും കഴിഞ്ഞു്‌ എല്ലാരുമൊന്നു്‌ ഫ്രഷായി. തമിഴരുടെ ജീവരക്തമാണല്ലോ സിനിമ ! കേരളത്തില്‍ വന്നതല്ലേ ഏതെങ്കിലും ഒരു മലയാളസിനിമ കണ്ടുകളയാമെന്നു്‌ തീരുമാനിച്ചു. മലയാളി സുഹൃത്തിത്തിനൊപ്പം അയാളുടെ സ്വന്തം നാട്ടില്‍ വിലസുകയാണല്ലോ ! അല്പം ഒന്നു്‌ മിനുങ്ങിയ ശേഷം നാലുപേരും മുറിവിട്ടു. കുറച്ചു്‌ നടന്നപ്പോള്‍ ഒരു ജംഗ്ഷനിലെത്തി. വലിയ മൂന്നാലു്‌ പോസ്റ്ററുകള്‍ അടുത്തടുത്തു്‌ ഒട്ടിച്ചിരിക്കുന്നു. നായകന്മാരേയും നായികമാരേയും മുഖപരിചയമുണ്ടു്‌. പക്ഷേ പോസ്റ്ററിലെ മലയാള അക്ഷരങ്ങള്‍ ആര്‍ക്കും അത്ര വലിയപിടിയില്ല. ഏതു്‌ സിനിമയാണെന്നറിയണമല്ലോ ! അവിടെയാണു്‌ വശക്കേടു്‌ ! നമ്മുടെ വക്കീലിനും മലയാളം വായിക്കാനറിയില്ല എന്നസത്യം കൂടെയുള്ളവര്‍ക്കുമറിയാം.

അവര്‍ ഒരു നിര്‍ദ്ദേശം വച്ചു. " നീ മലയാളിയല്ലേ ആരോടെങ്കിലും ഇതു്‌ ഏതു്‌ സിനിമയാണെന്നു്‌ മലയാളത്തില്‍ ചോദിക്കു് ! "

ചര്‍ച്ച തീരുമാനമായെങ്കിലും അതിനു്‌ സൌകര്യമായി ഒരാളെ കിട്ടണ്ടേ ? സ്ക്കൂട്ടറിലും വണ്ടിയിലുമൊക്കെപ്പോകുന്നവരെ വിളിച്ചറക്കി ചോദിക്കുന്നതു്‌ ഔചിത്യമല്ലല്ലോ ! നാലുപേരും കുറേക്കൂടി നടന്നു്‌ പോസ്റ്ററുകള്‍ക്കടുത്തെത്തി. അപ്പോള്‍ അങ്ങെതിരെ നിന്നും കുറച്ചു്‌ പ്രായംചെന്ന ഒരാള്‍ നടന്നു്‌ വരുന്നു. ഉടനെ തമിഴ്‌ പാര്‍ട്ടികള്‍ നീ ചോദിക്കെടാ എന്നുപറഞ്ഞു്‌ നമ്മുടെ മലയാള വക്കീലിനെ തോണ്ടാനും ചൊറിയാനുമൊക്കെത്തുടങ്ങി. മൂന്നാലു്‌ പൂവാലന്മാര്‍ ഒത്തുകൂടി എന്തോ കുശുകുശുക്കുന്നതായി മൂപ്പിത്സിനു്‌ ദൂരെവച്ചേ തോന്നിയിരിക്കണം...

കക്ഷി ഏകദേശം അടുത്തു്‌ എത്തിയപ്പോള്‍ നമ്മുടെ വക്കീല്‍ ഒരു സിനിമ പോസ്റ്റാര്‍ ചൂണ്ടിക്കാണിച്ചിട്ടു്‌ മലയാളത്തില്‍ ചോദിച്ചു. "അതില്‍ ഏതുസിനിമയുടെ പേരാഏഴുതിയിരിക്കുന്നതു് ". മൂപ്പിലാന്‍ അതിലൊന്നു്‌ നോക്കി.എല്ലാംതനിമയാളത്തില്‍ എഴുതിയിരിക്കുന്നു !!

"നിന്റെയൊക്കെ തന്തയോടു്‌ പോയി ചോദിക്കു്‌..." ഇതായിരുന്നു മറുപടി.

അതിനു്‌ പ്രത്യേക ട്രാന്‍സിലേഷന്‍ ഒന്നും വേണ്ടിവന്നില്ല! അയാള്‍ എന്താണു്‌ പറഞ്ഞതെന്നു്‌ തമിഴര്‍ക്കും നന്നായി മനസ്സിലായി ! ആകാംക്ഷ കൂട്ടച്ചിരിക്കു്‌ വഴിമാറി...!!

അദ്ദേഹം കരുതിയതു്‌ ചെറുപ്പക്കാര്‍ അയാളെ കളിയാക്കാന്‍വേണ്ടി ചോദിച്ചതാണെന്നായിരിക്കാം! അയാളുണ്ടോ അറിയുന്നു ഈ ചോദിച്ചവന്‍ മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത മറുനാടന്‍ മലയാളിയാണെന്ന കാര്യം! ഒരു പക്ഷേ തമിഴില്‍ ചോദിച്ചിരുന്നെങ്കില്‍ ഇത്രയും കുഴപ്പം വരില്ലായിരുന്നു, തമിഴരല്ലേ മലയാളം അറിയാത്തതുകൊണ്ടു്‌ ചോദിക്ക
യാണെന്നു്‌ കരുതി ശരിയായ വിവരം പറഞ്ഞുകൊടുത്തേനേ !

സ്വന്തം നാട്ടില്‍ അന്യഭാഷക്കാരായ കൂട്ടുകാരുടെ മുന്നില്‍വച്ചു്‌ ഇമേജ് വല്ലാതെ നഷ്ടപ്പെട്ട വക്കീല്‍ തിരിച്ചെത്തി ആരെയോ ശിഷ്യപ്പെട്ടു്‌ അത്യാവശ്യം ബോര്‍ഡുകളും പത്രത്തിന്റെ വലിയ തലക്കെട്ടുകളും വായിക്കണമെന്ന വാശിയില്‍ മലയാളം എഴുതാനും വായിക്കാനും ഒരുവിധം പഠിച്ചു. എങ്കിലും ഇപ്പോഴും ഞങ്ങള്‍ ഒത്തുകൂടുമ്പോള്‍ ഈ കാര്യം പറഞ്ഞു്‌ ഇഷ്ടനെ കളിയാക്കാറുണ്ടു്‌.

സംഭവം രസകരമായിരുന്നെങ്കിലും ഇതില്‍ തമാശയേക്കാള്‍ കൂടുതല്‍ നമ്മുടെ പാപ്പരത്തമാണു്‌ വെളിവാകുന്നതെന്നോര്‍ക്കുക! മലയാളിയാണെന്നു്‌ അഭിമാനിച്ചു് നടക്കുന്ന പുതിയ തലമുറയിലെ പലര്‍ക്കും ഇത്തരം അബദ്ധങ്ങള്‍ ഇനിയും വന്നുപെട്ടേക്കാം
സൂക്ഷിക്കുക!

8 comments:

  1. അതിനു്‌ പ്രത്യേക ട്രാന്‍സിലേഷന്‍ ഒന്നും വേണ്ടിവന്നില്ല! അയാള്‍ എന്താണു്‌ പറഞ്ഞതെന്നു്‌ തമിഴര്‍ക്കും നന്നായി മനസ്സിലായി ! ...
    a universal slaang kalakki...

    ReplyDelete
  2. മലയാളിക്കു മാത്രമേയുള്ളൂ മാതൃഭാഷയോടുള്ള ഈ അവജ്ഞ..!
    രസകരമായി എഴുതി ട്ടോ... പുതുതലമുറ അറിയേണ്ടത് തന്നെ.

    ReplyDelete
  3. സത്യമാണ്.. മലയാളം അറിയില്ല എന്നു പറയുന്നത് ഒരു ഫാഷാനായി മാറിയ ഒരു സമൂഹം ഇവിടെ വളർന്നുവരുന്ന്.സ്വന്തം വേരുകൾ അറിയാത്തവർ.

    ReplyDelete
  4. മലയാള മണ്ണില്‍ ജനിച്ചു വളര്‍ന്ന ഇന്നത്തെ കുട്ടികള്‍ക്കെ മലയാളം കുരച്ചു കുരച്ചേ.. അറിയൂ... പിന്നല്ലേ പാവം
    മറുനാടന്‍ മലയാളീ.... :)

    ReplyDelete
  5. കലി,
    അഭിപ്രായത്തിനു്‌ നന്ദി.

    കുഞ്ഞൂസിനു്‌,
    ശരിയാണു്‌ , മലയാളിക്കേ സ്വന്തം ഭാഷയോടു്‌ ഇത്ര അവജ്ഞയുള്ളൂ !

    പാവപ്പെട്ടവനു്,‌
    പലമാതൃഭാഷകളും അപ്രത്യക്ഷമായതായി കേള്‍ക്കുന്നു. ഒടുവില്‍ മലയാളത്തിനും ആ ഗതി ഉണ്ടാകാതിരിക്കാട്ടെ എന്നു്‌ നമുക്കു്‌ പ്രാര്‍ത്ഥിക്കാം..!

    ഗീതക്കു്,
    അതോര്‍ത്തു്‌ നമുക്കു്‌ സഹതപിക്കാം എന്നാല്ലാതെ എന്തു പറയാന്‍ !

    ശങ്കരനാരായണന്‍,
    നന്ദി.

    ReplyDelete
  6. നമ്മുടെ ഏതോ ഒരു ബ്ലോഗ്ഗര്‍ (പേര് ഓര്‍ക്കുന്നില്ല) ഇതുപോലെ ആരോടോ ബസ്സിന്റെ പേര് ചോദിച്ചപ്പോള്‍ കളിയാക്കിയതിനാല്‍ ആണ് മലയാളം പഠിച്ചത് എന്ന് വായിച്ചിരുന്നു .(പുള്ളിക്കാരന്‍ ജനിച്ചതും വളര്‍ന്നതും വിദേശത്തായിരുന്നു )

    ReplyDelete
  7. രഞ്ജിത്തു്,
    അഭിപ്രായം അറിയിച്ചതിനു്‌ നന്ദി !
    എന്തുചെയ്യാം രഞ്ജിത്തേ കളിയാക്കിയാലെ പലര്‍ക്കും മാതൃഭാഷ പഠിക്കാന്‍ തോന്നൂ..

    ReplyDelete