നൊമ്പരങ്ങളുടെ ഓര്‍മ്മകളുണര്‍ത്തി സുനാമിയുടെ വാര്‍ഷികം വീണ്ടുമെത്തുന്നു. എത്ര ജീവനുകളും വസ്തു വകകളും അതില്‍ നഷ്ടമായി എന്നതിനു് കണക്കില്ല... കൂട്ടത്തില്‍ ഒരു വിശ്വാസം തന്നെ സുനാമിയില്‍ ഒലിച്ചുപോയതിന്റെ കഥയാണിതു് ....
കഴിഞ്ഞകുറെ വര്‍ഷങ്ങളായി പരിചയമുള്ള ആളാണു് ജോണ്‍. തമിഴ് നാട്ടുകാരനാണെങ്കിലും ചെറിയ വെല്‍ഡിംഗ് പണികളുമായിട്ടാണു് ഇഷ്ടന്‍ നീലഗിരിയിലെത്തിയതു് . ഏതാണ്ടു് എണ്‍പതുകളുടെ അവസാനത്തോടെ ഒരുവലിയ ബില്‍ഡിങ്ങിന്റെ മുഴുവന്‍ വെല്‍ഡിംഗ് പണിയും കിട്ടിയതോടെ തരക്കേടില്ലാത്ത വരുമാനമായി. ആ കെട്ടിടത്തിന്റെ ജോലി തീര്‍ന്നപ്പോള്‍ ഉടമസ്ഥന്‍ അതിന്റെ സൈഡിലായി പണിതീര്‍ത്ത ചായിപ്പു് (ഇറക്കു്) ഇയാള്‍ക്കു് ഒരു കാന്റീന്‍ നടത്താനായി അനുവദിച്ചുകൊടുത്തു.
നാലു് നിലകളുള്ള ആ വലിയ കോംപ്ലക്സിന്റെ എല്ലാമുറികളും വാടകക്കാരെക്കൊണ്ടു് നിറഞ്ഞു.അതോടെ ജോണിന്റെ കാന്റീന്‍ വ്യാപാരവും പുഷ്ടിപ്രാപിച്ചു. നാള്‍ക്കുനാള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറി. പലതരം പലഹാരങ്ങളും പുതിയ ഐറ്റങ്ങളും ഉണ്ടാക്കി പരീക്ഷിച്ചു. നിന്നുതിരിയാന്‍ സമയമില്ലാതായി. ഇതോടൊപ്പം തന്റെ വെല്‍ഡിംഗ് പുരോഗമിച്ചു് ചെറിയ ബില്‍ഡിംഗ് കോണ്ട്രാക്റ്റുകളും എടുക്കാന്‍ തുടങ്ങി. അതോടെ കാന്റീനില്‍ ജോലിക്കു് ആള്‍ക്കാരെ വയ്ക്കുകയും വലിയ കോണ്ട്രാക്റ്റുകള്‍ എടുക്കാനും തുടങ്ങി. അങ്ങനെ സാമാന്യം നല്ലവരുമാനമുള്ള ഒരു മുതലാളിയായിത്തീര്‍ന്നു.വര്‍ഷങ്ങള്‍ പിന്നെയും പലതു് കടന്നു പോയി....
ആ ഡിസംബര്‍ 26നു ഞാന്‍ നാട്ടിലായിരുന്നു. ആയിരക്കണക്കിനു് മനുഷ്യരെ സുനാമിത്തിരമാലകള്‍ വിഴുങ്ങിയതു് അന്നായിരുന്നു.അന്നു് ഞാന്‍ കുടുബസമേതം ശംഖു് മുഖം ബീച്ചില്‍ ഒന്നുപോകാമെന്നു് പ്ലാനിട്ടതു് ടി.വി.യിലെ മുന്നറിയിപ്പുകാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഓരോ വാര്‍ത്താ ബുള്ളറ്റിനുകളിലും മരണസംഖ്യ കൂടിക്കൂടിവന്നതു് ഭീതിയോടെ ഇന്നും എല്ലാവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ! ആ സുനാമി വിഴുങ്ങിയ ജീവിതങ്ങളുടെ ശോകഛായ ലോകത്തെയാകമാനം ഗ്രസിച്ചിരുന്ന സമയത്താണു് ഞാന്‍ ഇങ്ങോട്ടു് തിരിച്ചു് പോന്നതു് . ഇവിടെ തിരിച്ചെത്തിയപ്പോഴാണു് കൂനൂരിലെ മലമുകളില്‍ നിന്നും പലരേയും സുനാമി അപഹരിച്ച കാര്യം അറിയുന്നതു്.
നമ്മുടെ ജോണിന്റെ കാന്റീന്‍ അടഞ്ഞുകിടക്കുന്നു. ദു:ഖാചരണത്തിന്റെ ഭാഗമായിരിക്കുമെന്നാണു് ആദ്യം കരുതിയതു് . ഞായറാഴ്ച്ചകളിലും ക്രിസ്തുമസ്സിനുമല്ലാതെ ഒരുദിവസം പോലുംഅടയ്ക്കാത്ത ജോണിന്റെ കാന്റീന്‍ എന്തേ തുറന്നില്ല ? സുനാമി വിഴുങ്ങിയ കൂട്ടത്തില്‍ ജോണിന്റെ മുതിര്‍ന്ന രണ്ടു മക്കളുമുണ്ടായിരുന്നെന്നു് ആരോപറഞ്ഞറിഞ്ഞു.
അടുത്ത ബന്ധുക്കളുടെയോ പരിചയക്കാരുടെയോ വേര്‍പാടു് കൂടുതല്‍ ദു:ഖമുണ്ടാക്കാറുണ്ടല്ലോ ! വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഞാന്‍ അയാളെ വീട്ടില്‍ ചെന്നു് കണ്ടു. ധീരനും ഒരു മയവുമില്ലാതെ ആരോടും പെരുമാറുകയും ചെയ്തിരുന്ന ജോണ്‍ ഒരു നോക്കുകുത്തിയെപ്പോലെ അലസനായി ഒന്നിനും താല്പര്യമില്ലാത്ത വ്യക്തിയായി കട്ടിലില്‍ ചടഞ്ഞു് കൂടിയിരിക്കുന്നു . നീരുവന്നു് വീര്‍ത്ത മുഖത്തു് അങ്ങിങ്ങു് ഉരഞ്ഞ പാടുകള്‍ ! പൊട്ടിക്കരഞ്ഞുകൊണ്ടു് ജോണ്‍ പറഞ്ഞു.
"ഞാന്‍ ഉണ്ടാക്കിയതെല്ലാം വെറുതേ ആയതുപോലെ തോന്നുന്നു സാറേ ! എന്റെ രണ്ടു് മക്കളെ തിരമാലകള്‍ കൊണ്ടുപോയി. വിശ്വസിക്കാനാവാത്ത ആ അപ്രിയ സത്യം മനസ്സിലേറ്റി രണ്ടു് മൂന്നു് ദിവസം കടല്‍ക്കരയില്‍ അലഞ്ഞു നടന്നു. മക്കളുടെ ജഡം പോലും കണ്ടെത്തനായില്ല. പ്ലസ് ടൂ കഴിഞ്ഞിട്ടു് ഡിഗ്രിക്കു് ചേര്‍ന്നതായിരുന്നു മൂത്തവന്‍. അവന്‍ എനിക്കൊരു താങ്ങും തണലുമായിരുന്നു. അങ്ങോട്ടു് പോകുമ്പോള്‍ സ്വന്തം ജീപ്പു് അവന്‍ ഓടിച്ചു് നോക്കട്ടെ എന്നു് എന്നോടു് ചോദിച്ചു. വേണ്ടാ, തിരികെവരുമ്പോള്‍ അത്ര തിരക്കുകാണില്ല അപ്പോള്‍ നീ കുറേനേരം ഓടിച്ചോ എന്നും ഞാന്‍ അവനോടു് പറഞ്ഞു... ! " അയാളുടെ വാക്കുകള്‍ മുറിഞ്ഞു...
കഴിഞ്ഞ 23 വര്‍ഷങ്ങളായി മുടങ്ങാതെ ക്രിസ്തുമസ്സ് വെക്കേഷനു് വേളാങ്കണ്ണിയില്‍ പോകുന്ന കക്ഷിയായിരുന്നു ജോണ്‍; തനിച്ചല്ല കുടുംബ സമേതം. ഇത്തവണ പോയപ്പോള്‍ പതിവായെടുക്കുന്ന ലോഡ് ജില്‍ ഭാര്യയേയും മകളേയും ഒരു മകനേയും ആക്കി മൂത്തമകനേയും മൂന്നാമത്തെ മകനേയുംകൂട്ടി രവിലെ കടല്‍ക്കരയിലേക്കു് പോയതാണു്.
അങ്ങു ദൂരെനിന്നും ആര്‍ത്തലച്ചു് തിരമാലകള്‍ ഇരമ്പിവരുന്നതു് അവര്‍ കണ്ടു. ഭീതിയോടെ മൂവരും പിന്‍തിരിഞ്ഞോടി. മക്കള്‍ കൈവിട്ടു് പോകുന്നതായി ജോണിനുതോന്നി ! എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം സംഭവിച്ചു കഴിഞ്ഞു. മണ്ണും ചെളിയും വീണുമൂടിയ ജോണ്‍ കണ്ണുതുറന്നപ്പോള്‍ ആരോ ഒന്നുരണ്ടു പേര്‍ചേര്‍ന്നു് തന്നെവലിച്ചു് റസ് ക്യൂ വാനിലേക്കു് എടുത്തിടുന്നതു് മാത്രമാണു് ഓര്‍മ്മയില്‍ വരുന്നതു്.കൈവിട്ടുപോയ തന്റെ മക്കളെ ഓര്‍ത്തു് വിലപിച്ചു് ഒരു വിധത്തില്‍ ജോണ്‍ ആ പരിസരമാകെ തിരഞ്ഞു. തന്നെപ്പോലെ മറ്റേതെങ്കിലും റസ് ക്യൂ വാനില്‍ അവരുണ്ടാകുമെന്നു് വെറുതെയെങ്കിലും ആശിച്ചു ! പക്ഷേ കണ്ടില്ല ! കടല്‍ക്കരയിലേക്കു് പോകാന്‍ ശ്രമിച്ചെങ്കിലും പോലീസും സുരക്ഷാസേനയും അതിനുസമ്മതിച്ചില്ല. എങ്കിലും രണ്ടാം ദിവസം അവരുടെ കണ്ണുവെട്ടിച്ചു് ജോണ്‍ അവിടെ പോയി തിരഞ്ഞുനോക്കി. മനുഷ്യരും മൃഗങ്ങളും മറ്റുജീവജാലങ്ങളും ചത്തഴുകിയ ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷമായതിനാല്‍ പകര്‍ച്ചവ്യാധി വരുമെന്നു പറഞ്ഞു് അധികനേരം അവിടെ നില്‍ക്കാനോ അന്വേഷിക്കാനോ അയാളെ പിന്‍തുടര്‍ന്ന പോലീസ് അനുവദിച്ചില്ല. ഒടുവില്‍ എല്ലാപ്രതീക്ഷയും അസ്തമിച്ചെന്നു് മനസ്സിലാക്കി തകര്‍ന്ന ഹൃദയവുമായി ശേഷിച്ച കുടുംബത്തോടൊപ്പം ജോണ്‍ തിരിച്ചെത്തി.അതു് കഴിഞ്ഞു് മൂന്നാലു് ദിവസം കഴിഞ്ഞാണു് ഞാന്‍ ആ വീട്ടില്‍ ചെന്നതും അയാളെ കണ്ടതും.
കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ ! മറ്റെല്ലാവരേയുംപോലെ കാലക്രമേണ ജോണും ഉന്മേഷവാനായി ജിവിതത്തിലേക്കു് തിരിച്ചുവന്നു. ഇതിനകം സഹചര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടു. വലിയ ബില്‍ഡിംഗ് കോണ്‍ണ്ട്രാക്റ്ററായി. പുതിയ പുതിയ കരാറുകള്‍ കിട്ടി. ഇയ്യിടെ യാദൃശ്ചികമായി ജോണിനെ കണ്ടു. കുറെനേരം സംസരിച്ചു . പലലോഹ്യങ്ങളും അന്വേഷിച്ചകൂട്ടത്തില്‍ വേളാങ്കണ്ണിക്കു് ഇപ്പോഴും പോകാറുണ്ടോ എന്നു് ഞാന്‍ ചോദിച്ചു.
"ഇല്ല!" ദൃഢസ്വരത്തില്‍ അയാള്‍ പറഞ്ഞു .
" കഴിഞ്ഞ് 23 വര്‍ഷം മുടങ്ങാതെ ഞാന്‍ അവിടെപ്പോയിരുന്നു. ആദ്യമൊക്കെ വലിയ കഷ്ടത്തിലായിരുന്നു, എങ്കിലും എത്ര കഷ്ട നഷ്ടങ്ങള്‍ സഹിച്ചായാലും ഞാന്‍ അതു് മുടക്കാറില്ലായിരുന്നു.. അങ്ങനെയുള്ള ഒരു വിശ്വാസിയെ (ഭക്തനെ) രക്ഷിക്കാന്‍ കഴിയാത്ത ദൈവത്തിന്റെ അടുത്തേക്കു് ഞാന്‍ എന്തിനു് പോകണം ? ഇല്ല, ഇനി ഒരിക്കലും ഞാന്‍ അങ്ങോട്ടു് പോകില്ല...! " അതുപറയുമ്പോള്‍ അയാളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു..!
" കഴിഞ്ഞ് 23 വര്‍ഷം മുടങ്ങാതെ ഞാന്‍ അവിടെപ്പോയിരുന്നു. ആദ്യമൊക്കെ വലിയ കഷ്ടത്തിലായിരുന്നു, എങ്കിലും എത്ര കഷ്ട നഷ്ടങ്ങള്‍ സഹിച്ചായാലും ഞാന്‍ അതു് മുടക്കാറില്ലായിരുന്നു.. അങ്ങനെയുള്ള ഒരു വിശ്വാസിയെ (ഭക്തനെ) രക്ഷിക്കാന്‍ കഴിയാത്ത ദൈവത്തിന്റെ അടുത്തേക്കു് ഞാന്‍ എന്തിനു് പോകണം ? ഇല്ല, ഇനി ഒരിക്കലും ഞാന്‍ അങ്ങോട്ടു് പോകില്ല...! "
ReplyDeleteഇതെത്ര പേരു തിരിച്ചറിയും?
മാഷെ,
എഴുത്ത് ഇപ്പോഴാ കാണുന്നത്, ഫോട്ടോകൾ മാത്രമെ കണ്ടിരുന്നുള്ളൂ.
അനില്‍@ബ്ലോഗ്,
ReplyDeleteശരിയാണു് തിരിച്ചറിയുന്നവര്‍ചുരുക്കം.. അനുഭവമാകുമ്പോള്‍ താനെ പഠിച്ചുകൊള്ളും...
പ്രതികരിച്ചതിനു് വളരെ നന്ദി.
എഴുത്ത് വളരെ മനോഹരം
ReplyDelete